| Sunday, 10th June 2018, 8:02 pm

ഫുട്ബോൾ മാത്രല്ല എല്ലാ കളികളും നിങ്ങടേതാണ്...

ഹൈറുന്നീസ പി

അതെ ഫുട്ബോള് മാത്രല്ല എല്ലാ കളികളും നിങ്ങടേതാണ്… നിങ്ങള് മഴവെള്ളത്തില് പന്തു തട്ടിപ്പായുമ്പോ ഞങ്ങള് വരമ്പത്തുകൂടി തല താഴ്ത്തിപ്പോകായിര്ന്നു.

സ്കൂള് വിട്ട് വരുമ്പോ കളി നടക്കുന്ന പാടത്തൂടി പാട്ടും പാടിപ്പോരും. ആവേശം കാണാന്‍ വരമ്പത്തുകൂടിയുള്ള നടപ്പ് ഒന്ന് മെല്ലെയാക്കും. അപ്പോ അവര് കളിയും മെല്ലെയാക്കും. നമ്മടെ മേല് പന്ത് കൊള്ളാന്‍ പാടില്ലല്ലോ… അപ്പോ അക്കളിയുടെ കടിഞ്ഞാണെന്റെ കാലിലാകും. ഞാന്‍ നടന്നുപോകുംതോറും പിന്നില് മേളം കൂടും.

ഒരു കാലം തൊട്ട് വേറൊരു കാലം വരെ ഫുട്ബോളാരാധികയായിരുന്നു. വാപ്പ പ്ലെയറായിരുന്നു. സെവന്‍സുകളുടെ കാലത്തെ വില്ലന്‍. ഗ്രൗണ്ടില് വച്ച് പരിക്ക് പറ്റിക്കേറിയതാ. പിന്നെ റഫറിയായി.

നാട്ടുമ്പൊറങ്ങളില്‍ തല്ല് ഒറപ്പുള്ള കളികളിലൊക്കെ വിസിലുമായിട്ട് വാപ്പ എറങ്ങും. ആ വിസിലടിയെ ചോദ്യം ചെയ്യാന്‍ നല്ല ചങ്കൂറ്റം വേണം ന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഒരിക്കലേ ഞാന്‍ ഗാലറിയിലിരുന്ന് വാപ്പായെ ഗ്രൗണ്ടില്‍ കണ്ടിട്ടുള്ളൂ. ഇപ്പഴും നേരെ ഓര്‍മ വര്ണില്ല. ആ ആരവം മാത്രം ഉള്ളിലുണ്ട്.

ആഘോഷമായിട്ട് രണ്ട് ലോക കപ്പേ കണ്ടിട്ടുള്ളൂ. പിന്നെ ക്ലബ് കളികള്. സന്തോഷ് ട്രോഫി ഒക്കെ കാണും. കളീടെ ഒരുവിധം നിയമങ്ങളൊക്കെ അറിഞ്ഞിരുന്നു. ടീവീല് കളി കാണുമ്പോ അതിലൊരു ഫൗള് നടന്നാ വാപ്പ ഇവിടെയിരുന്ന് വിസിലടിക്കും. യെല്ലോ കാര്‍ഡ് പൊക്കും.

അര്‍ജന്റീന, ബ്രസീല്, ഇംഗ്ലണ്ട്, ജര്‍മ്മനി, സ്പെയിന്‍, ഫ്രാന്‍സ്…. എല്ലാ കളീം കാണും. കളിക്കാരുടെ അഴകിനെപ്പറ്റി വാപ്പ വര്‍ണ്ണിക്കും. ഘാന, ജമൈക്കന്‍ താരങ്ങളുടെ കരുത്ത്…. സ്റ്റാമിന…. ഇതൊക്കെയിരുന്ന് ഭാവത്തോടെ പറയും.

ഹാഫ് ടൈമിന് മുമ്പേ ഗോളുകളടിച്ച് ജയത്തിലേക്ക് നീങ്ങുന്ന ടീമിനെ വിമര്‍ശിക്കല്‍ വാപ്പാടെ പതിവായിരുന്നു. മനക്കരുത്തിനെ വെല്ലുവിളിച്ച് പതറാതെ നീങ്ങുന്നവന് അതുതന്നെയാണ് വിജയം എന്നൊക്കെ താത്വികമായി പറയും.

പെനല്‍റ്റികളൊക്കെ ചങ്കിടിപ്പോടെ നോക്കും. ഓരോ കിക്കിന്റെയും ആങ്കിള് പറയും. ഗോളിയെ ഞെട്ടിക്കൂന്ന ഷൂട്ടുകള് കാണുമ്പോ കൂവിവിളിക്കും. ഒരിക്കലും കസേര വിട്ട് ആവേശം കാണിക്കില്ല. സിദാന്‍ -മറ്റൊരാസി ഇടി നടന്നപ്പോ മാത്രം കസേര വിട്ടെണീറ്റ് നിന്നു. സിദാന്റെ വിടവാങ്ങല്‍ ചരിത്രം അങ്ങനെ രേഖപ്പെടുത്തുമെന്നു പറഞ്ഞ് കണ്ഠമിടറി. ഹോ…….

