യു.പിയില്‍ മുസ്‌ലിം ബാലനോട് അധ്യാപകയുടെ വിദ്വേഷം; എണീറ്റ് നിര്‍ത്തിച്ച് സഹപാഠികളെക്കൊണ്ട് മുഖത്ത് അടിപ്പിക്കുന്നു; വീഡിയോ
ലഖ്നൗ: യു.പിയില്‍ എട്ട് വയസുള്ള മുസ്‌ലിം വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന അധ്യപികയുടെ ദൃശ്യങ്ങള്‍ പുറത്ത്. എട്ട് വയസുകാരനായ വിദ്യാര്‍ത്ഥിയെ ക്ലാസില്‍ എണീറ്റ് നിര്‍ത്തിപ്പിക്കുകയും ബാക്കിയുള്ള കുട്ടികളോട് മുഖത്ത് അടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്
ത്രിപ്ത ത്യാഗി എന്ന അധ്യാപികയയാണ് ഈ ഹേറ്റ് ക്രൈമിന് പിന്നിലെന്നും
മുസഫര്‍നഗര്‍ ജില്ലയില്‍ മന്‍സൂര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം നടന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധ്യാപികയുടെ നിര്‍ദേശപ്രകാരം മുസ്‌ലിം വിദ്യാര്‍ത്ഥിയുടെ മുഖത്ത് ഓരോരുത്തരായി വന്ന് മുഖത്ത് അടിക്കുന്നതും, കൂട്ടുകാരനെ അടിക്കുമ്പോള്‍ മനസുനൊന്ത വിദ്യാര്‍ത്ഥികളെ അധ്യാപിക ശകാരിച്ചു ഭയപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.
അക്രമത്തിനിരയായി കുട്ടി മുസ്‌ലിം മത വിഭാഗത്തില്‍പ്പെട്ട ക്ലാസിലെ ഏക വിദ്യാര്‍ത്ഥിയാണെന്നും റിപ്പോര്‍ട്ടില്‍ പറയന്നു. താന്‍ എല്ലാ മുസ്‌ലിം കുട്ടികളെയും അടിക്കുമെന്ന് അധ്യാപിക പറയുന്നതും പുറത്തുവന്ന വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ പകര്‍ത്തിയയാള്‍ സംഭവത്തില്‍ ആനന്ദിക്കുന്നതും അധ്യാപികയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
വിഷയത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി മുസഫര്‍നഗര്‍ പൊലീസ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവത്തിന്റെ വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. വലിയ വിമര്‍ശനമാണ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. കുഞ്ഞുങ്ങളെ പോലും വെറുക്കാന്‍ പഠിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയ എത്ര അപകടമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് വന്ന ഒരു കമന്റ്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ അധ്യാപിക ക്ഷമാപണം നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Content Highlight: Footage of teacher brutally harassing eight-year-old Muslim student in U.P