ബേപ്പൂരില്‍ ഭക്ഷണശാലകളില്‍ വിളമ്പുന്നത് പഴകിയ ഭക്ഷണം; നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തം
FOOD AND WATER QUALITY
ബേപ്പൂരില്‍ ഭക്ഷണശാലകളില്‍ വിളമ്പുന്നത് പഴകിയ ഭക്ഷണം; നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തം
ഗോപിക
Thursday, 7th June 2018, 5:15 pm

സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭൂരിഭാഗവും വിളമ്പുന്നത് പഴകിയ ഭക്ഷണമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുക്കൊണ്ടിരിക്കുകയാണ്. നിരവധി തൊഴിലാളികള്‍ തുടങ്ങി സാധാരണക്കാര്‍ വരെ ആശ്രയിക്കുന്ന ചെറുകിട ഹോട്ടലുകളിലും ഈ പഴകിയ ഭക്ഷണങ്ങളാണ് വിളമ്പുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് ഏലൂര്‍ നഗരസഭയിലെ ചില ഭാഗത്തുള്ള ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. ഭക്ഷണം പാകം ചെയ്യാനായി പഴകിയ എണ്ണയുപയോഗിക്കുന്നതായി വ്യാപക പരാതിയുയര്‍ന്നിരുന്നു. ഇവയുപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കാലാവധി കഴിഞ്ഞ പലതരം മാവുകളാണ് റെയ്ഡില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയത്.

എന്നാല്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ഹോട്ടലുകളുടെ സ്ഥിതി മെച്ചപ്പെടുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമാന സാഹചര്യമാണ് കോഴിക്കോട് ബേപ്പൂര്‍ ഭാഗത്തും നിലനില്‍ക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിനെതിരെ നാട്ടുകാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


ALSO READ: സര്‍ക്കാരിന്റെ ഔദാര്യമല്ല ; ഭരണഘടനാ അവകാശങ്ങളാണ് ആദിവാസികള്‍ ആവശ്യപ്പെടുന്നത്


ഈ പ്രദേശത്തെ ഭക്ഷണശാലകളില്‍ വിളമ്പുന്നത് പഴകിയ ഭക്ഷണങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ഇവിടുത്തെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയ്ക്കിടയിലാണ് ഇത്തരം ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്ന നിലയിലായിരുന്നു പല ഹോട്ടലുകളും.

പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്നുള്ള പരിശോധനകളിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. ബേപ്പൂരിലെ അരക്കിണറിന് സമീപമുള്ള മസാല ക്ലബ് എന്ന ഭക്ഷണശാലയില്‍ നിന്ന് ഇന്നലെയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നു. ഇവിടെ നിന്നും പഴകിയ ഭക്ഷണങ്ങളുടെ കൂമ്പാരമാണ് കണ്ടെത്തിയത്.

ഈ ഹോട്ടലിനെപ്പറ്റി നാട്ടുകാര്‍ക്കിടയില്‍ നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും എന്നാണ് നാട്ടുകാരുടെ പരാതി. സ്ഥാപനത്തിന്റെ അടുക്കളയും മറ്റ് പ്രദേശങ്ങളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ വൃത്തിഹീനമായി എങ്ങനെയാണ് ആഹാരം പാകം ചെയ്യാന്‍ കഴിയുന്നതെന്നാണ് നാട്ടുകാര്‍ പലരും ചോദിക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ ബേപ്പൂരിന്റെ പലഭാഗങ്ങളിലും ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനയില്‍ കണ്ടെത്തിയ മുഴുവന്‍ ഭക്ഷണസാധനങ്ങളും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്.


ALSO READ: കേരളത്തിലെ ദളിത് സാമൂഹ്യജീവിതം


പിടിച്ചെടുത്ത എല്ലാ ഭക്ഷണങ്ങള്‍ക്കും മൂന്നുദിവസത്തിലധികം പഴക്കമുള്ളതായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ധാരാളം തൊഴിലാളികളും നാട്ടുകാരും ആശ്രയിക്കുന്ന ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം വിളമ്പുന്നതിനെതിരെ ഇതിനു മുമ്പും നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടച്ചു പൂട്ടണമെന്ന പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

പഴകിയ ഭക്ഷണം സൂക്ഷിക്കരുതെന്നും അത്തരത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ വാണിജ്യ അടിസ്ഥാനത്തില്‍ വില്‍പ്പന നടത്തരുതെന്നും നേരത്തേ തന്നെ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ചട്ടങ്ങള്‍ എല്ലാം മറികടന്നാണ് ഇപ്പോള്‍ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണങ്ങള്‍ വിളമ്പിയിരിക്കുന്നത്. നിലവില്‍ പ്രദേശത്തുള്ളവര്‍ മഴക്കാല രോഗങ്ങളെയും മറ്റും കരുതിയിരിക്കാനും അതിനായുള്ള ശൂചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും അധികൃതര്‍ ഇപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പഴകിയ വസ്തുക്കള്‍ ഹോട്ടലുകളില്‍ നിന്ന് കണ്ടെത്തിയ സ്ഥിതിയ്ക്ക് ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി പരിശോധനകള്‍ വ്യാപകമാക്കുമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കര്‍ശന നടപടികള്‍ തന്നെ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന് ലഭിക്കുന്ന നിര്‍ദ്ദേശം. കോര്‍പ്പറേഷന്‍ അരക്കിണര്‍ ബേപ്പൂര്‍ മുതല്‍ മാത്തോട്ടം വരെയുള്ള അങ്ങാടികളില്‍ ഇപ്പോള്‍ പകര്‍ച്ചാവ്യാധികള്‍ പടരുന്ന സാഹചര്യം കൂടിയായതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ അവഗണിച്ചാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.