| Sunday, 15th May 2022, 1:47 pm

ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി വീരരാഘവന്‍; ബീസ്റ്റ് ട്രോളുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം വന്‍ഹൈപ്പില്‍ തിയേറ്ററുകളിലേക്ക് എത്തിയ വിജയ് ചിത്രമാണ് ബീസ്റ്റ്. എന്നാല്‍ തമിഴ്‌നാടൊഴികെ മറ്റിടങ്ങളില്‍ തിയേറ്റര്‍ ഡിസാസ്റ്ററായി മാറുകയായിരുന്നു നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റ്.

ഇതിന് മുമ്പ് നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രങ്ങളായ കൊലമാവ് കോകില, ഡോക്ടര്‍ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രങ്ങളായിരുന്നതിനാലും പ്രേക്ഷകര്‍ക്ക് ചിത്രത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. ഒപ്പം റിലീസ് ചെയ്ത കന്നഡ ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ ടു ബീസ്റ്റിന്റെ പരാജയത്തിന്റെ ആഘാതം കൂട്ടുകയും ചെയ്തു. ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറായെത്തിയ ചിത്രം ആരാധകരെ പോലും നിരാശപ്പെടുത്തിയിരുന്നു.

ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികള്‍ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളില്‍ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ കാണിക്കുന്നത്.

മെയ് 11ന് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്ലിക്സ്, സണ്‍ നെക്സ്റ്റ് എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

ഒ.ടി.ടി റിലീസിന് പിന്നാലെ ബീസ്റ്റിനെ പറ്റിയുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വീരരാഘവന്‍ തീവ്രവാദികളെ നിസാരമായി പറ്റിക്കുന്നതും ക്ലൈമാക്‌സിലെ ഫൈറ്റര്‍ ജെറ്റ് ഫൈറ്റുമൊക്കെയാണ് കൂടുതലും ട്രോളുകളില്‍ നിറയുന്നത്. ഷൈന്‍ ടോം ചാക്കോയെ വിജയ് തൂക്കിയെടുത്ത് നടക്കുന്ന രംഗങ്ങളെ വെച്ചും വരുന്ന ട്രോളുകള്‍ നിരവധിയാണ്.

ബീസ്റ്റ് ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. പൂജ ഹെഗ്‌ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളി സാന്നിധ്യമായി ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും സിനിമയിലുണ്ട്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Following the OTT release, trolls about the Beast movie have been flooding social media

We use cookies to give you the best possible experience. Learn more