| Wednesday, 1st March 2023, 6:02 pm

ബാലൻ ഡി ഓറിലൊന്നും ഒരു കാര്യവുമില്ല; അത് കൊണ്ടാണ് ഞാൻ മെസിക്കും റൊണാൾഡോക്കും വോട്ട് ചെയ്യാത്തത്; സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഇത്തവണ അർജന്റീനയുടെ ജൈത്രയാത്രയായിരുന്നു പുരസ്കാര ചടങ്ങിൽ ഉണ്ടായിരുന്നത്.

മികച്ച പുരുഷ താരം, പുരുഷഗോൾ കീപ്പർ, പുരുഷ ടീം പരിശീലകൻ, മികച്ച ഫുട്ബോൾ ആരാധകകൂട്ടം തുടങ്ങിയ പുരസ്കാരങ്ങളെല്ലാം അർജന്റീനയിലേക്കാണെത്തിയത്.

എന്നാലിപ്പോൾ ഫുട്ബോൾ പുരസ്കാരങ്ങളിലൊന്നും വലിയ കാര്യമില്ലെന്നും അത് കൊണ്ടാണ് താൻ മെസിക്കും റൊണാൾഡോക്കുമൊന്നും വോട്ട് ചെയ്യാത്തതെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഇക്വറ്റോറിയൽ ഗിനിയയുടെ ക്യാപ്റ്റനായിരുന്ന ജുവന്റൽ എഡ്‌ജോഗൊ.

2013 ബാലൻ ഡി ഓർ പുരസ്കാരത്തെക്കുറിച്ചി സംസാരിക്കവെയായിരുന്നു എഡ്‌ജോഗൊയുടെ പ്രസ്താവന. കൂടാതെ അദ്ദേഹത്തിന്റെ വോട്ട് 2013ലെ ബാലൻ ഡി ഓർ പുരസ്കാരത്തെ സ്വാധീനിച്ചേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2013ൽ റൊണാൾഡോയായിരുന്നു ബാലൻ ഡി ഓർ പുരസ്കാരം നേടിയത്. മെസി രണ്ടാമതും ഫ്രാങ്ക്  റിബറി മൂന്നാം സ്ഥാനത്തുമാണ് എത്തിയിരുന്നത്.

“ഫുട്ബോളിലെ പുരസ്കാരങ്ങളിലൊന്നും വലിയ കാര്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. 2013ലെ ബാലൻ ഡി ഓറിൽ ഞാൻ മൂന്ന് താരങ്ങൾക്ക് വോട്ട് ചെയ്തിരുന്നു. എന്നാൽ ആര് ആർക്കൊക്കെ വോട്ട് ചെയ്തു എന്ന പട്ടിക പുറത്തിറങ്ങിയപ്പോൾ യഥാർത്ഥത്തിൽ ഞാൻ വോട്ട് ചെയ്തവരുടെ പേരുകളല്ല അതിൽ ഉണ്ടായിരുന്നത്.

ഞാൻ മെസിക്കും റൊണാൾഡോക്കും വേറെ ആർക്കോ വോട്ട് ചെയ്തുവെന്നാണ് പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ സത്യത്തിൽ ഞാൻ അവർക്കൊന്നുമല്ല വോട്ട് ചെയ്തത്. അത്കൊണ്ടാണ് ഞാൻ പറയുന്നത് ഈ പുരസ്‌കാരങ്ങളിലൊന്നും ഒരു കാര്യവുമില്ല. അതിനൊന്നും ഒരു വിലയുമില്ല,’ ജുവന്റൽ എഡ്‌ജോഗൊ പറഞ്ഞു.

അതേസമയം റൊണാൾഡോക്ക് അഞ്ചും മെസിക്ക് ഏഴും ബാലൻ ഡി ഓർ പുരസ്കാരമാണ് ലഭിച്ചിട്ടുള്ളത്. 2023ലെ ബാലൻ ഡി ഓർ പുരസ്കാരത്തിനുള്ള സാധ്യതാ പട്ടികയിലും മെസി മുൻപന്തിയിൽ തന്നെയുണ്ട്.

ഇത്തവണ മെസിയും എംബാപ്പെയും തമ്മിലായിരിക്കും ബാലൻ ഡി ഓറിന് വേണ്ടി മത്സര രംഗത്തുണ്ടാവുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Content Highlights:football awards have no value said Juvenal Edjogo

We use cookies to give you the best possible experience. Learn more