തിരുവനന്തപുരം: അമേരിക്കയിലെ ട്രാവല്‍ ഉപദേശക ഏജന്‍സിയായ ഫോഡോര്‍സിന്റെ പട്ടികയില്‍ 2025ല്‍ സന്ദര്‍ശിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ കേരളവും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. 2025ല്‍ സന്ദര്‍ശിക്കാന്‍ പാടില്ലാത്തതും സന്ദര്‍ശിക്കേണ്ടതുമായ സ്ഥലങ്ങളുടെ പട്ടികയിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.
ഫോഡോര്‍സിന്റെ പട്ടിക പ്രകാരം ഇന്ത്യയിലെ ഏക സ്ഥലം കൂടിയാണ് കേരളം. സന്ദര്‍ശിക്കാന്‍ പാടില്ലാത്ത 15 സ്ഥലങ്ങളുള്ള നോ ലിസ്റ്റ് ഗണത്തിലാണ് കേരളം ഉള്‍പ്പെടുന്നത്.
പട്ടികയുടെ അടിസ്ഥാനത്തില്‍ മോശമാകാന്‍ തുടങ്ങിയ ഇടം എന്ന വിശേഷണമാണ് കേരളത്തിന് നല്‍കിയിരിക്കുന്നത്. അതേസമയം കേരളത്തിലെ പ്രകൃതി ദുരന്ത സാഹചര്യവും ജലാശയങ്ങള്‍ മലിനമാണെന്ന പ്രചാരണവുമാണ് കേരളം ഇത്തരത്തിലുള്ള ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേരളത്തിലെ പരിധിവിട്ട വിനോദ സഞ്ചാരമാണ് പ്രകൃതി ദുരന്തത്തിന്റെ സാധ്യത വര്‍ധിപ്പിച്ചതെന്നും സംസ്ഥാനത്ത് ദുരന്ത സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വേമ്പനാട് കായലില്‍ മലിനീകരണം വര്‍ധിച്ചുവെന്നും 2015നും 2022നും ഇടയില്‍ ഇന്ത്യയില്‍ നടന്ന മണ്ണിടിച്ചിലുകളില്‍ 60 ശതമാനവും കേരളത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ബഹിഷ്‌ക്കരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയല്ല, മറിച്ച് പ്രശ്‌നപരിഹാരത്തിന്റെ ആദ്യഘട്ടം ഇത്തരത്തിലൊരു പ്രശ്‌നമുണ്ടെന്ന് തിരിച്ചറിയലാണെന്നാണ് ഫോഡോര്‍സിന്റെ നിഗമനം.
85 വര്‍ഷമായി സന്ദര്‍ശിക്കേണ്ടതും അല്ലാത്തതുമായ സ്ഥലങ്ങളെ പരിചയപ്പെടുത്തുന്ന ഫോഡോര്‍സിന്റെ ഗോ ലിസ്റ്റും നോ ലിസ്റ്റും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നവയാണ്. 2025ലെ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നും മേഘാലയയാണ് ഗോ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കേരളത്തെ കൂടാതെ ഇന്തോനേഷ്യയിലെ ബാലി, കാനറി ദ്വീപുകള്‍, ബാഴ്‌സലോണ, മല്ലോര്‍ക്ക, തുടങ്ങിയ സ്ഥലങ്ങള്‍, തദ്ദേശ വാസികള്‍ ടൂറിസത്തിനെതിരെ സമരം ചെയ്യുന്ന സ്ഥലങ്ങള്‍, തായ്‌ലന്റിലെ കോ സാമുയി, എവറസ്റ്റ് കൊടുമുടി തുടങ്ങിയ പ്രദേശങ്ങളും ഈ വര്‍ഷത്തെ ഫോഡോര്‍സിന്റെ നോ ലിസ്റ്റിലുണ്ട്.
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഓണ്‍ലൈന്‍ ടൂറിസം വിവര ദാതാക്കളാണ് ഫോഡോര്‍സ്.
Content Highlight: Fodor’s Travel Guide; Kerala is also among the places not to visit