ഫ്‌ളവേഴ്‌സ് ഷോ: ചതിച്ചത് പ്രേക്ഷകരേയും പരിസ്ഥിതിയേയും മാത്രമല്ല, നൂറുണക്കിന് തൊഴിലാളികളെയുമാണ്: ചതി ഇങ്ങനെ
Labour Right
ഫ്‌ളവേഴ്‌സ് ഷോ: ചതിച്ചത് പ്രേക്ഷകരേയും പരിസ്ഥിതിയേയും മാത്രമല്ല, നൂറുണക്കിന് തൊഴിലാളികളെയുമാണ്: ചതി ഇങ്ങനെ
ഷഫീഖ് താമരശ്ശേരി
Monday, 21st May 2018, 4:31 pm

കൊച്ചി: അനധികൃത വയല്‍നികത്തലിന്റെ പേരില്‍ ഇതിനകം വിവാദത്തിലായ ഫ്ളവേഴ്സ് ടി.വിയുടെ റഹ്മാന്‍ ഷോയുടെ പേരില്‍ മറ്റൊരു ചൂഷണം കൂടി, ഷോ നടക്കേണ്ടിയിരുന്ന തൃപ്പൂണിത്തുറയിലെ ഇരുമ്പനം പ്രദേശത്തെ പാടശേഖരത്ത് ദിവസങ്ങളോളം പണിയെടുത്ത ഇതരസംസ്ഥാന തൊഴിലാളികളെയാണ് കൂലി നല്‍കാതെ സംഘാടകര്‍ വഞ്ചിച്ചതായി പരാതിയുയര്‍ന്നത്.

വഞ്ചിക്കപ്പെട്ടവരില്‍ കലൂരിലെ തമിഴ് തൊഴിലാളികളും

പരാതിയുമായി ഇതില്‍ പലരും പോലീസിനെ സമീപിച്ചിട്ടും അനുകൂലമായ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഷോയുടെ തിയ്യതിക്ക് മുന്നേ ജോലികള്‍ തീര്‍ക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടതിനാല്‍ രാത്രി ഒരു മണി വരെയെല്ലാം പണിയെടുത്ത തൊഴിലാളികളാണ് കൂലി ലഭിക്കാതെ വഞ്ചിക്കപ്പെട്ടിട്ടുള്ളത്. പെരുമഴയും വെയിലുമെല്ലാം സഹിച്ച് രാവന്തിയോളം പണിയെടുത്തിട്ടും ഒടുവില്‍ ചതിക്കപ്പെട്ടതിന്റെ നിസ്സഹായതിലാണ് ഇവര്‍.

മെയ് 12 ന് നടക്കാനിരുന്ന റഹ്മാന്‍ ഷോയുടെ സജ്ജീകരണങ്ങള്‍ക്കായി നൂറു കണക്കിന് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചിട്ടുണ്ട്. ഇവരില്‍ മിക്കവര്‍ക്കും ഇതുവരെ കൂലിനല്‍കിയിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ചിലര്‍ക്കാകട്ടെ പറഞ്ഞതിനേക്കാള്‍ എത്രയോ കുറഞ്ഞ കൂലി മാത്രമാണ് നല്‍കിയിട്ടുള്ളത്. കലൂരിലെ തൊഴില്‍ ചന്തയില്‍ നിന്നും സ്ത്രീകളടക്കം ഇരുപത് തൊഴിലാളികളെയാണ് ജോലിക്കായി കൊണ്ടുപോയിട്ടുള്ളത്.

