ലഖ്‌നൗ: സർക്കാർ പറയുന്ന നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ ആളുകൾ മുഹറത്തിന് വീട്ടിലിരിക്കണമെന്ന പ്രസ്താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഹറത്തിന്റെ സമയത്ത് ഉത്തർപ്രേദശിൽ കർശനമായ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അത് പാലിക്കാൻ കഴിയാത്തവർ വീട്ടിലിരിക്കണമെന്നുമായിരുന്നു യോഗിയുടെ പ്രസ്താവന. ജൂലൈ 14 ഞായറാഴ്ച നടന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലാണ് യോഗിയുടെ പരാമർശം.
‘ഓർക്കുക, മുമ്പ് മുഹറം കാലത്ത് റോഡുകൾ ശൂന്യമായിരുന്നു. എന്നാൽ ഇന്ന് ആളുകൾ ഒരു കാര്യത്തെയും ഗൗരവമായി കാണുന്നില്ല. മുഹറം പ്രമാണിച്ചുള്ള താസിയ ചടങ്ങിന്റെ പേരിൽ വീടുകൾ പൊളിച്ചു, പീപ്പിൾ മരങ്ങൾ മുറിച്ചു, റോഡിലെ കമ്പികൾ നീക്കം ചെയ്തു. എന്നാൽ ഇനി അങ്ങനെ ഒന്നും ഉണ്ടാകാൻ സർക്കാർ അനുവദിക്കില്ല.
ഇന്ന് ഒരു പാവപ്പെട്ടവൻ്റെയും കുടിൽ പൊളിക്കില്ല എന്ന് കൂടി പറയുന്നു. ഉത്സവം ആഘോഷിക്കണമെങ്കിൽ സർക്കാർ ചട്ടങ്ങൾ ഉണ്ടാക്കും. നിയമങ്ങൾക്കനുസൃതമായി ആഘോഷിക്കൂ, അല്ലാത്തപക്ഷം വീട്ടിൽ ഇരിക്കൂ,’ എന്നായിരുന്നു യോഗിയുടെ പ്രസ്താവന.
പൊതു സുരക്ഷ ഉറപ്പാക്കാൻ ഉത്സവങ്ങൾക്ക് ചട്ടങ്ങൾ രൂപീകരിക്കുന്നതിലാണ് സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾക്ക് ഉത്സവം ആഘോഷിക്കണമെങ്കിൽ നിയമം പാലിക്കണമെന്നും പാലിക്കാൻ സാധിക്കാത്തവർ വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും യോഗി സൂചിപ്പിച്ചു.
യു.പിയിൽ സർക്കാർ നടത്തുന്ന ഭരണങ്ങളിൽ ജനങ്ങൾ സുരക്ഷിതരാണെന്നും അവർക്ക് ബി.ജെ.പിയുടെ ഭരണത്തിൽ വിശ്വാസമുണ്ടെന്നും യോഗി പറഞ്ഞു.
കഴിഞ്ഞ ദിവസം യു.പിയിൽ മുഹറം ഘോഷയാത്രക്കിടെ ഫലസ്തീൻ പതാക വീശിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭദോഹി ജില്ലയിൽ നടന്ന ഘോഷയാത്രക്കിടെയാണ് യുവാവ് ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. തുടർന്ന് ഇയാളെ ഭദോഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.