ന്യൂദല്‍ഹി: കൊവിഡില്‍ ആശ്വാസ പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. 1,70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി മുഖേനയാണ് പാക്കേജ്. മൂന്ന് മാസത്തേക്ക് അഞ്ച് കിലോ വീതം അരിയോ ഗോതമ്പോ സൗജന്യമായി നല്‍കും. നിലവില്‍ ലഭിക്കുന്നത് കൂടാതെ 5 കിലോ ധാന്യം ലഭ്യമാക്കും. പലവ്യജ്ഞനങ്ങളും പയര്‍വര്‍ഗങ്ങളും ഒരു കിലോ വീതം മൂന്ന് മാസത്തേക്ക് സൗജന്യമായി നല്‍കും. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്കാണ് ആനുകൂല്യം ലഭ്യമാക്കുക.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും. 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് ഉറപ്പാക്കുക. ആശാ വര്‍ക്കര്‍മാരും ശുചീകരണ തൊഴിലാളികളും ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടും.
തൊഴിലുറപ്പു പദ്ധതി പ്രകാരം 2000 രൂപ നല്‍കും. വനിതാ ജന്‍ധന്‍ ഉടമകള്‍ക്ക് 500 രൂപ വീതം മൂന്ന് മാസത്തേക്ക് നല്‍കും. 20 കോടി വനിതകള്‍ക്കാണ് തുക ലഭ്യമാകുക. രാജ്യത്തെ കര്‍ഷര്‍ക്ക് 2000 രൂപ വീതം കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായി നല്‍കും. 9 കോടി കര്‍ഷകര്‍ക്ക് രണ്ടായിരം കോടി ലഭിക്കും.