ടെഹ്‌റാന്‍: ശിരോവസ്ത്രം ധരിക്കാത്തത് ചോദ്യം ചെയ്തുകൊണ്ട് യുവതിയെ ബസില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്ത്. ഇറാനിലാണ് സദാചാര പൊലീസിംഗ് ഉദ്യോഗസ്ഥ, യുവതിയെ ബസില്‍ നിന്ന് പുറത്താക്കാനും അറസ്റ്റ് ചെയ്യാനും ശ്രമിച്ചത്.
ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മാസിഹ് അലിനെജാദ് ആണ് വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.
യുവതിയെ ബസില്‍ നിന്നും തള്ളിയിടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥയെ മറ്റ് യാത്രക്കാര്‍ തടയുന്നതായും വീഡിയോയില്‍ കാണാം. പിന്നീട് ഉദ്യോഗസ്ഥയെ ബസില്‍ നിന്നും പുറത്താക്കുകയായിരുന്നു.
”സത്യസന്ധമായി പറയൂ. ഹിജാബ് അഴിക്കാന്‍ പറഞ്ഞ് ഒരു മുസ്‌ലിം സ്ത്രീയെയാണ് ഇങ്ങനെ ആക്രമിച്ചിരുന്നതെങ്കില്‍ അന്താരാഷ്ട്ര സമൂഹം എങ്ങനെ പ്രതികരിക്കുമായിരുന്നു?
ഇറാനിയന്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കപ്പെടുന്നത് എന്തുകൊണ്ടാണ് സാധാരണവല്‍ക്കരിക്കുന്നത്? എന്തുകൊണ്ടാണ് പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ള രാഷ്ട്രീയക്കാര്‍ നിര്‍ബന്ധിത ഹിജാബ് ധരിക്കലിനെ അനുസരിക്കുന്നത്?” വീഡിയോ പങ്കുവെച്ച് അലിനെജാദ് ട്വീറ്റ് ചെയ്തു.
വീഡിയോയില്‍ കണ്ടത് പോലുള്ള സംഭവങ്ങള്‍ ഇറാനിലെ സ്ത്രീകള്‍ക്ക് ദിവസേന നേരിടേണ്ടി വരുന്ന പ്രതിസന്ധിയാണെന്നും കഴിഞ്ഞ വര്‍ഷം ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ 7000 അണ്ടര്‍കവര്‍ സദാചാര പൊലീസ് ഉദ്യോഗസ്ഥരെയാണ് പുതുതായി നിയമിച്ചതെന്നും അലിനെജാദ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
ഇറാനില്‍ എവിടെ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.
ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുള്ള രാജ്യമാണ് ഇറാന്‍. മുന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഭരണത്തിന് കീഴില്‍ പല കര്‍ശന നിയമങ്ങളിലും ഇളവുകള്‍ കൊണ്ടുവന്നിരുന്നെങ്കിലും ഇബ്രാഹിം റഈസിയുടെ ഭരണത്തിന് കീഴില്‍ നിയമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുന്ന അവസ്ഥയാണുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Footage shows Iranian morality officer trying to attack a woman who didn’t wear hijab