പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ മുന്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രിം കോടതി വിധിക്ക് പിന്നാലെ മലയരയന്മാര്‍ക്ക് ശബരിമലയില്‍ ഉള്ള അവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. ക്ഷേത്ര നടത്തിപ്പില്‍ മുന്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രിം കോടതി വിധി മുന്‍ നിര്‍ത്തി ശബരിമല അമ്പലം മലയരയര്‍ക്ക് തിരികെ നല്‍കണമെന്നാണ് മലയരയസഭയുടെ ആവശ്യം.
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരം തിരുവിതാംകൂര്‍ രാജകൊട്ടാരത്തിനാണെന്ന സുപ്രീംകോടതിവിധി വളരെ പ്രതീക്ഷയോടെയാണ് മല അര സമുദായം നോക്കിക്കാണുന്നതെന്നാണ് മലയരയ സഭ നേതാവ് പി.കെ സജീവ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
ഈ വിധിയുടെ പശ്ചാത്തലത്തില്‍ മലയരയ സമുദായത്തിന്റെ ഉടമസ്ഥതയിലായിരുന്ന ശബരിമല അമ്പലവും സമുദായത്തിനു വിട്ടുനല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നും പി.കെ സജീവ് പറഞ്ഞു. ശബരിമല അമ്പലം പന്തളം കൊട്ടാരത്തിന്റെ അധീനതയിലേക്ക് വരുന്നതിന് മുന്‍പ് അവിടെ പതിനെട്ട് മലകളില്‍ അധിവസിച്ചിരുന്ന മലയരയ സമൂഹത്തിന്റെ ഉടമസ്ഥതയിലായിരുന്നെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
” മലയരയ സമൂഹം ഈ വിധിയെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പ്രത്യേകിച്ചും ശബരിമല അമ്പലത്തിന്റെ ഉടമസ്ഥാവകാശമായും ബന്ധപ്പെട്ട കാര്യവുമായി താരതമ്യം ചെയ്യുമ്പോള്‍. ശബരിമല അമ്പലം പന്തളം കൊട്ടാരത്തിന്റെ അധീനതയിലേക്ക് വരുന്നതിന് മുന്‍പ് അവിടെ പതിനെട്ട് മലകളില്‍ അധിവസിച്ചിരുന്ന മലയരയ സമൂഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു. പതിനെട്ട് മലകളില്‍ നാല് മലകളില്‍ ഇന്നും മലയരയ സമുദായത്തില്‍പ്പെട്ടവര്‍ അധിവസിക്കുന്നുണ്ട്. 1883 ല്‍ നാറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകത്തില്‍ ആ പ്രദേശത്തെക്കുറിച്ചും അവിടെ അധിവസിക്കുന്ന ജനതയെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
കവനന്റില്‍ ഒരു കാലഘട്ടത്തില്‍ ഉണ്ടായിരുന്ന അവകാശം ചില ആളുകള്‍ പുനഃസ്ഥാപിക്കപ്പെടുമ്പോള്‍ അതേ അവകാശം അതിലുമൊക്കെ ആയിരം ആണ്ടുകള്‍ക്ക് മുന്‍പുള്ള സമൂഹങ്ങള്‍ക്ക് കൂടി പുഃനസ്ഥിക്കണമെന്നും ശബരിമല അമ്പലം കൂടി തിരികെ കൊടുക്കാന്‍ ഭരണ-പ്രതിപക്ഷത്തു നിന്നുള്ള ആളുകള്‍ കൂടി തയ്യാറാവണമെന്നന്നും അദ്ദേഹം പറഞ്ഞു.
