കഥകളിലെ ആ വര്‍ണനകളല്ല യഥാര്‍ത്ഥ നാടോടി ജീവിതങ്ങള്‍
പ്ലാസ്റ്റികിന്റെ വരവോടുകൂടി തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ പരമ്പരാഗതമായി കുട്ട നെയ്ത് ജീവിച്ചിരുന്ന ഏതാനും കുടുംബങ്ങള്‍ക്ക് അവരുടെ തൊഴില്‍ നഷ്ടമായി. ജീവിക്കാനുള്ള വഴി കണ്ടെത്താന്‍ അവര്‍ ചൂലുകള്‍ നിര്‍മിക്കാന്‍ പഠിച്ചു. തമിഴ്‌നാട്ടില്‍ വേണ്ടത്ര ആവശ്യക്കാരില്ലാത്തതിനാല്‍ നിര്‍മിക്കുന്ന ചൂലുകളുമായി അവര്‍ യാത്ര തുടങ്ങി. പിന്നീട് യാത്രകള്‍ തന്നെയായി അവരുടെ ജീവിതം.
ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം അവര്‍ കുടിലുകള്‍ കെട്ടി. ചൂലുകളുണ്ടാക്കി നാട്ടുകാര്‍ക്കിടയില്‍ വിറ്റ് അന്നത്തെ അന്നത്തിനുള്ള വഴി കണ്ടെത്തി. വെയിലും മഴയും തണുപ്പും രോഗങ്ങളും അരക്ഷിതാവസ്ഥകളുമെല്ലാം സഹിച്ച് നിരന്തരം പാലായനം ചെയ്യേണ്ടിവരുന്ന ഈ മനുഷ്യരുടെ നാടോടി ജീവിതം കഥകളിലേതുപോലെ അത്ര സുന്ദരമല്ല.