മമ്മൂട്ടി-കെ. മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടിലൊരുങ്ങിയ സി.ബി.ഐ 5 ദി ബ്രെയ്ന്‍ മെയ് ഒന്നിന് റിലീസ് ചെയ്തിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെയെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
മേക്കിംഗിലെ പുതുമയില്ലായ്മയും എന്‍ഗേജിങ്ങല്ലാത്ത കഥയുമാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം സിനിമ മികച്ച അനുഭവമായിരുന്നു എന്നും ചില പ്രേക്ഷകര്‍ പറയുന്നു.
സി.ബി.ഐ അഞ്ചാം ഭാഗം പുറത്തിറങ്ങിയതിന് പിന്നാലെ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയുടെ പഴയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മൂന്ന് വര്‍ഷത്തെ തന്റെ അധ്വാനം മുഴുവനും സി.ബി.ഐ അഞ്ചാം ഭാഗത്തിനായി താന്‍ ചെലവാക്കിയിരുന്നുവെന്നും അതിന്റെ ഫലം സിനിമയില്‍ കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് നടന്ന് മൂവി സ്ട്രീറ്റ് ഫിലിം അവാര്‍ഡ്‌സിന്റെ വേദിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
‘കഴിഞ്ഞ മൂന്ന് വര്‍ഷവും നാല് മാസവും ഞാന്‍ എഴുതി എഴുതി തളര്‍ന്ന സിനിമയാണ് സി.ബി.ഐ 5ാം ഭാഗം. എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ പറയുകയാണ് ആ സിനിമ ഒരു അനുഭവമായിരിക്കും. അത്രയും അധ്വാനം അതിനുണ്ട്.
ഒരു പക്ഷേ ആ സിനിമയുടെ എന്‍ഡ് ഇനി വരാന്‍ പോകുന്ന മലയാള സിനിമയിലെ ത്രില്ലറുകള്‍ക്ക് ഒരു ചൂണ്ടുപലകയായിരിക്കും. വലിയ മാറ്റത്തിനുള്ള ചുവട് തന്നെയായിരിക്കും ഈ സിനിമയിടെ അവസാനം. എങ്ങനെയായിരിക്കണം ഭാവിയിലെ ത്രില്ലറുകള്‍ എന്ന് ആളുകള്‍ക്ക് അതില്‍ നിന്നും ഊഹിക്കാം,’ എസ്.എന്‍. സ്വാമി പറഞ്ഞു.
വന്‍ഹൈപ്പോടെയെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം ബുര്‍ജ് ഖലീഫയിലും പ്രദര്‍ശിപ്പിച്ചിരുന്നു. മമ്മൂട്ടിയെക്കൂടാതെ, മുകേഷ്, സായ് കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, രമേഷ് പിഷാരടി, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, സുദേവ് നായര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അപകടത്തെ തുടര്‍ന്ന് നീണ്ട് നാളായി മലയാള സിനിമാ ലോകത്ത് നിന്നും വിട്ടുനിന്നിരുന്ന ജഗതി സി.ബി.ഐയിലെത്തിയത് പ്രേക്ഷകര്‍ക്ക് ഇരട്ടി സന്തോഷം നല്‍കി.
സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിച്ചത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. ആദ്യ നാല് സി.ബി.ഐ ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിച്ചത്.
Content Highlight: Following the release of the CBI 5 the brain, screenwriter S.N. Swamy’s old references are going viral on social media