| Monday, 30th December 2019, 5:31 pm

'കാവി നിറത്തിലുള്ള വസ്ത്രം യോഗിക്ക് ഒട്ടും യോജിച്ചതല്ല'; ഹിന്ദു ധര്‍മ്മം പിന്തുടരൂവെന്നും പ്രിയങ്കാഗാന്ധിയുടെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യോഗി ധരിച്ചിരിക്കുന്ന വസ്ത്രത്തിലെ നിറം ഹിന്ദു ധര്‍മ്മത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം അത് പിന്തുടരണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘പ്രതികാര’ പരാമര്‍ത്തിലായിരുന്നു പ്രിയങ്കയുടെ മറുപടി.
തന്റെ അഭിപ്രായത്തില്‍ ചരിത്രത്തില്‍ ഇത് ആദ്യമായിരിക്കും ഒരു മുഖ്യമന്ത്രി ഇത്തരമൊരു പരാമര്‍ശം നടത്തുന്നതെന്നും പ്രിയങ്ക പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കാവി നിറത്തിലുള്ള യോഗിയുടെ വസ്ത്രം അദ്ദേഹത്തിന് ഒട്ടും യോജിച്ചതല്ല. ഈ നിറം ഹിന്ദുധര്‍മ്മത്തെ സൂചിപ്പിക്കുന്നതാണ്. അത് പ്രതികാരത്തെയോ അക്രമത്തെയോ വിരോധത്തെ സൂചിപ്പിക്കുന്നതല്ല. യോഗി അത് പിന്തുടരണം’. പ്രിയങ്ക പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെയുണ്ടായ ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടിയില്‍ അന്വേഷണം വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതുമെന്നും പ്രിയങ്ക പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘പ്രതികാര’ പരാമര്‍ശത്തിന്റെ പുറത്താണ് സംസ്ഥാന ഭരണകൂടവും പൊലീസും പ്രവര്‍ത്തിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസ് നടപടിയെ പ്രകീര്‍ത്തിച്ച് യോഗി രംഗത്തെത്തിയിരുന്നു.
നടപടികള്‍ എല്ലാ പ്രതിഷേധക്കാരെയും നടുക്കിയെന്നും നിശബ്ദരാക്കിയെന്നുമായിരുന്നു യോഗിയുടെ ട്വീറ്റ്.

പൊതുമുതല്‍ നശിപ്പിക്കുന്ന എല്ലാവരില്‍ നിന്നും പിഴയൊടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. അക്രമകാരിയായ ഓരോ പ്രതിഷേധക്കാരും ഇനി കരയും, കാരണം ഉത്തര്‍പ്രദേശില്‍ ഒരു യോഗി സര്‍ക്കാരുണ്ട്.’ എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ട്വീറ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more