ശുചിത്വം: നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് ഹോട്ടല്‍ ഉടമകള്‍
Kerala
ശുചിത്വം: നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് ഹോട്ടല്‍ ഉടമകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd August 2012, 1:07 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലെ ശുചിത്വം ഉറപ്പുവരുത്താനായി ഫുഡ് സേഫ്റ്റി വിഭാഗം മുന്നോട്ട് വെച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അംഗീകരിക്കാനാവുന്നതല്ലെന്ന് ഹോട്ടല്‍ ഉടമകള്‍. ഈ നിബന്ധനകള്‍ പലതും അശാസ്ത്രീയമാണെന്നും ഹോട്ടലുടമകള്‍ വ്യക്തമാക്കി. ഇതിനെതിരെ കോടതിയെ
സമീപിക്കാനൊരുങ്ങുകയാണ് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് മാനേജുമെന്റ് അസോസിയേഷന്‍. []

ഫുഡ് സേഫ്റ്റി വിഭാഗം മുപ്പതോളം മാനദണ്ഡങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഇവയില്‍ പലതും പ്രായോഗികമല്ലെന്നാണ് ഹോട്ടലുടമകള്‍ വാദിക്കുന്നത്.

കക്കൂസ്, കുളിമുറികള്‍ എന്നിവ അടുക്കളയില്‍ നിന്നും നിശ്ചിത അകലം സൂക്ഷിക്കണം, ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന വെള്ളം ലാബില്‍ പരിശോധിക്കണം, തൊഴിലാളികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉറപ്പുവരുത്തണം മുതലായ നിബന്ധനള്‍ പാലിക്കാനാവില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.

ഈ നിബന്ധനകളില്‍ ഇളവു നല്‍കുന്നില്ലെങ്കില്‍ കടുത്ത പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ വ്യക്തമാക്കി.

എന്നാല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്താനാവില്ലെന്ന് അധികൃതരും വ്യക്തമാക്കി. 822 ഹോട്ടലുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടന്നിരുന്നത്. ഇതില്‍ 46 ഹോട്ടലുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവും 436 ഹോട്ടലുകള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നല്‍കിയിരുന്നു.