സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്നത് ഹിന്ദുവല്ലാത്തതിനാല്‍ ഭക്ഷണം ക്യാന്‍സല്‍ ചെയ്ത സംഭവം വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ താന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തിരിച്ചയക്കുന്നുവെന്നായിരുന്നു മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശി അമിത് ശുക്ല ട്വിറ്ററില്‍ കുറിച്ചത്. പിന്നാലെ സൊമാറ്റോ യുവാവിന് കൊടുത്ത മറുപടി കൈയ്യടി നേടി. ‘ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ്’ എന്നായിരുന്നു അമിതിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് സൊമാറ്റോ കുറിച്ചത്. ഒപ്പം
ഉപഭോക്താവിന്റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തില്‍ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നും കൂടി ‘സൊമാറ്റോ’ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പ്രതികരിച്ചിരുന്നു.
വര്‍ധിച്ചുവരുന്ന വര്‍ഗീയതക്കും വിദ്വേഷത്തിനും എതിരെയുള്ള സൊമാറ്റോയുടെ നിലപാട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസിക്കപ്പെട്ടു. ഒരു ബ്രാന്‍ഡിന് വേണ്ടി ട്വീറ്റ് ചെയ്യാന്‍ വന്‍ തുക ഈടാക്കുന്ന സെലിബ്രിറ്റികള്‍ പോലും സൊമാറ്റോയുടെ നിലപാടിനൊപ്പം ചേര്‍ന്നു. ഒമര്‍ അബ്ദുള്ളയും സ്വരാ ഭാസ്‌ക്കറും അടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ സൊമാറ്റോയെ അഭിനന്ദിച്ച് രംഗത്തെത്തുകയായിരുന്നു.
ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും മുഴുവന്‍ സൊമാറ്റോയുടെ നിലപാടിനൊപ്പമാണ്. ഇത് ഏതെങ്കിലും തരത്തില്‍ ബ്രാന്‍ഡിന്റെ മൂല്യത്തിലും കച്ചവടത്തിലും വര്‍ധനവുണ്ടാക്കിയിട്ടുണ്ടാവുമോ?
ക്ലോറോഫില്ലിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കിരണ്‍ ഖലാപ് പറയുന്നതനുസരിച്ച്, ഒന്നിലധികം നിക്ഷേപകരുള്ള സൊമാറ്റോയുടെ മറുപടി വളരെ മികച്ചതും എല്ലാവരിലും സ്‌നേഹം ഉളവാക്കുന്നതാണെന്നുമായിരുന്നു.
അതേസമയം ബ്രാന്റിന് ഉടനടി വളര്‍ച്ചയുണ്ടാവില്ലെ്ന്ന് ഫുല്‍ക്രോ സ്ഥാപകനും എം.ഡിയുമായ സബ്യാസച്ചി മിറ്റര്‍ വ്യക്തമാക്കി.
‘എന്നിരുന്നാലും സെലിബ്രിറ്റികളില്‍ നിന്നും സാധാരണക്കാരില്‍ നിന്നും നേടിയെടുത്ത അംഗീകാരം ബ്രാന്‍ഡിന്റെ മുന്‍ഗണന വര്‍ധിപ്പിക്കും”സബ്യാസച്ചി മിറ്റര്‍ വ്യക്തമാക്കി.
സൊമാറ്റോ പോലുള്ള സേവന ബ്രാന്‍ഡുകള്‍ക്ക് സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ കൈകാര്യം ചെയ്യുന്നത് തീര്‍ച്ചയായും വളരെ മികച്ചതായിരിക്കുമെന്ന് പി.എച്ച്.ഡി മീഡിയ സി.ഇ.ഒ ജ്യോതി ബന്‍സല്‍ വ്യക്തമാക്കി.
‘ഇത് നിങ്ങളുടെ ഉപഭോക്താക്കളെയും ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ നിങ്ങളുടെ മൂല്യങ്ങളെയും ബഹുമാനിക്കപ്പെടുന്നതിനുള്ള മികച്ചസംഭവമാണ്. ഇന്നത്തെ ഉപഭോക്താക്കള്‍ ഏതൊരു ബ്രാന്‍ഡും കാണിക്കുന്ന സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നതിനാല്‍ ഈ സംഭവത്തിലെ നിലപാട് വളരെ മികച്ചതാണ്. ‘ജ്യോതി ബന്‍സല്‍ വ്യക്തമാക്കി.
ഒരു ബ്രാന്‍ഡും അതിനോട് ഉപഭോക്താക്കള്‍ക്കുള്ള സ്‌നേഹവും നേടിയെടുക്കുകയെന്നത് വളരെ കാലതാമസമെടുക്കുന്നതാണെന്നും ബെന്‍സല്‍ കൂട്ടി ചേര്‍ത്തു.