തിയേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിനെതിരെ പരാതിയുമായി നാടന്‍ പാട്ട് സംഘം. മെലോമാനിയാക് എന്ന ഗായക സംഘത്തിന് വേണ്ടി രാജീവന്‍ കൊയിലാണ്ടി ചിട്ടപ്പെടുത്തിയ ഗാനം അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചു എന്നാണ് ചിത്രത്തിനെതിരായ പരാതി. ക്ലൈമാക്‌സിനോടാകുമ്പോഴാണ് നാടന്‍ പാട്ട് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് കൊയിലാണ്ടിയിലെയും പേരാമ്പ്ര മാപ്പിള ഹൈസ്‌കൂളിലെയും കുട്ടികള്‍ പാടിയ നാടന്‍ പാട്ടാണ് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് രാജീവന്‍ പറയുന്നത്.
‘മലയ സമുദായക്കാരുടെ ഒരു തോറ്റം പാട്ടാണ് ഇത്. 2018 ല്‍ സ്‌കൂള്‍ കലോത്സവത്തിന് വേണ്ടി ചിട്ടപ്പെടുത്തിയതാണ് ഈ പാട്ട്. കാസര്‍ഗോഡുള്ള എന്റെ ഒരു സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു, കുട്ടികള്‍ക്ക് പഠിപ്പിക്കാനായിട്ട് സാര്‍ എനിക്കൊരു പാട്ട് തരണമെന്ന്. അങ്ങനെ പറഞ്ഞപ്പോള്‍ വേറെ ഒന്നും തോന്നിയില്ല. സതീശന്‍ വെളുത്തോളി എന്ന് പറയുന്ന സുഹൃത്താണ് പാട്ട് ചോദിച്ചത്. അദ്ദേഹത്തിന് കൊടുത്തയച്ചു.
പിന്നീട് സിനിമ ഇറങ്ങി കണ്ടപ്പോഴാണ് അജയന്റെ രണ്ടാം മോഷണം സിനിമയില്‍ ഈ പാട്ട് ഉപയോഗിച്ചിട്ടുണ്ട് എന്ന് അറിയുന്നത്. അപ്പോള്‍ തന്നെ ഞാന്‍ ഈ സിനിമയുടെ മ്യൂസിക് ഡയറക്ടറെ വിളിച്ച് ചോദിച്ചു, അദ്ദേഹം പറഞ്ഞത് സതീശന്‍ വെളുത്തോളിയാണ് പാട്ട് തന്നത് അങ്ങനെയാണ് പാട്ട് അജയന്റെ രണ്ടാം മോഷണത്തില്‍ എത്തുന്നത് എന്നാണ്,’ രാജീവന്‍ കൊയിലാണ്ടി പറഞ്ഞു.
കടുവ എന്ന ചിത്രത്തിലും തന്റെ ഗാനം വരികള്‍ മാറ്റി ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ തങ്ങളുടെ അടുത്ത് വന്ന് നേരത്തെ പറഞ്ഞിട്ടാണ് അത് എടുത്തതെന്നും രാജീവന്‍ കൊയിലാണ്ടി പറയുന്നു.
നവാഗതനായ ജിതിന്‍ ലാലാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധായകന്‍. ദിബു നൈനാന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അഞ്ചു ഭാഷകളിലായി ത്രി.ഡിയില്‍ പുറത്തിറങ്ങിയ ചിത്രം ഇതുവരെ 80 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു.
Content Highlight: Folk Singer Filed Complaint Against Ajayante Randam Moshanam Movie