| Sunday, 14th August 2022, 7:53 am

സച്ചിന്‍ ആ വിളി കേട്ടില്ലെങ്കിലെന്താ വിന്‍ഡീസ് ക്രിക്കറ്റ് നശിക്കാന്‍ പോണില്ല; സഹായമെത്തിച്ച് മറ്റൊരാള്‍; കയ്യടിച്ച് ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

തങ്ങളുടെ യുവതാരങ്ങള്‍ക്ക് ബാറ്റോ മറ്റ് ക്രിക്കറ്റ് ഉപകരണങ്ങളോ വാങ്ങിക്കാന്‍ പോലുമുള്ള കാശ് തങ്ങളുടെയോ ബോര്‍ഡിന്റെ പക്കലില്ലെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം വിന്‍സ്റ്റണ്‍ ബെഞ്ചമിന്റെ വാക്കുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു.

പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് വിമല്‍ കുമാര്‍ ബെഞ്ചമിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോഴാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ അവസ്ഥ എല്ലാവര്‍ക്കും മനസിലായത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോടായിരുന്നു അദ്ദേഹം സഹായമാവശ്യപ്പെട്ടത്. സാധിക്കുമെങ്കില്‍ തന്നെയൊന്ന് സഹായിക്കാമോ എന്നായിരുന്നു ബെഞ്ചമിന്‍ സച്ചിനോട് ചോദിച്ചത്.

‘നേരത്തെ ഞങ്ങള്‍ ഷാര്‍ജയില്‍ ഒരു ടൂര്‍ണമെന്റ് കളിക്കാറുണ്ടായിരുന്നു. അത് പല താരങ്ങളെയും സാമ്പത്തികമായി സഹായിച്ചിരുന്നു. അത്തരത്തിലുള്ള സഹായം ഞാന്‍ ചോദിക്കുന്നില്ല. എനിക്ക് വേണ്ടത് കുറച്ച് ക്രിക്കറ്റ് എക്വിപ്മെന്റുകളാണ്.

ആരെങ്കിലും എന്നോട് ‘ഇതാ 10-15 ക്രിക്കറ്റ് ബാറ്റുകള്‍’ എന്ന് പറഞ്ഞാല്‍ മാത്രം മതി. 20,000 ഡോളറൊന്നും എനിക്ക് വേണ്ട. എനിക്ക് വേണ്ടത് കുറച്ച് ക്രിക്കറ്റ് എക്വിപ്മെന്റുകള്‍ മാത്രമാണ്. എന്നാല്‍ എനിക്ക് ഇവിടെയുള്ള യുവ ക്രിക്കറ്റര്‍മാരെ സഹായിക്കാന്‍ സാധിക്കും.

മിസ്റ്റര്‍ ടെന്‍ഡുല്‍ക്കര്‍, നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എന്നെയൊന്ന് സഹായിക്കാമോ? ഇതാണ് എന്റെ ഫോണ്‍ നമ്പര്‍,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ സച്ചിന് മുമ്പേ വെസ്റ്റ് ഇന്‍ഡീസില്‍ സഹായമെത്തിച്ചിരിക്കുകയാണ് പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ പ്യൂമ. പ്യൂമ ക്രിക്കറ്റാണ് വിന്‍ഡീസിന് വേണ്ടിയുള്ള ക്രിക്കറ്റ് ഉപകരണങ്ങള്‍ നല്‍കാന്‍ തയ്യാറായിരിക്കുന്നത്.

വിന്‍സ്റ്റണ്‍ ബെഞ്ചമിന്‍ സച്ചിനോട് സഹായമഭ്യര്‍ത്ഥിക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പ്യൂമ സഹായവുമായി രംഗത്തെത്തിയിരുന്നു.

‘ഞങ്ങള്‍ നിങ്ങളുടെ വാക്കുകള്‍ കേട്ടു വിന്‍സ്റ്റണ്‍, നമുക്ക് അവരെ പാഡണിയിക്കാം,’ എന്നായിരുന്നു പ്യൂമ ക്രിക്കറ്റ് ട്വീറ്റ് ചെയതത്.

അത് കേവലം വെറും വാക്കായിരുന്നില്ല. ബാറ്റും ഗ്ലൗസും ഷൂസും എല്ലാമടങ്ങുന്ന ക്രിക്കറ്റ് കിറ്റ് പാക് ചെയ്ത് ടേക്ക് ഓഫിന് ഒരുക്കിനിര്‍ത്തിയിരിക്കുകയാണ് പ്യൂമയിപ്പോള്‍.

ഒരുകാലത്ത് ക്രിക്കറ്റിന്റെ രാജാക്കന്‍മാരായിരുന്ന, ഇതിഹാസതുല്യരായ ഒട്ടനേകം താരങ്ങളെ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ സാമ്പത്തികമായി ഉഴറുകയാണ്.

താരങ്ങള്‍ക്ക് കൃത്യമായി ശമ്പളം പോലും നല്‍കാന്‍ ഇവര്‍ക്കായിരുന്നില്ല. ഇക്കാരണമൊന്നുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുകയാണ്.

ഇത്തരം ടി-20 ലീഗുകളില്‍ കളിക്കുന്നതിനാല്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും ദേശീയ ടീമിനൊപ്പമുള്ള മത്സരവും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്താന്‍ അസറുദ്ദീനും പ്യൂമയുമടക്കമുള്ളവര്‍ എത്തുന്നതോടെ വിന്‍ഡീസ് ക്രിക്കറ്റ് പഴയ പ്രതാപത്തിലേക്കെത്തുമെന്ന് തന്നെ പ്രത്യാശിക്കാം.

Content Highlight: Following Winston Benjamin’s words, Puma helps West Indies cricket

We use cookies to give you the best possible experience. Learn more