| Sunday, 21st April 2024, 11:17 am

കമ്യൂണിസം വളരുമെന്ന് ഭയം; വിദ്യാര്‍ത്ഥികളെ 'കമ്യൂണിസത്തിന്റെ അപകടങ്ങള്‍' പഠിപ്പിക്കാനൊരുങ്ങി ഫ്‌ളോറിഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടാലഹസ്സി: കിന്റര്‍ഗാര്‍ഡണ്‍ മുതലുള്ള വിദ്യാര്‍ത്ഥികളെ കമ്യൂണിസത്തിന്റെ അപകടങ്ങളെ കുറിച്ച് പഠിപ്പിക്കാനൊരുങ്ങി ഫ്‌ളോറിഡ. ഇത് സംബന്ധിച്ച ബില്ലില്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ഈ വര്‍ഷം ജൂലൈ മുതല്‍ പുതിയ ബില്ല് പ്രാപല്യത്തില്‍ വരും.

2026-27 അധ്യായന വര്‍ഷം എല്ലാ വിദ്യാലയങ്ങളിലും ഇത് നടപ്പിലാക്കും. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രായത്തിനനുസരിച്ച് കമ്യൂണിസത്തിന്റെ ചരിത്രം പഠിപ്പിക്കണമെന്നാണ് ബില്ലില്‍ പറയുന്നത്.

സ്വദേശത്തും വിദേശങ്ങളിലുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം, ചൈനയിലും ക്യൂബയിലും ലാറ്റിനമേരിക്കയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വ്യാപിച്ചത്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ക്രൂരതകള്‍ ഇവ സംബന്ധിച്ചെല്ലാം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്നും ബില്ല് പറയുന്നു. മാത്രവുമല്ല, 20ാം നൂറ്റാണ്ടില്‍ യു.എസിലും സഖ്യ കക്ഷികളും കമ്യൂണിസം ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവാന്‍മാരാക്കണമെന്നും പുതിയ ബില്ലില്‍ പറയുന്നു.

കോളേജുകളിലും സര്‍വകലാശാലകളിലുമെത്തുന്ന വിദ്യാര്‍ത്ഥികള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ചേരുന്നതിനെ തടയുക, കോളേജുകളില്‍ നടക്കുന്ന കമ്യൂണിസ്റ്റ് പ്രബോധനങ്ങളെ പ്രതിരോധിക്കുക തുടങ്ങിയവയാണ് പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യമെന്ന് ഫ്‌ളോറിഡ ഗവര്‍ണറുടെ ഓഫീസ് പുറത്തിറിക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

‘ ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ അജ്ഞതയില്‍ ജീവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, കമ്യൂണിസത്തിന്റെ തിന്മകളെയും അപകടങ്ങളെയും കുറിച്ച് ഫ്‌ളോറിഡയിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും’ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കിന്റര്‍ഗാര്‍ഡന്‍ മുതല്‍ 12ാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതിയില്‍ കമ്യൂണിസത്തെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് ഫ്‌ളോറിഡ സ്‌റ്റേറ്റ് വിദ്യാഭ്യാസ കമ്മീഷണര്‍ മാന്നി ഡയസും വ്യക്തമാക്കി.

1961ലെ ബേ പിഗ്‌സിന്റെ 63ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫ്‌ളോറിഡ പുതിയ വിദ്യാഭ്യാസ ബില്ല് തയ്യാറാക്കിയത്. ശീതയുദ്ധ കാലത്ത് ക്യൂബയില്‍ നിന്ന് ഫിദല്‍കാസ്‌ട്രോയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനായി അമേരിക്ക നടത്തിയ പരജായപ്പെട്ട ശ്രമമായിരുന്നു ബേ ഓഫ് പിഗ്‌സ്.

CONTENT HIGHLIGHTS: Florida set to teach kids ‘dangers of communism’; will be included in the curriculum

We use cookies to give you the best possible experience. Learn more