സിദാന്റെ ഫുള്‍ സൈസ് ഫോട്ടോ റൂമിലെ ചൊമരിലൊട്ടിച്ചു വച്ചിരുന്നു. എനിക്ക് കാണാന്‍ എന്റെ റൂമില് കക്കയുടെ ഒരു പടവും.

സ്വന്തം ടീം തോറ്റു കേറുമ്പഴും അപ്രതീക്ഷിതമായി അടിച്ചുകയറിയ എതിര്‍ടീമിലെ താരങ്ങളെ വാപ്പ പുകഴ്ത്തും. ആ മനുഷ്യന് കളിയാണ് പ്രധാനം. ഒരു മിസ്പാസുണ്ടായാല്‍ മതി, നിരാശനാകും…. പ്രിയപ്പെട്ട കളിക്കാര്‍ ഫോമിലല്ലെങ്കില്‍ കോച്ചിനെ പോലെ സംസാരിക്കും. സബ്സ്റ്റിറ്റ്യൂഷനുള്ള നീക്കം പോലെ.

ഡിഫന്‍സിനെപ്പറ്റിയാണ് അധികവും പറയുക. പോസ്റ്റ് കാക്കാനുള്ള തന്ത്രങ്ങളെപ്പറ്റിയും. ഒറ്റക്ക് പന്ത് തട്ടി പോസ്റ്റ് വരെ കൊണ്ടുവന്ന് കേറ്റുന്ന കുഞ്ഞീഞ്ഞോയുടെ കുസൃതി കാണുമ്പോ കുട്ടികളെപ്പോലെ ചിരിക്കും.

മിക്ക ടീമിലും ഇഷ്ടമുള്ള കളിക്കാരുണ്ടാകും. (പേരൊന്നും ഓര്‍മ കിട്ടുന്നേയില്ല) അപ്പോ എല്ലാ കളീം കാണും. എന്നാലും ചെലപ്പോ നായകമ്മാരെക്കാള്‍ ഇഷ്ടം വില്ലന്മാരോട് തോന്നും. ബ്രസീല്‍ താരമായിരുന്ന ഫിലിപ് ഇ മെല്ലോയോട് എനിക്കങ്ങനത്തെ ഒരുതരം ആരാധന തോന്നിയിരുന്നൂ. വെറ്തേ. റെഡ് കാര്‍ഡ് കണ്ട് അമര്‍ഷത്തോടെയും നിരാശയോടെയും കേറിപ്പോകുന്ന മെല്ലോ .

പ്ലസ് ടൂ കഴിഞ്ഞ കാത്ത് സന്തോഷ് ട്രോഫി താരം റാഫിയെ കല്യാണം കഴിക്കണമെന്ന ആവശ്യവുമായി എടക്കിടെ ഞാന്‍ വാപ്പായെ സമീപിക്കും. ആ… ഉം…. ന്നൊക്കെ പ്പറഞ്ഞ് വാപ്പ തടി കയിച്ചിലാക്കും.

വാപ്പ എപ്പോഴെങ്കിലും ഓര്‍ത്തുകാണും ഞാനൊരു ആങ്കുട്ടി ആയിരുന്നെങ്കിയെന്ന്. വഴക്കുണ്ടാകുമ്പോ അങ്ങനെന്തൊക്കെയോ ഉള്ളിലുള്ള പോലെ വല്ലതും പറയും. വാപ്പാക്ക് പേടിയായിരുന്നു. എല്ലാവരെയും പോലെ എല്ലാവരെയും പേടിച്ച് എല്ലാക്കാലവും ഞങ്ങളെ ജീവീപ്പിച്ചു.

വാപ്പ ഇതുവരെ മനസുകൊണ്ട് ഗ്രൗണ്ടില്‍ നിന്ന് കേറിയിട്ടില്ല. ബൂട്ടഴിച്ചിട്ടില്ല. 25 വയസ് കഴിഞ്ഞിട്ടില്ല.

ഓര്‍ക്കുമ്പോ എനിക്ക് ജീവിതം ആരോ തട്ടിപ്പറിച്ച പോലെ തോന്നും. ഒരര്‍ത്ഥവും ഇല്ല ആ തോന്നലില്‍ എന്നാലും… എനിക്ക് മുമ്പും പിന്നെയും അതേ വരമ്പിലൂടെ തല താഴ്ത്തി നടന്നവര്‍.

പേടിപ്പിച്ച് കൂട്ടില്‍ക്കയറ്റി കുറ്റിയിടാന്‍ പഠിപ്പിക്കുന്ന കാലത്ത് കുഴിച്ചിട്ട പല പല ആവേശങ്ങളിലൊന്നായി കളിയും.

ഇപ്പോ എനിക്കൊന്നും അറീല.  സുഖം സമാധാനം. ആരും ടീമും ചോദിച്ചീ വരമ്പ് വഴി വരണ്ട.

ഒരു പഴയ ടീവി വാങ്ങണംന്ന് ആഗ്രഹം തോന്നാ , നിത്യം റെഡ്കാര്‍ഡ് കണ്ട് പൊറത്താകുന്ന എന്നെപ്പോലെയുള്ളവരുടെ ആവേശം ഇതൊക്കെയാണല്ലോ…….. 

ഹൈറുന്നീസ പി

We use cookies to give you the best possible experience. Learn more