” ഈ അമ്പലം ഈ സമുദായത്തിന്റെ ഉടമസ്ഥതയിലായിരുന്നെന്ന് 1950 ല്‍ തിരുകൊച്ചി പ്രധാനമന്ത്രിയായിരുന്ന ടി.കെ നാറാണ പിള്ളയ്ക്ക് മലയരയ സമുദായത്തിന്റെ നേതാവായിരുന്ന കൊച്ചുരാമന്‍ കേളന്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നുണ്ട്. പന്തളം മുതല്‍ ഇങ്ങോട്ടുള്ള മുഴുവന്‍ അമ്പലങ്ങളും സമുദായത്തിന്റെ ഉടമസ്ഥതയിലായിരുന്നു അന്ന്. അപ്പോള്‍ ഒരു വേള കവനന്റ് പുനഃസ്ഥാപിക്കുന്നു എന്നു പറയുമ്പോള്‍ തന്നെ ഇവിടെ ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇല്ലേ? ജനാധിപത്യപരമായി ബന്ധപ്പെട്ട് എനിക്ക് പറയാനുള്ളത് ഇതാണ്. കവനന്റല്‍ ഒരു കാലഘട്ടത്തില്‍ ഉണ്ടായിരുന്ന അവകാശം ഈ രീതിയില്‍ ചില ആളുകള്‍ പുനഃസ്ഥാപിക്കപ്പെടുമ്പോള്‍ അതേ അവകാശം അതിലുമൊക്കെ ആയിരം ആണ്ടുകള്‍ക്ക് മുന്‍പുള്ള സമൂഹങ്ങള്‍ക്ക് കൂടി പുഃനസ്ഥിക്കണം. പ്രതിപക്ഷത്തുനിന്നും ഭരണ പക്ഷത്തു നിന്നും ഉള്ള ആളുകള്‍ വിധിയെ സ്വാഗതം ചെയ്ത സാഹചര്യത്തില്‍ ശബരിമല അമ്പലം കൂടി തിരികെ കൊടുക്കാന്‍ ഭരണ-പ്രതിപക്ഷത്തു നിന്നുള്ള ആളുകള്‍ കൂടി തയ്യാറാവണമെന്നാണ് എനിക്ക് പറയാനുള്ളത്,” പി.കെ സജീവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അതേസമയം, പദ്മനാഭ ക്ഷേത്രത്തിന്റെ വിധിയും ശബരിമല കേസും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. രണ്ട് ജഡ്ജ്മെന്റുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മലയരയര്‍ക്ക് അവകാശം ഉണ്ടെങ്കില്‍ കോടതിയില്‍ തെളിവുകള്‍ സഹിതം സ്ഥാപിച്ച് നേടിയെടുക്കാവുന്നതാണെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.
” മലയരയന്മാര്‍ കോടതിയില്‍ പോകണം. കോടതിയില്‍ തെളിവ് കൊടുക്കണം. ഈ രണ്ട് ജഡ്ജ്മെന്റുമായിട്ട് യാതൊരു ബന്ധവുമില്ല. കാരണം ശബരിമല വന്നിരിക്കുന്നത് ദേവസ്വം ബോര്‍ഡിന് കീഴിലാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലാണ് ശബരിമല. ശ്രീപദ്മാനാഭ ക്ഷേത്രം ദേവസ്വം ബോര്‍ഡിന് കീഴില്‍ അല്ലായിരുന്നു. അത് ദേവസ്വം ബോര്‍ഡിന് കീഴില്‍ ആക്കാതിരുന്നത് 1949 ലെ കവനന്റ് അന്ന് യൂണിയന്‍ ഓഫ് ഇന്ത്യയുമായി അവര്‍ ഒപ്പിട്ടതുകൊണ്ടും യൂണിന്‍ ഓഫ് ഇന്ത്യ അത് അംഗീകരിച്ചതുകൊണ്ടുമാണ്. അത് പ്രത്യേക ട്രസ്റ്റ് ആയിരിക്കണമെന്നും പറഞ്ഞതുകൊണ്ടാണ്. പ്രത്യേക ട്രസ്റ്റ് രീപീകരിച്ചില്ല. മാറി മാറി വന്ന സര്‍ക്കരുകളാരും പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചില്ല. വി.എസ് അച്യുതാനന്ദന്റെ കാലത്ത് ഒരു പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് ഭരണസമിതിയെ ഏല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു.,” അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ക്ഷേത്രങ്ങളില്‍ അവകാശമുള്ള ആളുകള്‍ക്ക് അത് ഏതെങ്കിലും തരത്തിലുള്ള കവനന്റിലൂടെ നിലനില്‍ക്കുന്ന ഏതെങ്കിലും കരാറിലൂടെ യൂണിയന്‍ ഓഫ് ഇന്ത്യയുമായിട്ടോ സ്റ്റേറ്റുമായിട്ടോ ഏതെങ്കിലും തരത്തിലുള്ള കരാറുകളിലൂടെയുള്ള സാധനമാണെങ്കില്‍ അത് റെക്കഗനൈസ് ചെയ്യാനും നടത്തിയെടുക്കാനും കോടതിയില്‍ പോകാം. മലയരയന്മാര്‍ക്ക് നേരിട്ട് ഹൈക്കോടതിയെ സമീപിക്കാം. പക്ഷേ അവര്‍ക്ക് അങ്ങനൊരു കവനന്റോ കരാറോ ശബരി മലയുടെ കാര്യത്തില്‍ ഇല്ല. ഉള്ളത് പഴയ തെളിവുകളാണ്. പ്രാദേശികമായ തെളിവുകളാണ്. സിവില്‍ കോടതിയെ സമീപിച്ച് ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും എതിരെ സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്ത് പത്തനംതിട്ട മുനിസിഫല്‍ കോടതിയില്‍ നിന്ന് അല്ലെങ്കില്‍ ജില്ലാകോടതിയില്‍ നിന്ന് ഓര്‍ഡര്‍ വാങ്ങിക്കണം. എന്നാല്‍ മാത്രമേ അവിടെ സിവില്‍ അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുകയുള്ളു. സിവില്‍ റൈറ്റ് എസ്റ്റാബ്ലിഷ് ചെയ്ത് എടുക്കാനാണെങ്കില്‍ സിവില്‍ കോടതിയില്‍ പോകണം,” അദ്ദേഹം പറഞ്ഞു.
