|

ഇറ്റലിക്കും സ്‌പെയ്‌നിനും പിന്നാലെ സിറിയയില്‍ എംബസി തുറന്ന് ജര്‍മനിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമസ്‌കസ്: സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ പതനത്തിന് പിന്നാലെ വിമത സര്‍ക്കാരിന് കീഴില്‍ എംബസി തുറന്ന്‌ ജര്‍മനിയും. ഡമസ്‌ക്കസിലെ സന്ദര്‍ശനത്തിനിടയില്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി പുനരാരംഭിക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് അറിയിച്ചു.

സിറിയന്‍ രാഷ്ട്രീയത്തിലെ പരിവര്‍ത്തനങ്ങളെ പിന്തുടരാനായി യൂറോപ്പിന് ‘കണ്ണും കാതും’ ആവശ്യമാണെന്ന്‌ ജര്‍മന്‍ വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ എംബസി തുറക്കുന്നതിലൂടെ, ജര്‍മനി ഡമാസ്‌കസില്‍ തിരിച്ചെത്തിയെന്നും സിറിയയില്‍ ജര്‍മനിക്ക് പരമപ്രധാനമായ താത്പര്യമുണ്ടെന്നും ഞങ്ങള്‍ വ്യക്തമായി പറയുകയാണ്,’ ബെയര്‍ബോക്ക് പറഞ്ഞു.

യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളില്‍, അസദിന്റെ പതനത്തിന് പിന്നാലെ ഇറ്റലിയും സ്‌പെയിനും കഴിഞ്ഞ വര്‍ഷം ഡമസ്‌കസില്‍ എംബസി തുറന്നിരുന്നു.

സിറിയയില്‍ നിന്ന് പലായനം ചെയ്ത അഭയാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം ജര്‍മനിയിലേക്ക് കുടിയേറിയിരുന്നു.

നിലവില്‍ എംബസിയില്‍ ചെറിയ സംഘമാണ് പ്രവര്‍ത്തിക്കുക. സിറിയയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാന്നിധ്യം വിപുലീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുരക്ഷാ കാരണങ്ങളും സ്ഥലപരിമിതിയും കാരണം, വിസ, കോണ്‍സുലാര്‍ വിഷയങ്ങള്‍ അയല്‍രാജ്യമായ ലെബനനിലെ ബെയ്റൂട്ടില്‍ നിന്നാണ് കൈകാര്യം ചെയ്യുക.

13 വര്‍ഷത്തിലേറെ നീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷം പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അട്ടിമറിച്ചാണ് വിമത സംഘടനയായ ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്) സിറിയയില്‍ അധികാരം പിടിച്ചത്. ഈ മാസം ആദ്യം, അസദ് വിശ്വസ്തരും രാജ്യത്തെ സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 1,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു.

ജര്‍മനിക്കും ഇറ്റലിക്കും മുമ്പായി സിറിയയില്‍ എംബസി തുറക്കുമെന്ന് ഖത്തറും തുര്‍ക്കിയും പ്രഖ്യാപിച്ചിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിറിയയില്‍ തുര്‍ക്കി എംബസി പ്രവര്‍ത്തിക്കുന്നത്.

സിറിയയില്‍ ആഭ്യന്തരകലാപം രൂക്ഷമായതിനെത്തുടര്‍ന്ന് മറ്റ് പല രാജ്യങ്ങളെപ്പോലെ തുര്‍ക്കിയും 2012ല്‍ രാജ്യത്തെ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. 2012 മാര്‍ച്ച് 26നാണ് തുര്‍ക്കി തങ്ങളുടെ എംബസി അടച്ചത്.

Content Highlight: Following Italy and Spain, Germany opens embassy in Syria

Video Stories