വാഷിങ്ടൺ: സൊമാലിയയെ കുറിച്ച് നടത്തിയ പ്രസംഗത്തിലെ തെറ്റായ പരിഭാഷയുടെ പുറത്ത് സൊമാലി വംശജയായ യു.എസ് എം.പി ഇൽഹാൻ ഉമറിനെതിരെ വ്യാപക വിമർശനം.
സൊമാലിയൻ വംശജയായ ഇൽഹാൻ ഉമറിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്നും നാടുകടത്തണമെന്നും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ആവശ്യപ്പെട്ടു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ഈയിടെ പിന്മാറുകയും ഡൊണാൾഡ് ട്രംപിനെ പിന്തുണക്കുകയും ചെയ്ത ആളാണ് ഡിസാന്റിസ്.
മിന്നപ്പോലിസിൽ സോമാലി അമേരിക്കൻ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇൽഹാൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിലാണ് വിമർശനം നേരിടുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രസംഗത്തിന്റെ തെറ്റായ പരിഭാഷയിൽ സൊമാലിയക്കാർ എന്ന നിലയിൽ നമ്മൾ പരസ്പരം സ്നേഹിക്കുന്നു എന്നാണ് പറയുന്നതെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.
‘നമ്മൾ പരസ്പരം കൊല്ലുന്ന തരത്തിലുള്ള അസ്വാരസ്യങ്ങളുള്ള മേഖലകളുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നമ്മളൊരു സംഘടിത സമൂഹമാണ്. സഹോദരീ സഹോദരന്മാർ, ഒരേ രക്തത്തിലുള്ളവർ, ആദ്യം നമ്മൾ സൊമാലികളും പിന്നീട് മുസ്‌ലിങ്ങളുമാണ്. തമ്മിൽ സംരക്ഷണം നൽകുകയും ഒരു സഹായത്തിനായി വരികയും മറ്റ് മുസ്‌ലിങ്ങളെ സഹായിക്കുകയും ചെയ്യുന്നവർ,’ ഇൽഹാൻ പറഞ്ഞതായി തെറ്റായി പ്രചരിക്കുന്നു.
സൊമാലിയയിൽ നിന്ന് 1991ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാൻഡിലെ ഉപ വിദേശകാര്യ മന്ത്രി റോഡ ജാമ എൽമിയാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത പരിഭാഷയോട് കൂടിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
ഇൽഹാൻ വംശീയ വിദ്വേഷം നടത്തിയെന്നും അവരുടെ സഹ എം.പിമാർ ഇൽഹാൻ പൊതുവേദികളിൽ പറയുന്നത് ശ്രദ്ധിക്കണമെന്നും റോഡ ജാമ എൽമി പറഞ്ഞു.
അതേസമയം വീഡിയോയുടെ പരിഭാഷ തെറ്റാണെന്ന് ഇൽഹാനും സൊമാലി സംസാരിക്കുന്നവരും എക്‌സിലൂടെ അറിയിച്ചു.