| Thursday, 1st February 2024, 8:15 am

തെറ്റായി പരിഭാഷപ്പെടുത്തിയ വീഡിയോയിലെ പരാമർശം; യു.എസിലെ മുസ്‌ലിം എം.പിയെ നാടുകടത്തണമെന്ന് ഫ്ലോറിഡ ഗവർണർ

സ്പോര്‍ട്സ് ഡെസ്‌ക്

വാഷിങ്ടൺ: സൊമാലിയയെ കുറിച്ച് നടത്തിയ പ്രസംഗത്തിലെ തെറ്റായ പരിഭാഷയുടെ പുറത്ത് സൊമാലി വംശജയായ യു.എസ് എം.പി ഇൽഹാൻ ഉമറിനെതിരെ വ്യാപക വിമർശനം.

സൊമാലിയൻ വംശജയായ ഇൽഹാൻ ഉമറിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്നും നാടുകടത്തണമെന്നും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ആവശ്യപ്പെട്ടു.

യു.എസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ നിന്ന് ഈയിടെ പിന്മാറുകയും ഡൊണാൾഡ് ട്രംപിനെ പിന്തുണക്കുകയും ചെയ്ത ആളാണ് ഡിസാന്റിസ്.

മിന്നപ്പോലിസിൽ സോമാലി അമേരിക്കൻ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇൽഹാൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിലാണ് വിമർശനം നേരിടുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രസംഗത്തിന്റെ തെറ്റായ പരിഭാഷയിൽ സൊമാലിയക്കാർ എന്ന നിലയിൽ നമ്മൾ പരസ്പരം സ്നേഹിക്കുന്നു എന്നാണ് പറയുന്നതെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

‘നമ്മൾ പരസ്പരം കൊല്ലുന്ന തരത്തിലുള്ള അസ്വാരസ്യങ്ങളുള്ള മേഖലകളുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നമ്മളൊരു സംഘടിത സമൂഹമാണ്. സഹോദരീ സഹോദരന്മാർ, ഒരേ രക്തത്തിലുള്ളവർ, ആദ്യം നമ്മൾ സൊമാലികളും പിന്നീട് മുസ്‌ലിങ്ങളുമാണ്. തമ്മിൽ സംരക്ഷണം നൽകുകയും ഒരു സഹായത്തിനായി വരികയും മറ്റ് മുസ്‌ലിങ്ങളെ സഹായിക്കുകയും ചെയ്യുന്നവർ,’ ഇൽഹാൻ പറഞ്ഞതായി തെറ്റായി പ്രചരിക്കുന്നു.

സൊമാലിയയിൽ നിന്ന് 1991ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാൻഡിലെ ഉപ വിദേശകാര്യ മന്ത്രി റോഡ ജാമ എൽമിയാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത പരിഭാഷയോട് കൂടിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

ഇൽഹാൻ വംശീയ വിദ്വേഷം നടത്തിയെന്നും അവരുടെ സഹ എം.പിമാർ ഇൽഹാൻ പൊതുവേദികളിൽ പറയുന്നത് ശ്രദ്ധിക്കണമെന്നും റോഡ ജാമ എൽമി പറഞ്ഞു.

അതേസമയം വീഡിയോയുടെ പരിഭാഷ തെറ്റാണെന്ന് ഇൽഹാനും സൊമാലി സംസാരിക്കുന്നവരും എക്‌സിലൂടെ അറിയിച്ചു.

ഇൽഹാന്റെ വീഡിയോ ശരിയായി പരിഭാഷപ്പെടുത്തി അബ്‌ദിറാഷിദ്‌ ഹാഷി എന്ന സൊമാലി അനലിസ്റ്റ് പോസ്റ്റ്‌ ചെയ്തത് ഇൽഹാൻ റിപോസ്റ്റ്‌ ചെയ്തിരുന്നു.

‘നമ്മൾ സൊമാലികൾ പരസ്പരം സ്നേഹിക്കുന്നവരാണ്. നമ്മളിൽ ചിലർ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതകളുണ്ട്. എന്നാൽ കാര്യങ്ങൾ പ്രയാസകരമാകുമ്പോൾ നമ്മൾ ഓടി വരും. നമ്മൾ സഹോദരീ സഹോദരന്മാരാണ്, തമ്മിൽ പിന്തുണക്കുന്നു.

സൊമാലികളും മുസ്‌ലിങ്ങളുമാണെന്ന് തിരിച്ചറിയുന്നവരാണ്. തമ്മിൽ തമ്മിൽ സഹായിക്കാനും തങ്ങളുടെ സഹോദരീ സഹോദരന്മാരെ സഹായിക്കാനും മുന്നോട്ട് വരുന്നു.

സൊമാലിയ എല്ലാ സൊമാലികളുടേതുമാണ്. സൊമാലിയ ഒന്നാണ്. നമ്മുടെ നാട് വിഭജിക്കപ്പെട്ടിട്ടില്ല. നമ്മളിൽ നിന്ന് ആ ഭൂമി തട്ടിയെടുത്തതാണ്. ദൈവാനുഗ്രഹത്തോടെ ഒരിക്കൽ നമ്മളത് തിരിച്ചുപിടിക്കും, എന്നാൽ ഇപ്പോൾ നമ്മൾ വിഭജിക്കപ്പെട്ടിട്ടില്ല,’ ഇൽഹാൻ നടത്തിയ പ്രസംഗത്തിന്റെ യഥാർത്ഥ പരിഭാഷയായി വിലയിരുത്തുന്നു.

2019ൽ യു.എസ് ചരിത്രത്തിലെ ആദ്യ സൊമാലി അമേരിക്കൻ കോൺഗ്രസ്‌ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇൽഹാൻ യുഎസ് കോൺഗ്രസിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ രണ്ട് മുസ്‌ലിം വനിതകളിൽ ഒരാൾ കൂടിയാണ്.

അമേരിക്കയുടെ വിദേശ നയങ്ങളെയും യു.എസ് സൈനിക നടപടികളെയും ശക്തമായി വിമർശിക്കുന്നതിന്റെ പേരിൽ ശ്രദ്ധേയയായ ഇൽഹാൻ കറുത്ത വർഗ്ഗക്കാരി എന്ന നിലയിലും മുസ്‌ലിം വനിത എന്ന നിലയിലും നിരന്തരം ആക്രമിക്കപ്പെടുകയാണ്.

സ്വന്തം പാർട്ടിയായ ഡെമോക്രാറ്റിക്കിൽ നിന്ന് പോലും ഇൽഹാൻ വിമർശനങ്ങൾ നേരിടുന്നുണ്ട്.

Content Highlight: Florida’s Governor DeSantis calls for deportation of Ilhan Omar over mistranslated remarks

We use cookies to give you the best possible experience. Learn more