എ.ആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ നടന്ന വയല്‍ നികത്തല്‍

“വൈകീട്ട് അഞ്ചുമണിയായപ്പോള്‍ ഞങ്ങള്‍ ജോലി അവസാനിപ്പിച്ച് തിരിച്ചു വരാനിരിക്കയായിരുന്നു. പക്ഷേ, ഷോ യുടെ തിയ്യതി അടുത്തെന്നും പെട്ടന്ന് ജോലികള്‍ തീര്‍ക്കാന്‍ സഹായിക്കണമെന്നും സംഘാടകര്‍ പറഞ്ഞതിനാല്‍ രാത്രി ഒരുമണി വരെയെല്ലാം ഞങ്ങള്‍ ജോലി ചെയ്തു. പരിപാടി ദിവസം മഴപെയ്തതിനാല്‍ ഷോ മുടങ്ങി. കൂലി ആവശ്യപ്പെട്ട് അവിടെ നിന്ന ഞങ്ങളെ ആരും കണ്ടഭാവം പോലും നടിച്ചില്ല. രാത്രി ഏറെ വൈകിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരെ ഞങ്ങള്‍ വിവരമറിയിച്ചു. ഇവരെ എവിടെ നിന്ന് കൂട്ടിയോ അവിടെ തന്നെ കൊണ്ടു വിടൂ, കൂലിയൊക്കെ പിന്നെ നോക്കാം എന്നാണ് പോലീസുകാര്‍ സംഘാടകരോട് പറഞ്ഞത്. രാത്രി രണ്ടുമണിയായപ്പോള്‍ അവര്‍ ഞങ്ങളെ കലൂരില്‍ തിരിച്ചുകൊണ്ടുവിടുകയായിരുന്നു. ഇതുവരെ ഒരു രൂപ പോലും നല്‍കിയിട്ടില്ല.” ഡിണ്ടിഗല്‍ സ്വദേശിയായ തമിഴ് തൊഴിലാളി മുരുകന്‍ പറയുന്നു.

നിലവില്‍ നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും നികത്തിയെടുക്കുന്നതിനായി പലവിധത്തിലുള്ള ശ്രമങ്ങളാണ് ഭൂമാഫിയകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫ്ളവേഴ്സ് ടി.വി യുടെ മുന്‍കൈയില്‍ നടന്ന റഹ്മാന്‍ ഷോ.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള ഇരുമ്പനത്ത് ഇക്കഴിഞ്ഞ മെയ് 12 ന് ആയിരുന്നു റഹ്മാന്‍ ഷോ നടക്കേണ്ടിയിരുന്നത്. മെഡിക്കല്‍ ട്രസ്റ്റ് മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള പാടശേഖരത്തില്‍ നിന്നും 26 ഏക്കറോളം ഭൂമി ഷോയുടെ പേരില്‍ ഘട്ടം ഘട്ടമായി മണ്ണിട്ടുനികത്തി. കേരളത്തില്‍ ആദ്യമായി നടക്കാനിരുന്ന ഇത്തരമൊരു ഷോയ്ക്ക് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമടക്കം നിരവധി വേദികളുണ്ടായിട്ടും പകരം വയല്‍ നികത്താനൊരുങ്ങിയത് തുടക്കം മുതലേ പരിപാടിയെ വിവാദമാക്കിയിരുന്നു.

വിഖ്യാത ഗായകന്റെ പേരും പ്രശസ്തിയും അദ്ദേഹത്തോടുള്ള ആദരവും മറയാക്കി കോടികള്‍ വിലമതിക്കുന്ന സ്ഥലം നികത്തിയെടുക്കാനുള്ള നീക്കമായിരുന്നു ഇതിന്റെ പിന്നിലെന്ന് നിസ്സംശയം പറയാം. നൂറുകണക്കിന് ട്രിപ്പറുകളും ജെ.സി.ബി കളും ഉപയോഗിച്ച് ആയിരക്കണക്കിന് ലോഡ് മണ്ണാണ് റഹ്മാന്‍ ഷോയുടെ മറവില്‍ പാടം നികത്താനായെത്തിച്ചത്. വയലിനോട് ചേര്‍ന്നൊഴുകിയിരുന്ന ആറ് മീറ്റര്‍ വീതിയുണ്ടായിരുന്ന ഒരു തോടും ഇവര്‍ മണ്ണിട്ടുനികത്തി. എറണാകുളം കളക്ടറേറ്റില്‍ നിന്നും കേവലം അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ഇത്ര നഗ്‌നമായ നിയമലംഘനം നടന്നിട്ടും ഉദ്യോഗസ്ഥരും രാഷ്ട്രീയപ്പാര്‍ട്ടികളും ഇതിന് നേരെ കണ്ണടക്കുകയാണുണ്ടായത്. വയല്‍ ഭൂമിയുടെ സാരമായ ഭാഗം മണ്ണിട്ടുനികത്തിയതോടെ സമീപ ഭാഗം മുഴുവന്‍ വെള്ളമുയര്‍ന്നു. ഇത് പരിസരവാസികളെ ബാധിച്ചതോടെ നാട്ടുകാരും പ്രതിഷേധവുമായെത്തിയിരിക്കയാണ്.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