കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായിരുന്നു. ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍ കീപ്പറായിരുന്നു.
നാലു വര്‍ഷമായി അര്‍ബുദ ബാധിതയായിരുന്നു.
നാലു വര്‍ഷം കേരളാ ടീമിന്റെ ഗോള്‍കീപ്പര്‍, രണ്ടു വര്‍ഷം കോച്ച്, ഇപ്പോള്‍ പതിനഞ്ചു വര്‍ഷത്തോളം കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഫുട്‌ബോള്‍ കോച്ച് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നടക്കാവ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കായികരംഗത്തെത്തുന്നത്. തുടക്കം ഹാന്‍ഡ്ബോളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും മാറ്റുരച്ചു. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാന ചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാം സ്ഥാനം, ഹാന്‍ഡ്‌ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിവയായിരുന്നു ഫൗസിയയുടെ കായിക രംഗത്തെ പ്രകടനങ്ങള്‍.
2003ല്‍ കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റ വര്‍ഷം തന്നെ കേരളാടീമിലേക്ക് ജില്ലയില്‍ നിന്ന് നാലു പേരെയാണ് ഫൗസിയ നല്‍കിയത്.
കാന്‍സര്‍ ചികിത്സക്കിടയിലും ഫൗസിയ ഫുട്‌ബോള്‍ പരിശീലനവുമായി മുന്നിട്ടിറങ്ങിയിരുന്നു. ദേശീയ താരം ടി.നിഖില ഉള്‍പ്പെടെ നിരവധി പേര്‍ ഫൗസിയയുടെ ശിക്ഷണത്തില്‍ ഫുട്‌ബോള്‍ കളങ്ങളില്‍ മികവു തെളിയിച്ചവരാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Football coach Fouzia Mampetta dies