ഷവര്‍മ കഴിച്ച് അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധ; പയ്യന്നൂരില്‍ ഷവര്‍മ നിരോധിച്ചു
പയ്യന്നൂര്‍: ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പയ്യന്നൂരിലാണ് സംഭവം. മാടക്കാല്‍ സ്വദേശി സുകുമാരന്റെ പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തി ഹോട്ടല്‍ പൂട്ടിച്ചു.
സംഭവത്തിനു ശേഷം ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. പയ്യന്നൂര്‍ നഗരസഭ പരിധിയില്‍ ഷവര്‍മ താല്‍ക്കാലികമായി നിരോധിച്ചു.
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഡ്രീം ഡെസേര്‍ട്ടില്‍ നിന്നാണ് സുകുമാരന്‍ ഷവര്‍മയും കുബ്ബൂസും പാഴ്സലായി വാങ്ങിയത്. ഷവര്‍മ കഴിച്ച ശേഷം കുടുംബത്തിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെറ്റു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ഭക്ഷ്യ വിഷബാധയാണെന്ന ഡോക്ടറുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ ഹോട്ടല്‍ പൂട്ടിക്കുകയും പതിനായിരം രൂപ പിഴയും ചുമത്തി.
ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭയും വ്യക്തമാക്കി.