എട്ടിലൊരാള്‍ പട്ടിണിയില്‍, ഭക്ഷ്യ കൂപ്പണുകള്‍ക്കായി ക്യൂ നിന്ന് 'അതിധനികര്‍'; ഭക്ഷ്യക്ഷാമത്തില്‍ നടുങ്ങി അമേരിക്ക
World News
എട്ടിലൊരാള്‍ പട്ടിണിയില്‍, ഭക്ഷ്യ കൂപ്പണുകള്‍ക്കായി ക്യൂ നിന്ന് 'അതിധനികര്‍'; ഭക്ഷ്യക്ഷാമത്തില്‍ നടുങ്ങി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th December 2020, 4:41 pm

വാഷിംഗ്ടണ്‍: കൊവിഡിന് പിന്നാലെ അമേരിക്ക അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. സെന്‍സസ് ബ്യൂറോ നടത്തിയ സര്‍വേ പഠന റിപ്പോര്‍ട്ടിലാണ് ജനങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഭക്ഷ്യവിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുകയാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

നവംബറിലെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ എട്ടില്‍ ഒരാള്‍ മിക്കപ്പോഴും പട്ടിണിയിലായിരുന്നെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ മൊത്തം യുവാക്കളില്‍ 12 ശതമാനം, അതായത് ഏകദേശം 260 ലക്ഷം പേരും വീടുകളില്‍ ഭക്ഷ്യക്ഷാമം നേരിട്ടതായി അറിയിച്ചു.

ഈ കണക്കുകളുടെയും മറ്റു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ 1998ന് ശേഷം നേരിടുന്ന ഏറ്റവും വലിയ ഭക്ഷ്യക്ഷാമത്തിലാണ് അമേരിക്ക. പട്ടിണിയും ഭക്ഷ്യക്ഷാമവും രാജ്യത്ത് പുതിയ വാര്‍ത്തയല്ലെങ്കിലും കൊവിഡ് മഹാമാരി സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കിയിരിക്കുകയാണ്.

പട്ടിണിയും ക്ഷാമവും അമേരിക്കയില്‍ പുതിയ വാര്‍ത്തയല്ലെങ്കില്‍ സാമ്പത്തികമായി ഉയര്‍ന്ന വിഭാഗക്കാര്‍ക്കിടയില്‍ പട്ടിണി പടര്‍ന്നതാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്നത്.

അമേരിക്കയില്‍ ഏറ്റവും കുറവ് ഭക്ഷ്യക്ഷാമം രേഖപ്പെടുത്തിയിരുന്ന വിര്‍ജീനിയയിലെ ഹംഗര്‍ റിലീഫ് ക്യാംപിലേക്കെത്തുന്നവരുടെ എണ്ണത്തില്‍ 225 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.

തൊഴില്‍രഹിതരും മതിയായ ശമ്പളം ലഭിക്കാത്തവരും പ്രായമായവരും മാത്രമായിരുന്നു നേരത്തെ ഭക്ഷ്യ കൂപ്പണുകള്‍ക്കായി സമീപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സേവനമേഖലയില്‍ ജോലി ചെയ്യുന്ന നിരവധി പേരാണ് സൗജന്യ ഭക്ഷണത്തിനായി സമീപിക്കുന്നതെന്ന് ക്യാംപ് അധികാരികള്‍ പറയുന്നു.

‘ജീവിതത്തില്‍ ഇതുവരെ സൗജന്യ ഭക്ഷണത്തിന്റെയോ അത്തരം സേവനങ്ങളുടെയോ ആവശ്യം വരാത്തവരാണ് ഇപ്പോള്‍ ഇവിടേക്ക് വരുന്നത്.’ ഹംഗര്‍ റിലീഫ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ജെന്നിഫര്‍ മോണ്‍ട്‌ഗോമെറി ബി.ബി.സിയോട് പറഞ്ഞു.

സാമ്പത്തികനില താറുമാറായതാണ് ഭക്ഷ്യക്ഷാമം വര്‍ധിക്കാനുള്ള പ്രധാന കാരണം. സര്‍ക്കാര്‍ ചില സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ചതും ബിസിനസ് മേഖല പുനരാരംഭിച്ചതും ജനങ്ങളെ ഇടക്കാലത്ത് ചെറിയ രീതിയില്‍ സഹായിച്ചിരുന്നെങ്കിലും വലിയ മാറ്റങ്ങള്‍ വരുത്തിയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുട്ടികളുള്ള വീടുകളാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടികള്‍ മുഴുവന്‍ സമയവും വീട്ടിലുണ്ടാവുമെന്നതിനാല്‍ ചെലവുകളില്‍ വര്‍ധനവുണ്ടാകും. സ്‌കൂളുകളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിച്ചിരുന്നതു കൂടി ഇല്ലാതാകുന്നത് അധിക ബാധ്യതയായി തീരുന്നു.

സാമ്പത്തികനില മോശയമായതിനാല്‍ മാതാപിതാക്കള്‍ക്ക് ജോലി ഉപേക്ഷിച്ച് കുട്ടികളെ നോക്കാനായി വീട്ടിലിരിക്കാന്‍ സാധിക്കില്ല. അതിനാല്‍ ഇതിനായി ജോലിക്കാരെ വെക്കേണ്ടി വരുന്നത് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ഈ ഭക്ഷ്യക്ഷാമമായിരിക്കുമെന്നാണ് സാമൂഹ്യനിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Food Insecurity raises in USA after Covid 19, Joe Biden will struggle says Analysts