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ വസ്തുതാപരമായ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.
” പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കേസില്‍ ഫാക്ട്വല്‍ ഡിസ്പ്യൂട്ട് ഉണ്ടായിരുന്നില്ല. ഈ വിധിയിലും പറയുന്നത് റോയല്‍ ഫാമിലി എന്ന വാക്ക്
ഇല്ലാതായിരിക്കുന്നു. റോയല്‍ ഫാമിലി ഇല്ലാതായാല്‍ അതിന്റെ പിന്തുടര്‍ച്ചാവകാശം രാജാവ് മരിച്ചു കഴിഞ്ഞാല്‍ കുടുംബത്തിനാണോ അതോ റോയല്‍ ഫാമിലിയുടെ പിന്തുടര്‍ച്ചാവകാശം അവകാശപ്പെടാന്‍ കഴിയുന്ന കേരളാ സര്‍ക്കാരിനാണോ ഇത് മാത്രമാണ് സുപ്രീംകോടതിക്ക് മുന്നിലുണ്ടായിരുന്ന ചോദ്യം,” അദ്ദേഹം പറഞ്ഞു.
മലയരയര്‍ക്ക് അവകാശം ഉണ്ടെങ്കില്‍ പത്തനംതിട്ടാ ജില്ലാകോടതിയില്‍ പോയി തെളിവുകള്‍ സഹിതം സ്ഥാപിച്ച് അവകാശം നേടിയെടുക്കാവുന്നതാണെന്നും ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പദ്മനാഭ സ്വാമി ക്ഷേത്രാവകാശം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ക്ഷേത്രത്തില്‍ ചീരപ്പന്‍ ചിറ കുടുംബത്തിനും മലയരയന്മാര്‍ക്കും ഉണ്ടായിരുന്ന അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാണ് ഒ.ബി.സി കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
ആലപ്പുഴ മുഹമ്മ ചീരപ്പന്‍ ചിറക്കാര്‍ക്ക് ശബരിമലയില്‍ വെടിവഴിപാടിനും മാളികപ്പുറത്തു നെയ് വിളക്കിനും അനുബന്ധമായി വിവിധ അവകാശങ്ങളുമുണ്ടായിരുന്നെന്നും മകരജ്യോതി തെളിയിക്കുന്നതില്‍ മലയരയന്മാര്‍ക്ക് അനിഷേധ്യ സ്ഥാനമുണ്ടായിരുന്നെന്നും കെ.പി.സി.സി ഒ.ബി.സി ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ പറഞ്ഞു.
” ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ചീരപ്പന്‍ ചിറ കുടുംബത്തിനും മലയരയന്മാര്‍ക്കും ഉണ്ടായിരുന്ന അവകാശങ്ങള്‍ നല്‍കണം. അത് അവരുടെ അമ്പലമാണെന്ന വാദത്തിന് ഞാന്‍ ഇല്ല. അവര്‍ക്ക ചില അവകാശങ്ങള്‍ ഉണ്ടായിരുന്നു. അവിടെ മകരവിളക്ക് തെളിയിക്കുന്ന അവകാശം മലയരയന്മാര്‍ക്കാണ്. ചീരപ്പന്‍ ചിറക്കാര്‍ക്ക് വെടിവെഴിപാടിനും മാളികപ്പുറത്തമ്മയുടെ ശ്രീകോവിലില്‍ നെയ് വിളക്കിനുള്ള അവകാശവും അവര്‍ക്കായിരുന്നു. ആ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ ഇതുപോലുള്ള ആചാരങ്ങള്‍ നടത്താനുള്ള അവകാശം തിരികെ കൊടുക്കണം,” സുമേഷ് അച്യുതന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.