'Abibas' ഇട്ട് സ്റ്റേഡിയത്തിലൂടെ കറക്കം; 'വ്യാജ നെയ്മര്‍ക്കൊപ്പം' സെല്‍ഫിയെടുത്ത് മലയാളി ആരാധകരും
Football
'Abibas' ഇട്ട് സ്റ്റേഡിയത്തിലൂടെ കറക്കം; 'വ്യാജ നെയ്മര്‍ക്കൊപ്പം' സെല്‍ഫിയെടുത്ത് മലയാളി ആരാധകരും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th November 2022, 4:34 pm

ഖത്തര്‍ ലോകകപ്പില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ മല്‍സരത്തിനിടെ ഗ്യാലറിയിലും ഗ്രൗണ്ടിലും കറങ്ങി നടക്കുന്ന നെയ്മറിന്റെ വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

പരിക്കേറ്റ് ബ്രസീലിനൊപ്പം മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതിരുന്ന നെയ്മര്‍ ഗ്യാലറിയില്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയും സെല്‍ഫിയെടുത്തും ആഘോഷിക്കുന്നതായാണ് വീഡിയോയിലുള്ളത്. എന്നാല്‍ പിന്നീടാണ് ആളുകള്‍ പറ്റിക്കപ്പെടുകയായിരുന്നെന്ന് തിരിച്ചറിഞ്ഞത്.


യഥാര്‍ത്ഥ നെയ്മര്‍ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. സ്വിറ്റ്സര്‍ലാന്‍ഡിനെതിരെ ബ്രസീലിന്റെ മത്സരം നടക്കുമ്പോള്‍ താരം താമസമുറിയില്‍ വിശ്രമത്തിലായിരുന്നു. തുടര്‍ന്നാണ് ഗ്യാലറിയില്‍ കറങ്ങി നടന്നത് നെയ്മറിന്റെ വ്യാജനാണെന്ന് മനസിലായത്. സംഭവം എന്തായാലും നിമിഷ നേരം കൊണ്ട് വൈറലായി.

മലയാളികളടക്കം നിരവധിയാരാധകരാണ് നെയ്മറിന്റെ വ്യാജനൊപ്പം നിന്ന് ഫോട്ടോയെടുത്തത്. ആവശ്യപ്പെടുന്നവര്‍ക്കെല്ലാം അയാള്‍ ഓട്ടോഗ്രാഫ് നല്‍കുന്നുമുണ്ട്. ആളുകളില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് സംഘാടകരെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് സെക്യൂരിറ്റിക്കാരെയും പറ്റിച്ചാണ് അയാള്‍ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിച്ചതെന്ന് മനിസിലായത്. സെക്യൂരിറ്റിക്കാര്‍ ഒറിജിനല്‍ നെയ്മറാണെന്ന് കരുതി വ്യാജനെ കളി നടക്കുന്ന ഗ്രൗണ്ടിലേക്ക് കടത്തി വിടുകയായിരുന്നു. സ്റ്റേഡിയത്തില്‍ കറങ്ങി നടന്ന വ്യാജന്‍ ഡ്രസിങ് റൂമിന്റെ പരിസരത്ത് എത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഒറ്റ നോട്ടത്തില്‍ ഒറിജിനല്‍ നെയ്മറാണെന്ന് തോന്നിപ്പിക്കും പോലെയാണ് വ്യാജന്റെ നടപ്പ്. നെയ്മറിന്റേത് പോലെ ടാറ്റുവും ശരീരത്തിലുണ്ട്. സാധാരണരക്കാരായ ആളുകളെ മാത്രമല്ല വ്യാജന്‍ പറ്റിച്ചത്. ഫോക്സ് സ്പോര്‍ട്സ് ചാനലിന്റെ കമന്ററി സംഘത്തില്‍ ഉള്ളവര്‍ പോലും വ്യാജനൊപ്പം സെല്‍ഫി എടുത്തിട്ടുണ്ട്.

അതേസമയം, വ്യാജനെ ഗ്രൗണ്ടില്‍ കയറ്റിയ സെക്യൂരിറ്റിക്കാര്‍ക്ക് പണി പോയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. വ്യാജനെ പിന്നെയാരും സ്റ്റേഡിയത്തില്‍ കണ്ടിട്ടില്ല. അയാളെ തേടിപ്പിടിക്കാനുള്ള അന്വേഷണത്തിലാണ് സംഘാടകര്‍.

Content Highlights: Fooled by fake Neymar at Qatar stadium during Switzerland match