Kerala News
'ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത് ഇപ്പോഴാണ്'; വിജിലന്‍സ് റെയ്ഡിന് പിന്നാലെ കെ.എം ഷാജിയെ ട്രോളി പി.വി അന്‍വര്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 12, 03:13 pm
Monday, 12th April 2021, 8:43 pm

നിലമ്പൂര്‍: വിജിലന്‍സ് റെയ്ഡില്‍ 50 ലക്ഷം രൂപ മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് പിടികൂടിയതിന് പിന്നാലെ ട്രോളുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍.

‘ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത് ഇപ്പോഴാണ്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്‍വറിന്റെ ട്രോള്‍.കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.

തിങ്കളാഴ്ച്ച രാവിലെ മുതല്‍ കെ.എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടന്നിരുന്നു. നേരത്തെ ഷാജിക്കെതിരെ വിജിലന്‍സ് കേസ് എടുത്തിരുന്നു.

ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം ആര്‍ ഹരീഷ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.

ഷാജിക്കെതിരെ വിജിലന്‍സ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വീട് നിര്‍മാണം, വിദേശയാത്രകള്‍ എന്നിവയ്ക്കടക്കമാണ് ഷാജി പണം ചെലവാക്കിയതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

ഏകദേശം 166 ശതമാനത്തോളം അധിക വരുമാനം ഷാജിക്കുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Following the vigilance raid, PV Anwar MLA troll KM Shaji