ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് ജാമ്യം നല്‍കിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച് സി.ബി.ഐ. ജാമ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ബി.ഐ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജി ഓഗസ്റ്റ് 25ന് കോടതി പരിഗണിക്കും.
ജാര്‍ഖണ്ഡ് ഹൈക്കോടതി നാല് കേസുകളിലായിരുന്നു ലാലുവിന് ജാമ്യം അനുവദിച്ചിരുന്നത്. ഈ നാല് ഉത്തരവും സി.ബി.ഐ ചോദ്യം ചെയ്തു. കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അപ്പീലുകള്‍ വിവിധ കോടതികളിലായി ഉണ്ട്.
950 കോടി കാലിത്തീറ്റ കുംഭകോണത്തില്‍ ബിഹാറിലുടനീളമുള്ള വിവിധ സര്‍ക്കാര്‍ ട്രഷറികളില്‍ നിന്നും മൃഗങ്ങളുടെ കാലിത്തീറ്റക്കുള്ള ഫണ്ട് അപഹരിച്ചു. ഇതിനായി മൃഗ സംരക്ഷണ വകുപ്പ് വ്യാജ ബില്‍ നല്‍കിയെന്നാണ് ആരോപണം. ഡൊറാണ്ട ട്രഷറി കേസില്‍ 99 പ്രതികളെ വെറുതെ വിട്ടിരുന്നു. 46 പ്രതികള്‍ക്ക് മൂന്ന് വര്‍ഷ തടവും കോടതി വിധിച്ചിരുന്നു. 1996 ല്‍ ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ചൈബാസ ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് ഖരേയാണ് ഫണ്ട് വെട്ടിപ്പ് കണ്ടെത്തിയത്. നേരത്തെ, ജാര്‍ഖണ്ഡിലെ ദുംക, ചൈബാസ, ഡിയോഗര്‍ എന്നീ ട്രഷറികളുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളില്‍ 14 വര്‍ഷ തടവ് ശിക്ഷ ലഭിച്ചിരുന്നു.
ഭൂമി തട്ടിപ്പ് കേസില്‍ ലാലു പ്രസാദ് യാദവിനും ഭാര്യ രാബ്രി ദേവിക്കും മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനുമെതിരെ കഴിഞ്ഞ മാസം സി.ബി.ഐ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. യാദവ് കുടുംബത്തിന് കുറഞ്ഞ വിലക്ക് ഭൂമി നല്‍കിയതിന് 2004-2009 കാലയളവില്‍ റെയില്‍വേ മന്ത്രിയായിരിക്കെ ആളുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നല്‍കിയെന്നാണ് ഭൂമി തട്ടിപ്പ് കേസിലെ ആരോപണം.
Content Highlights: Fodder scam cases; cbi challenged lalu prasad yadav bail