വീഡിയോ റെക്കോര്‍ഡിങ്ങുകളിലൂടെ കഥ കാണിക്കുന്ന ഴോണറാണ് ഫൗണ്ട് ഫൂട്ടേജ്. ലോകസിനിമയില്‍ ഈ ഴോണറിലുള്ള ഹൊറര്‍ സിനിമകള്‍ ധാരാളം വന്നിട്ടുണ്ട്. ഇന്ത്യയില്‍ ഈ ഴോണറില്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. മലയാളത്തില്‍ ഇത്തരത്തില്‍ വന്ന ആദ്യ ചിത്രമാണ് ഫൂട്ടേജ്. മായാനദി, വൈറസ്, കുമ്പളങ്ങി നൈറ്റ്‌സ്, അഞ്ചാം പാതിര എന്നീ സിനിമകളുടെ എഡിറ്ററായ സൈജു ശ്രീധറാണ് ഫൂട്ടേജിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
വിശാഖ് നായര്‍, ഗായത്രി അശോക്, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രണ്ട് യൂട്യൂബ് വ്‌ളോഗര്‍മാരുടെ കഥയാണ് പറയുന്നത്. ചുറ്റുമുള്ളവരെ സദാസമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അവര്‍ ഒരു രാത്രിയില്‍ നേരിടേണ്ടി വന്ന പ്രശ്‌നത്തെയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങള്‍ക്കൊന്നും പേരില്ലാത്തതും, ഫൗണ്ട് ഫൂട്ടേജ് രീതിയില്‍ ചിത്രീകരിച്ചതും പുതുമയായി തോന്നി. എന്നാല്‍ ഈയൊരു കാര്യം മാത്രമേ പുതുമയായി തോന്നിയുള്ളൂ എന്നതാണ് സത്യം.
സദാസമയം പുരോഗമനം പറയുന്ന, അന്യന്റെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ ക്യാമറാക്കണ്ണുകള്‍ നീട്ടുന്ന വ്‌ളോഗര്‍മാരുടെ കഥാപാത്രസൃഷ്ടി കണ്ട് എന്തോന്നിത് എന്ന് തോന്നിപ്പോയി. എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന് സിനിമ തീര്‍ന്നുകഴിഞ്ഞാലും പ്രേക്ഷകന് മനസിലാകാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ നല്ല രീതിയില്‍ ശ്രമിച്ചിട്ടുണ്ട്.
ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ വിഖ്യാത ചിത്രം റിയര്‍ വിന്‍ഡോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് സിനിമയുടെ പ്രധാന തീം സൃഷ്ടിച്ചത്. റിയര്‍ വിന്‍ഡോയില്‍ ജനാലയിലൂടെ കാണുന്ന കാഴ്ചയാണെങ്കില്‍ ഫൂട്ടേജിലെത്തുമ്പോള്‍ ബാല്‍ക്കണിയിലൂടെ കാണുന്ന കാഴ്ചക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ നായികാനായകന്മാരുടെ റൊമാന്റിക് സംഭാഷണം വലിയ രീതിയില്‍ കല്ലുകടിയായി അനുഭവപ്പെട്ടു.
ഛായാഗ്രഹണം, എഡിറ്റിങ്, ആര്‍ട്ട് ഡയറക്ഷന്‍ എന്നീ മേഖലകള്‍ മികച്ചുനിന്നു. സൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റും പ്രത്യേക കൈയടി അര്‍ഹിക്കുന്നുണ്ട്. രണ്ടാം പകുതിയില്‍ കാണിക്കുന്ന കപ്പലിലെ സീനും അതിന് മുമ്പ് വെള്ളത്തില്‍ വെച്ചുള്ള സീനിലും സൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് നന്നായി പണിയെടുത്തത് അറിയുന്നുണ്ട്. കാടിന്റെ വന്യതയുടെ നടുവില്‍ കാണുന്ന കപ്പല്‍ കൗതുകകരമായി അനുഭവപ്പെട്ടു.
പക്ഷേ ശക്തമായ തിരക്കഥയുടെ അഭാവം സിനിമയിലുടനീളം കാണാന്‍ പറ്റുന്നുണ്ട്. ആ ഒരു മേഖല കൂടി മികച്ചതാക്കിയിരുന്നെങ്കില്‍ ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായി ഫൂട്ടേജ് മാറിയേനെ. വ്യത്യസ്തമായ ശ്രമം എന്ന രീതിയില്‍ ഫൂട്ടേജിനെ സമീപിക്കുമ്പോഴും പ്രേക്ഷകനെ കണക്ടാക്കാന്‍ സിനിമക്ക് സാധിക്കാത്തത് തിരിച്ചടിയായി മാറി.
Content Highlight: Footage movie review