Kerala News
ഫോക്കസ് മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നത് മോഷണമാണെന്ന് അധികൃതര്‍; മാള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടില്ലെന്ന്‍ പൊലീസ്
കോഴിക്കോട്: ഫോക്കസ് മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നത് മോഷണമാണെന്ന് മാള്‍ അധികൃതര്‍. മോഷണമാണെന്നു തെളിയിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് കൈമാറിയതായി ഉടമകളില്‍ ഒരാള്‍ പറഞ്ഞതായി തേജസ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്‍.ഐ.ടി ഖൊരക്പൂരിലെ അധ്യാപകനായ പ്രശാന്ത് ഗുപ്തക്ക് എതിരേയാണ് മോഷണ ആരോപണം ഉയര്‍ന്നത്. മാളിലെ ജീവനക്കാര്‍ പിടികൂടിയപ്പോള്‍ മാപ്പ് പറഞ്ഞു രക്ഷപ്പെട്ടതിന് ശേഷം മാളിലെ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടില്ലെന്ന് കസബ പൊലീസ് സ്റ്റേഷനില്‍ നിന്നും ഡൂള്‍ന്യൂസിനോട് പറഞ്ഞു. മാള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രശാന്ത് ഗുപതയെ മര്‍ദ്ദിച്ചെന്നും പിടിച്ചു പറിച്ചെന്നും മാള്‍ അധികൃതര്‍ പണം തട്ടിയെന്നുമുള്ള പരാതി മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും പൊലീസ് പറഞ്ഞു.
ലിപ്സ്റ്റിക് എടുത്തുവെന്ന് ആരോപിച്ച് പ്രശാന്ത് ഗുപ്തയെ മാളിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാനേജര്‍ യഹിയ, സ്ഥാപനത്തിലെ മറ്റൊരു സൂപ്പര്‍വൈസര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. യഹിയയുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. സംഭവത്തിന് പിന്നാലെ യഹിയയുടെ സിവില്‍ സ്റ്റേഷനിലെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
സാധനങ്ങള്‍ നോക്കി വാങ്ങുന്നതിനിടെ വീട്ടില്‍ നിന്ന് ഫോണ്‍ വന്നതോടെ പുറത്തേക്ക് പോവുമ്പോള്‍ ലിപ്സ്റ്റിക് റോളുകള്‍ അബദ്ധത്തില്‍ കയ്യിലെടുക്കുകയായിരുന്നു എന്നാണ് പ്രശാന്ത് കൊടുത്ത പരാതിയിലുള്ളത്. ഇത് കണ്ട ജീവനക്കാര്‍ പിന്നാലെയെത്തി ഇയാളെ അക്രമിക്കുക യായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
വൈകീട്ട് അഞ്ചരയ്ക്ക് സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലെ മുറിയിലെത്തിച്ച പ്രശാന്ത് ഗുപ്തയെ രണ്ടര മണിക്കൂറോളം മര്‍ദ്ദിച്ചെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സംഭവം മുമ്പും ഉണ്ടായതായും പലരേയും ഭീഷണിപ്പെടുത്തി പണം തട്ടിയതായും പൊലീസ് പറയുന്നു.
തട്ടിപ്പിനിരയാക്കിയവരില്‍ നിന്നും പിടിച്ചെടുക്കുന്ന സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റിലെ പ്രത്യേകം ലോക്കറില്‍ സൂക്ഷിക്കുകയാണ് പതിവ്. ഇത് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു.
വിവാഹമോതിരം, വാച്ച്, എ.ടി.എം കാര്‍ഡുകള്‍ എന്നിവ മാള്‍ ജീവനക്കാര്‍ കൈക്കലാക്കുകയും പല തവണയായി എ.ടി.എം കാര്‍ഡില്‍ നിന്ന് ഒരു ലക്ഷം രൂപയോളം സൂപ്പര്‍ മാര്‍ക്കറ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്‌തെന്നും പ്രശാന്ത് പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ പേഴ്സും മൊബൈലും ജാമ്യമായി ഇയാള്‍ തന്നെ ഏല്‍പ്പിക്കുകയായിരുന്നു എന്നും എ.ടി.എം കാര്‍ഡില്‍ നിന്ന് സാധനങ്ങളുടെ വിലയേക്കാള്‍ കൂടുതല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തതും ഇയാള്‍ തന്നെയാണെന്നുമാണ് മാള്‍ മാനേജ്‌മെന്റിന്റെ വാദം.
സംഭവസ്ഥലത്തു നിന്ന് പ്രശ്നം പറഞ്ഞു തീര്‍ത്ത് നഷ്ടപരിഹാരം നല്‍കി പോയത് മൂലമാണ് തങ്ങള്‍ പൊലിസില്‍ പരാതിപ്പെടാതിരുന്നതെന്നും മാനേജ്മെന്റ് വക്താവ് പറഞ്ഞു.