ന്യൂദല്‍ഹി: ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുപ്പിവെള്ളത്തെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗമായി പ്രഖ്യാപിച്ച് എഫ്.എസ്.എസ്.എ.ഐ(ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ).
ന്യൂദല്‍ഹി: ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുപ്പിവെള്ളത്തെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗമായി പ്രഖ്യാപിച്ച് എഫ്.എസ്.എസ്.എ.ഐ(ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ).
ഉത്പന്നത്തിന്റെ മോശം പാക്കേജിങ്, ഉയര്‍ന്ന മലിനീകരണതോത്, മോശം സ്‌റ്റോറേജിങ്, കൈകാര്യം ചെയ്യുന്നതിലെ അലംഭാവം എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ഉത്പ്പന്നങ്ങളെയാണ് ഹൈ റിസ്‌ക് ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.
കുപ്പിവെള്ളത്തിന് പുറമെ പച്ച മാംസം, മത്സ്യം. പാല്‍ ഉത്പ്പന്നങ്ങള്‍, കട്ട് ചെയ്ത് വെച്ച പഴങ്ങളും പച്ചക്കറികളും, റെഡി-ടു-ഈറ്റ് ഫുഡ്‌സ്, സലാഡുകള്‍, പാകം ചെയ്തുവെച്ച ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിങ്ങനെ നിരവധി ഭക്ഷണപദാര്‍ത്ഥങ്ങളെയും ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ ജ്യൂസുകള്‍, ശീതളപാനീയങ്ങള്‍ എന്നിവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
നവംബര്‍ 29ന് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ ചില ഉത്പ്പന്നങ്ങളുടെ ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്) സര്‍ട്ടിഫിക്കേഷന്‍ ഒഴിവാക്കുമെന്ന് എഫ്.എസ്.എസ്.എ.ഐ അറിയിച്ചിരുന്നു. ഇതേ ഉത്തരവിലാണ് കുപ്പിവെള്ളത്തെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.
ഇത്തരത്തില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉത്പ്പന്നങ്ങള്‍ എല്ലാം തന്നെ ചില സുരക്ഷ പരിശോധനങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. ഇതിന് പുറമെ ഇത്തരം ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ എഫ്.എസ്.എസ്.എ.ഐയുടെ കീഴിലുള്ള ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി ഫുഡ് ഓഡിറ്റിങ് കമ്പനിയില്‍ നിന്ന് വര്‍ഷാവര്‍ഷം ഓഡിറ്റിങ് നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും മിനറല്‍ വാട്ടറുകളടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനുമാണ് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതെന്നാണ് എഫ്.എസ്.എസ്.എ.ഐ അധികൃതര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഇവയ്ക്ക് പുറമെ കര്‍ശനമായ നിയന്ത്രണങ്ങളും വാര്‍ഷിക പരിശോധനകളും നിര്‍ബന്ധമാക്കാനും അതോറിറ്റി പദ്ധതിയിട്ടിട്ടുണ്ട്.
സുരക്ഷ പരിശോധനയുടെ ഭാഗമായി നവംബര്‍ 16ന് തെലങ്കാനയിലെ ചാന്ദ്രയാനഗുട്ടയിലെ വാട്ടര്‍ പ്ലാന്റില്‍ നടത്തിയ പരിശോധനയില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും പാലിക്കാതെ പാക്ക് ചെയ്ത കുടിവെള്ളം കണ്ടുകെട്ടിയിരുന്നു.
സൗത്ത് ഈസ്റ്റ് സോണ്‍ ടാസ്‌ക് ഫോഴ്സ് നടത്തിയ പരിശോധനയില്‍ വാട്ടര്‍ പ്ലാന്റിലെ കുടിവെള്ളം കൃത്യമായി ഫില്‍ട്ടര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ 6,528 കുപ്പിവെള്ളവും കുടിവെള്ളം ഉത്പ്പാദിപ്പിക്കുന്നതിനായി സ്ഥാപിച്ച കിണറും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.
നവംബര്‍ 14 ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ മറ്റൊരു പരിശോധനയില്‍ പ്രശസ്തമായ മിനറല്‍ വാട്ടര്‍ ബോട്ടില്‍ കമ്പനികളില്‍ നിന്ന് വന്‍തോതില്‍ പായ്ക്ക് ചെയ്ത കുടിവെള്ളം പിടികൂടിയിരുന്നു. ഈ കുപ്പികളിലെ സോളിഡ് (ടി.ഡി.എസ്) അളവിലും നിരവധി ലംഘനങ്ങള്‍ കണ്ടെത്തി.
Content Highlight: Food Safety and Standards Authority of India has declared packaged drinking water as a high-risk food category