പഴകിയ എണ്ണയിൽ പൊരിക്കേണ്ട; വൃത്തിഹീനമായി പലഹാരനിർമാണം നടത്തിയ രണ്ട് സ്ഥാപനങ്ങൾ പൂട്ടിച്ചു
keralanews
പഴകിയ എണ്ണയിൽ പൊരിക്കേണ്ട; വൃത്തിഹീനമായി പലഹാരനിർമാണം നടത്തിയ രണ്ട് സ്ഥാപനങ്ങൾ പൂട്ടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th August 2024, 8:58 am

കോഴിക്കോട്: എണ്ണക്കടി നിർമാണ യൂണിറ്റുകളിൽ നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനക്ക് പിന്നാലെ ജില്ലയിലെ രണ്ട് സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു. നഗരത്തിലും പരിസര പ്രദേശങ്ങളിലും വൃത്തിഹീനമായ രീതിയിൽ എണ്ണ പലഹാരങ്ങൾ നിർമിച്ച് നൽകുന്ന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനക്ക് പിന്നാലെയാണ് നടപടി.

നഗരത്തിലെ ഏഴ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പാളയം സി.പി ട്രേഡേഴ്സ്, മാവൂർ റോഡിൽ നാഷണൽ ഹോസ്പിറ്റലിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനം എന്നിവിടങ്ങളിലെ ഭക്ഷ്യ നിർമാണം വൃത്തിഹീനമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് രണ്ട് സ്ഥാപനങ്ങളും പൂട്ടിച്ചു. അവിടെ നിന്ന് പിടിച്ചെടുത്ത 100 കിലോ എണ്ണക്കടി നശിപ്പിക്കാൻ നഗരസഭാ ആരോഗ്യ വിഭാഗത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

50 കിലോ പിടിച്ചെടുത്ത് നശിപ്പിച്ചു. രണ്ട് സ്ഥാപനങ്ങൾക്കും ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ആയിരുന്നു പരിശോധന ആരംഭിച്ചത്. അസിസ്റ്റന്റ് കമ്മീഷണർ എ. സക്കീർ ഹുസൈന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പലഹാരങ്ങൾ ഉണ്ടാക്കുന്ന എണ്ണയുടെ ഗുണനിലവാരം , പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവയാണ് പരിശോധിച്ചത്.

എണ്ണയുടെ ഗുണനിലവാരം മൊബൈൽ ലാബിൽ ടി.പി.സി മെഷീൻ ഉപയോഗിച്ച് പരിശോധന നടത്തി. ടി.പി.സി 25 ശതമാനത്തിൽ കൂടുതൽ കണ്ടെത്തിയ എണ്ണയിൽ നിർമിച്ച 50 കിലോയോളം എണ്ണക്കടികളും നശിപ്പിച്ചിട്ടുണ്ട്.

ഇതോടൊപ്പം ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച് വരുന്ന മറ്റ് രണ്ട് സ്ഥാപനങ്ങൾ കൂടി അടച്ചുപൂട്ടാൻ നിർദേശം നൽകിയിട്ടുണ്ട്. രണ്ട് സ്‌കോഡുകളായി നടന്ന പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ ജിതിൻ .ആർ, ജോസഫ് കുര്യാക്കോസ്, എസ്. അർജുൻ എന്നിവർ ഭാഗമായി.

വരും ദിവസങ്ങളിൽ കർശനമായ പരിശോധനകൾ ഉണ്ടാകുമെന്നും വൃത്തിഹീനമായ പരിസ്ഥിതിയിലുള്ള ഭക്ഷ്യനിർമാണം കണ്ടെത്തിയാൽ സ്ഥാപനം അടച്ച് പൂട്ടുമെന്നും അസിസ്റ്റന്റ് കമ്മിഷണർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പലഹാര നിർമാണത്തിനായുപയോഗിക്കുന്ന എണ്ണ ദിവസവും മാറ്റണം. ചൂടായി തണുത്ത എണ്ണകൾ വീണ്ടും ചൂടാക്കുമ്പോൾ എണ്ണയുടെ രാസഘടനക്ക് വ്യത്യാസം വരും. എണ്ണയുടെ അളവ് കുറയുമ്പോൾ അതിൽ പുതിയ എണ്ണ ഒഴിച്ച് അളവ് കൂട്ടി പാചകം ചെയ്യുന്നതും ആരോഗ്യപ്രശനങ്ങൾ സൃഷ്ടിക്കും.

ഉപയോഗിച്ച് ബാക്കി വരുന്ന എണ്ണ റോക്കോ പദ്ധതി പ്രകാരം എഫ്.എസ്.എസ്.എ.ഐ അംഗീകൃത ബയോഡീസൽ നിർമാണ കമ്പനികൾക്ക് വിൽക്കാവുന്നതാണ്. അതിനാൽ സ്ഥാപനങ്ങൾക്ക് നഷ്ടവും വരില്ല. അംഗീകൃത റോക്കോ ഏജൻസികളുടെ വിവരങ്ങൾ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരിൽ നിന്ന് ലഭിക്കുന്നതാണ്.

 

 

Content Highlight: Following the food safety inspection conducted at the oil mill manufacturing units, two establishments in the district were locked down.