| Thursday, 2nd June 2022, 3:45 pm

വിവേക് അഗ്നിഹോത്രിക്ക് പിന്നാലെ തേജസ്വി സൂര്യ; അന്താരാഷ്ട്ര തലത്തില്‍ ബഹിഷ്‌കരിക്കപ്പെടുന്ന ഇന്ത്യന്‍ ഹിന്ദുത്വവാദികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയൊട്ടാകെ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയ ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയുടെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടത് ഈയിടെ വാര്‍ത്തയായിരുന്നു.

രാഷ്ട്രീയപരമായി സംഘപരിവാര്‍ അനുകൂല നരേറ്റീവുള്ള കശ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകനെതിരെ അവിടത്തെ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായ പരാതിയെത്തുടര്‍ന്നായിരുന്നു ഈ നീക്കം.

ഇതിന് പിന്നാലെ ബെംഗളൂരു എം.പിയും ബി.ജെ.പിയുടെ യുവ നേതാക്കളിലൊരാളുമായ തേജസ്വി സൂര്യക്കെതിരെയും അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. ഓസ്ട്രേലിയയിലെ സിഡ്നിയിലും മെല്‍ബണിലുമായി നടക്കുന്ന ‘ഓസ്ട്രേലിയ ഇന്ത്യ യൂത്ത് ഡയലോഗി’ല്‍ (എ.ഐ.വൈ.ഡി) തേജസ്വി സൂര്യയെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധമുയര്‍ന്നത്.

ഇതേത്തുടര്‍ന്ന് സംഘാടകര്‍ തേജസ്വി സൂര്യയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. തേജസ്വി സൂര്യ വിദ്യാര്‍ത്ഥികളുമായി സംവദിക്കേണ്ടിയിരുന്ന പരിപാടിയാണ് പ്രതിഷേധത്തെത്തുടര്‍ന്ന് റദ്ദാക്കിയത്.

മേയ് 31 മുതല്‍ ജൂണ്‍ നാല് വരെ നടക്കേണ്ടിയിരുന്ന പരിപാടി സംഘാടകര്‍ തന്നെയാണ് റദ്ദാക്കിയത്.

വിദ്വേഷ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധി നേടിയിട്ടുള്ള തേജസ്വി സൂര്യയെ ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള യുവപ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചതിലായിരുന്നു പ്രതിഷേധം. സര്‍വകലാശാലാ അധ്യാപകരും മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരുമടക്കമുള്ള നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പരിപാടിക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്പോണ്‍സര്‍മാര്‍ക്ക് ഇവര്‍ കത്തയക്കുകയും ചെയ്തിരുന്നു. ആര്‍.എസ്.എസ് അംഗമായ തേജസ്വി സൂര്യ സ്ത്രീവിരുദ്ധതയുടെയും മതവിദ്വേഷത്തിന്റെയും ചരിത്രമുള്ളയാളാണ് എന്നാണ് കത്തില്‍ പറഞ്ഞത്.

ഇതിനിടെ, തേജസ്വി സൂര്യയുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാമ്പെയിനും നടന്നിരുന്നു. ഓസ്ട്രേലിയയിലെ ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പെയിനില്‍ ആയിരത്തിലേറെ പേര്‍ ഇതിനോടകം ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലുള്ള മുസ്‌ലിം സംഘടനകളുടെ ഭാഗത്ത് നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു.

ഓസ്‌ട്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് കൗണ്‍സില്‍സ്, ഇസ്‌ലാമിക് കൗണ്‍സില്‍ ഓഫ് വിക്ടോറിയ എന്നീ സംഘടനകള്‍ തേജസ്വി സൂര്യയുടെ മുസ്‌ലിം വിരുദ്ധ കമന്റുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പരിപാടിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ സ്‌പോണ്‍സര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.

2012ലാണ് ഇന്ത്യയിലും ഓസ്ട്രേലിയയിലുമുള്ള യുവനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഓസ്ട്രേലിയ ഇന്ത്യ യൂത്ത് ഡയലോഗിന് തുടക്കമായത്. ഓരോ വര്‍ഷവും ഇരുരാജ്യങ്ങളിലുമായി മാറിമാറിയാണ് പരിപാടി നടക്കാറുള്ളത്.

അതേസമയം, മെയ് 31ാം തീയതി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടക്കേണ്ടിയിരുന്ന ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കാനായിരുന്നു വിവേക് അഗ്നിഹോത്രിക്ക് ക്ഷണമുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

ഇതിനെതിരെ സംസാരിച്ചുകൊണ്ട് ഒരു വീഡിയോയും വിവേക് അഗ്നിഹോത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് ഹിന്ദു ഫോബിയ ആണെന്നും പരിപാടിക്ക് വിളിച്ച് അവസാന നിമിഷം അത് നീട്ടിവെച്ച് തന്നെ അപമാനിക്കുകയാണ് ചെയ്തതെന്നുമായിരുന്നു അയാള്‍ വീഡിയോയില്‍ പറഞ്ഞത്.

സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര എന്നിങ്ങനെ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ലണ്ടനില്‍ വെച്ച് നടന്ന ‘ദ ഐഡിയാസ് ഫോര്‍ ഇന്ത്യ’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിച്ചത് ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു.

ഈ നേതാക്കള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ച ഘട്ടത്തിലാണ്, സംഘപരിവാര്‍- ഹിന്ദുത്വ അജണ്ടകള്‍ പേറുന്ന വിവേക് അഗ്നിഹോത്രിയെയും തേജസ്വി സൂര്യയെയും പോലുള്ളവര്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനമുയരുന്നത് എന്നതും ശ്രദ്ധേയമാണ്.

Content Highlight: Following Vivek Agnihotri, BJP leader Tejasvi Surya ousted from an international program, Australia India Youth Dialogue

We use cookies to give you the best possible experience. Learn more