കീടനാശിനി സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന വിവരാവകാശ രേഖകളുമായി അനുപമയ്‌ക്കെതിരെ കീടനാശിനി കമ്പനികളുടെ ക്യാമ്പയിന്‍
Daily News
കീടനാശിനി സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന വിവരാവകാശ രേഖകളുമായി അനുപമയ്‌ക്കെതിരെ കീടനാശിനി കമ്പനികളുടെ ക്യാമ്പയിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2016, 8:18 am

anupamaകൊച്ചി: സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി അനുപമയ്‌ക്കെതിരെ കീടനാശിനി കമ്പനികളുടെ പുതിയ ക്യാമ്പയിന്‍. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന പഴങ്ങളിലും പച്ചക്കറികളിലും അനുവദനീയമായതിന്റെ അഞ്ചുമുതല്‍ പത്തുമടങ്ങ് അളവില്‍ കീടനാശിനികളുടെ അവശിഷ്ടം അടങ്ങിയിട്ടുണ്ടെന്ന അനുപമയുടെ വാദം തെറ്റാണെന്നാണ് കീടനാശിനി കമ്പനികള്‍ പറയുന്നത്.

ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധിച്ച 233 സാമ്പിളുകളില്‍ ഒന്നിലും കീടനാശിനികളുടെ സാന്നിധ്യം അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി കീടനാശിനി കമ്പനികളുടെ കൂട്ടായ്മയായ ക്രോപ് കെയര്‍ ഫൗണ്ടേഷന്‍ അവകാശപ്പെടുന്നു. സര്‍ക്കാര്‍ ലാബുകളില്‍നിന്ന് ശേഖരിച്ച വിവരാവകാശ രേഖകള്‍ പുറത്തുവന്നതോടെ അനുപമ അവരുടെ ആരോപണങ്ങള്‍ വിഴുങ്ങാന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്നും ഫൗണ്ടേഷന്‍ വക്താവ് എന്‍. ഗണേശന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പഴങ്ങളിലും പച്ചക്കറികളും അനുവദനീയമായതിലുമധികം കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നത് പരിശോധനയില്‍ തെളിഞ്ഞ വസ്തുതയാണെന്നും ഇത് മറച്ചുപിടിക്കാന്‍ വളച്ചൊടിച്ച വ്യാഖ്യാനവുമായി ക്രോപ് കെയര്‍ ഫൗണ്ടേഷന്‍ രംഗത്തുവന്നതിനു പിന്നില്‍ കീടനാശിനി കമ്പനികളുടെ നിക്ഷിപ്ത താല്‍പര്യമാണെന്നുമാണ് അനുപമയുടെ പ്രതികരണം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലാബുകളില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനുള്ള സംവിധാനം കഴിഞ്ഞവര്‍ഷമാണ് നിലവില്‍ വന്നത്. അതുവരെ വെള്ളായണി കാര്‍ഷിക സര്‍വ്വകലാശാലയിലെ പരിശോധനാ സംവിധാനത്തെയാണ് ഇതിനായി ആശ്രയിച്ചിരുന്നതെന്നും അനുപമ പറയുന്നു.

സര്‍ക്കാര്‍ ലാബുകളില്‍ 2012 മുതല്‍ 2015 വരെ നടത്തിയ പരിശോധനകളുടെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ശേഖരിച്ചാണ് ക്രോപ് കെയര്‍ ഫൗണ്ടേഷന്‍ തനിക്കെതിരെ രംഗത്തുവന്നിരിക്കുന്നതെന്നാണ് അനുപമ പറയുന്നത്.

അനുവദനീയമായ അളവില്‍ കീടനാശിനിയുടെ സാന്നിധ്യം ഉണ്ടെന്നു തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പെറ്റിഷനില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് ക്രോപ് കെയര്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ അതു പരസ്യമാക്കാന്‍ തയ്യാറായില്ലെന്ന് ഫൗണ്ടേഷന്‍ വക്താവ് പറയുന്നു. ഈ സാഹചര്യത്തിലാണ് വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ശേഖരിച്ചതെന്നാണ് അവരുടെ വാദം.

എന്നാല്‍ പരിശോധനാ ഫലങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ തന്നെ ലഭ്യമായിരിക്കെ താന്‍ അത് കീടനാശിനി കമ്പനികള്‍ക്ക് നല്‍കേണ്ട ആവശ്യമില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ വാദം. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ കീടനാശിനി കമ്പനികള്‍ക്ക് എന്തധികാരമാണുള്ളതെന്നും അവര്‍ ചോദിക്കുന്നു.

ഫൗണ്ടേഷന്‍ നല്‍കിയ വക്കീല്‍ നോട്ടീസിന് മറുപടിയായി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിനുശേഷമാണ് അവര്‍ കോടതിയെ സമീപിച്ചത്. കോടതിയിലും താന്‍ ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.