'സ്ത്രീകളെ വേദനിപ്പിച്ചാല്‍ സേതുരാമയ്യര്‍ സഹിക്കില്ല'; ആറ് മണി സിരീയലിന്റെ ക്യാപ്ഷനോ; ചര്‍ച്ചയായി സി.ബി.ഐ പോസ്റ്ററുകള്‍
Film News
'സ്ത്രീകളെ വേദനിപ്പിച്ചാല്‍ സേതുരാമയ്യര്‍ സഹിക്കില്ല'; ആറ് മണി സിരീയലിന്റെ ക്യാപ്ഷനോ; ചര്‍ച്ചയായി സി.ബി.ഐ പോസ്റ്ററുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th June 2022, 12:48 pm

സീരിസ് സിനിമകള്‍ അപൂര്‍വമായിരുന്ന മലയാള സിനിമയില്‍ 1988 മുതല്‍ വിവിധ തലമുറകളെ സ്വാധീനിച്ച സീരിസാണ് സി.ബി.ഐയുടേത്. മമ്മൂട്ടി- എസ്.എന്‍. സ്വാമി- കെ. മധു കൂട്ടുകെട്ടില്‍ വന്ന സി.ബി.ഐ സിനിമകള്‍ക്ക് കേരളത്തിന് പുറത്തേക്കും വലിയ ഫാന്‍ബേസാണ് ഉള്ളത്. എന്നാല്‍ സി.ബി.ഐ ചിത്രങ്ങളുടെ ശോഭ കെടുത്തുന്നതായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയ അഞ്ചാം ഭാഗമായ സി.ബി.ഐ 5 ദി ബ്രെയ്ന്‍.

മുന്‍ സി.ബി.ഐ സിനിമകളുടെ നിലവാരം പുലര്‍ത്താനായില്ല എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. മാറിയ കാലത്തിനനുസരിച്ചുള്ള മേക്കിങ്ങും തിരക്കഥയും ഒരുക്കിയില്ല എന്നതാണ് പ്രധാനമായും വിമര്‍ശകര്‍ ഉന്നയിച്ചത്. ഏറ്റവും ഔട്ട്‌ഡേറ്റാടായി ഉയര്‍ത്തി കാട്ടിയത് സി.ബി.ഐയുടെ പോസ്റ്ററുകളായിരുന്നു. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിന്റെ പോസ്റ്ററുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

‘സ്ത്രീകളെ വേദനിപ്പിച്ചാല്‍ സേതുരാമയ്യര്‍ സഹിക്കില്ല
ഒരു തരി വെറുപ്പ് മതി ഒരു മലയോളം സ്നേഹം ഇല്ലാതാക്കാന്‍
പ്രകൃതിക്ക് ഒരു നിയമമുണ്ട്, ഈശ്വരന് ഒരു നിശ്ചയമുണ്ട്, ഒരു കൊലപാതകം ചെയ്താല്‍ ഒരു കടുകുമണിയോളം തെളിവ് ബാക്കിവെച്ചേ മതിയാകൂ
വരും തലമുറക്കള്ള സന്ദേശവുമായെത്തിയ സേതുരാമയ്യര്‍ക്ക് വന്‍ സ്വീകരണം,’ എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍.

‘വരും തലമുറയ്ക്കുള്ള സന്ദേശവുമായി എത്തിയ സേതുരാമയ്യര്‍ക്ക് വന്‍ സ്വീകരണം! ഇത് ബുദ്ധിയുള്ള സിനിമ, ബുദ്ധി ഉപയോഗിച്ച് കാണേണ്ട സിനിമ! കുട്ടികളെ കാണിക്കുക, കുടുംബത്തോടൊപ്പം കാണുക’.

10 വര്‍ഷം മുമ്പേ ഇറങ്ങിയ ചിത്രങ്ങള്‍ക്ക് പോലും ഇത്തരം ക്യാപ്ഷനുകള്‍ ഇല്ലായിരുന്നു എന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. വൈകീട്ട് ആറ് മണിക്ക് ശേഷം സംപ്രേഷണം ചെയ്യുന്ന സീരിയലുകളുടെ ക്യാപ്ഷനുകളോടാണ് മറ്റ് ചിലര്‍ പോസ്റ്ററിലെ വാചകങ്ങളോട് ഉപമിച്ചത്.

സീരിയലുകളിലെ ക്യാപ്ഷനുകള്‍ക്ക് ഡബ്ബ് ചെയ്യുന്ന അലിയാരുടെ ശബ്ദത്തില്‍ ഈ വാചകങ്ങള്‍ സങ്കല്‍പിച്ച് നോക്കാനാണ് ചിലര്‍ ആവശ്യപ്പെടുന്നത്. ചിത്രത്തിന്റെ കഥയുമായി ഒരു ബന്ധവുമില്ലാത്ത വാചകങ്ങളാണ് പോസ്റ്ററില്‍ ഉപയോഗിച്ചത് എന്നും വിമര്‍ശനമുണ്ട്.

കഥാപാത്രങ്ങളെ കുത്തിനിറച്ച് ആദ്യമിറങ്ങിയ പോസ്റ്ററിനും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കഥാപാത്രങ്ങളുടെ ആധിക്യം തന്നെ വിമര്‍ശനമുയര്‍ത്തിയിരുന്നു എന്നത് മറ്റൊരു കാര്യം. മാളവിക മേനോന്‍, അന്‍സിബ, സുദേവ് നായര്‍, സ്വാസിക, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് ഒരു പ്രാധാന്യവുമില്ലാതെ സിനിമയിലെത്തിയിരിക്കുന്നത്.

‘ഈ സിനിമ നിങ്ങളിലെ ആത്മവിശ്വാസത്തെ ഉണര്‍ത്തും
പഠിക്കാനും മനസിലാക്കാനും തലമുറകള്‍ക്ക് കൈ മാറാനും ഒരു നല്ല സിനിമ,’ എന്നതായിരുന്നു കഥാപാത്രങ്ങളെ കുത്തി നിറച്ചുള്ള പോസ്റ്ററിലെ ക്യാപ്ഷന്‍.

Content Highlight: Following the OTT release of the cbi 5 the brain, the posters of the film are being discussed again