ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ദളിത് യുവാവിനെ കൊണ്ട് ലൈന്‍ മാന്‍ കാല് നക്കിച്ച വീഡിയോ പുറത്ത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാഹ്ഗഞ്ച് പ്രദേശത്ത് ലൈന്‍മാനായി ജോലി ചെയ്യുന്ന തേജ്ബലി സിങ് പട്ടേലിനെയാണ് ഷാഹ്ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ദളിത് യുവാവായ രാജേന്ദ്ര ചമറിന്റെ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. എന്നാല്‍ വീഡിയോ പ്രചരിച്ചത് ശനിയാഴ്ചയായിരുന്നു. ഒരു വീഡിയോയില്‍ ഇല്കട്രിസിറ്റിി ഉദ്യോഗസ്ഥന്‍ രാജേന്ദ്ര ചമറിനെ ക്രൂരമായി മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് കാണാം. മറ്റൊരു യുവാവിനോട് വീഡിയോ പിടിക്കാനും അത് ഗ്രൂപ്പുകളിലേക്ക് അയക്കാനും ആവശ്യപ്പെടുന്നുണ്ട്. രണ്ടാമത്തെ വീഡിയോയില്‍ ഷൂ നക്കുന്നതും ചെവിയില്‍ പിടിച്ച് മാപ്പ് പറയുന്നതും കാണാം.
‘ഞാന്‍ എന്റെ അമ്മാവന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. പവര്‍ വയറില്‍ എന്തോ പ്രശ്‌നമുണ്ടായത് നോക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ തേജ്പാല്‍ അങ്ങോട്ട് വരികയും വടി ഉപയോഗിച്ച് അക്രമിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നെ കൊണ്ട് അവന്റെ ഷൂ നക്കിച്ചു. രണ്ട് ദിവസം ഞാന്‍ ഇത് ആരോടും പറയാതിരുന്നു. എന്നാല്‍ ഞാന്‍ ഇപ്പോള്‍ കേസ് കൊടുത്തിരിക്കുകയാണ്,’ ചമര്‍ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി ലഭിച്ചിട്ടുണ്ടെന്ന് സോന്‍ഭോ സര്‍ക്കിള്‍ ഓഫീസര്‍ അമിത് കുമാറും പറഞ്ഞു.
‘ജൂലൈ എട്ടിന് സമൂഹ മാധ്യമങ്ങളിലൂടെ നമുക്ക് രണ്ട് വൈറല്‍ വീഡിയോ ലഭിച്ചു. വീഡിയോയിലെ ഒരാള്‍ തേജ്ബലിയാണെന്ന് തിരിച്ചറിഞ്ഞു. അയാള്‍ ചമറിനെ അക്രമിക്കാന്‍ തുടങ്ങി. ചെവി പിടിച്ച് അവനെ കൊണ്ട് ഷൂവും നക്കിച്ചു,’ അമിത് കുമാര്‍ പറഞ്ഞു.
ഐ.പി.സി സെഷന്‍ 323 (മുറിവേല്‍പ്പിക്കല്‍), 504 (പ്രോകോപന ഉദ്ദേശത്തോട് കൂടി അപമാനിക്കല്‍), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍), എസ്.സി-എസ്.ടി ആക്ട് എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ ഗ്വാളിയോറിലെ ദബ്റ സ്വദേശിയായ മുസ്‌ലിം യുവാവിനെ നാട്ടുകാരായ സംഘം വാഹനത്തില്‍ വെച്ച് കൂട്ടമായി മര്‍ദിക്കുന്നതും കാല്‍പാദം നക്കിക്കുന്നതുമായ വീഡിയോ പുറത്ത് വന്നിരുന്നു.
കാറിലുണ്ടായിരുന്ന ആളുകള്‍മുസ്ലിം യുവാവിന്റെ മുഖത്തും തലയിലും മര്‍ദിക്കുകയും ‘ഗോലു ഗുര്‍ജാര്‍ ബാപ് ഹെ’ എന്ന് പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിന് ശേഷം യുവാവിനെ കൊണ്ട് കാല്‍പാദം നക്കിക്കുന്നതും വീഡിയോയില്‍ കാണാം. അക്രമികളിലൊരാള്‍ യുവാവിനെ ചെരിപ്പ് കൊണ്ട് അടിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അക്രമിക്കപ്പെട്ട യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
content highlights: Foot licked by Dalit youth in Uttar Pradesh; Lineman arrested