| Sunday, 21st February 2021, 7:00 pm

'ഇനിയെങ്കിലും ഒഴികഴിവുകള്‍ പറയുന്നത് നിര്‍ത്തി ഒരു പരിഹാരം കണ്ടുപിടിക്കൂ'; ഇന്ധനവില വര്‍ധനയില്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ധനവില വര്‍ധനവില്‍ പരിഹാരമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ച് ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിക്കുന്നതിനോടൊപ്പം അവയ്ക്ക് മേലുള്ള എക്‌സൈസ് നികുതിയും കേന്ദ്രം കുത്തനെ വര്‍ധിപ്പിക്കുന്നതെന്തിനെന്ന് കത്തില്‍ സോണിയ ചോദിച്ചു.

‘ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇത്തരം വിവേകശൂന്യമായ നയങ്ങളെ ന്യായീകരിക്കാന്‍ ഒരു സര്‍ക്കാരിന് എങ്ങനെ കഴിയുന്നു’, സോണിയ ചോദിച്ചു.

ജനങ്ങളോടുള്ള തങ്ങളുടെ ഉത്തരവാദിത്തം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇന്ധനവിലയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ എക്‌സൈസ് നികുതി പിന്‍വലിക്കണമെന്നും സോണിയ കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യത്ത് തുടര്‍ച്ചയായി പതിമൂന്ന് ദിവസം ഇന്ധന വില കൂട്ടിയിരുന്നു. പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ജനരോഷം ഉയരുകയാണ്.

രാജ്യത്തെ പല സ്ഥലങ്ങളിലും പെട്രോളിന്റെ വില നൂറ് കടന്നു. ഡീസലിന്റെ വിലയും 90 രൂപക്ക് മുകളിലായിരുന്നു. ഇന്ധനവില വര്‍ധനവ് പച്ചക്കറിയുടെയും മറ്റു അവശ്യ സാധനങ്ങളുടെയും വില വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ സമരങ്ങള്‍ നടന്നുവരുന്നുണ്ട്.

വില വര്‍ധനവ് തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്. വലിയ നികുതി നഷ്ടമുണ്ടാക്കുന്നതിനാല്‍ ഈ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ അനുകൂലിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Focus On Solutions Not Excuses Says Sonia Gandhi To Centre

We use cookies to give you the best possible experience. Learn more