ചന്ദ്രികയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ഞങ്ങള്‍ക്കറിയാം; ബിരിയാണിച്ചെമ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടക്കില്ല; പി.കെ. അബ്ദുറബ്ബ്
Kerala News
ചന്ദ്രികയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ഞങ്ങള്‍ക്കറിയാം; ബിരിയാണിച്ചെമ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടക്കില്ല; പി.കെ. അബ്ദുറബ്ബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th June 2022, 3:02 pm

കോഴിക്കോട് : മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രിക പ്രസിദ്ധീകരണം നിര്‍ത്തുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്.

ചന്ദ്രിക പൂട്ടുന്നേ എന്നു പറഞ്ഞ് ബിരിയാണിച്ചെമ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ചിലരുടെ ശ്രമമെന്ന് പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘തന്നെ തീര്‍ക്കാന്‍ നടക്കുന്ന നേരത്ത് ചന്ദ്രികയെ നോക്കിക്കോളിം’ എന്നാണ് ചിലരുടെ ഉപദേശം. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പിറവി കൊള്ളും മുമ്പുണ്ടായ പത്രമാണ് ചന്ദ്രിക. ആ ചന്ദ്രികക്ക് ഇത്ര
കാലം ജീവനുണ്ടായിരുന്നെങ്കില്‍, മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ അവസാനശ്വാസം വരെ ആ ചന്ദ്രികക്കും ജീവനുണ്ടാകും,’ പി.കെ. അബ്ദുറബ്ബ് പറഞ്ഞു.

ബിരിയാണി കരിഞ്ഞപ്പോള്‍ പണ്ടാരി പണിഞ്ഞ സൂത്രം ഇവിടെ നടക്കില്ല ക്ലിഫ് ഹൗസിലെത്തിയ ബിരിയാണിച്ചെമ്പിന്റെ കഥ ജനമറിയട്ടെ, ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചന്ദ്രികയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ഞങ്ങളുടെ നേതാക്കന്‍മാര്‍ക്കറിയാം, പാണക്കാട് മാത്രമല്ല, ചന്ദ്രികയിലും
ഞങ്ങള്‍ മേസ്തിരിമാരെ വെച്ചിട്ടില്ല. കൂടെക്കൂടുന്നവര്‍ക്കൊക്കെ ശല്യമാണെന്ന് കരുതി, മൂട്ടയെ കൊല്ലാന്‍ ഞങ്ങള്‍
പീരങ്കിയെടുക്കാറുമില്ല,’ പി.കെ. അബ്ദുറബ്ബ് വ്യക്തമാക്കി.

ചന്ദ്രിക’ ആഴ്ച്ചപതിപ്പും ‘മഹിളാ ചന്ദ്രിക’യും പ്രസിദ്ധീകരണം നിര്‍ത്തുന്നതായി ബന്ധപ്പെട്ട വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ മന്ത്രി കെ.ടി. ജലീലും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച സമയവും പണവും ചന്ദ്രികക്ക് ചെലവഴിച്ചിരുന്നെങ്കില്‍ ഈ ഗതി ആ സ്ഥാപനത്തിന് വരുമായിരുന്നില്ലെന്നായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.

‘ആറു വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോ?

എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ച സമയവും ഊര്‍ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്നീ ഗതി ആ പത്രസ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബര്‍ വീരന്‍മാര്‍ സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുനസ്ഥാപിക്കാന്‍ ആവുന്നത് ചെയ്യുക. എന്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങള്‍ക്കൊരു ചുക്കും ചെയ്യാന്‍ കഴിയില്ലായെന്നും കെ.ടി. ജലീല്‍ പറഞ്ഞിരുന്നു.

അതേസമയം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ‘ചന്ദ്രിക’ ആഴ്ച്ചപതിപ്പും ‘മഹിളാ ചന്ദ്രിക’യും പ്രസിദ്ധീകരണം നിര്‍ത്തുന്നതായി ഡയറക്ടര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജൂണ്‍ ആറിനാണ് ഇതുസംബന്ധിച്ച നോട്ടിസ് ചന്ദ്രിക മാനേജ്‌മെന്റ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചത്.

Content Highlights: Following the news that Chandrika is stopping publishing, Muslim League leader P.K. Abdur Rabb.