| Friday, 28th April 2023, 5:55 pm

ഇസ്രാഈലിന്റെ ആഭ്യന്തര വിഷയങ്ങളില്‍ അമേരിക്ക ഇടപെടേണ്ടതില്ല; ജുഡീഷ്യറി പരിഷ്‌കരണത്തില്‍ ബൈഡനെ തള്ളി ഫ്‌ളോറിഡ ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രാഈലിലെ ജുഡീഷ്യറി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അഭിപ്രായങ്ങളെ തള്ളി ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ദേ സാന്റിസ്. ജുഡീഷ്യറി പരിഷ്‌കരണമുള്‍പ്പെടെയുള്ള ഇസ്രാഈലിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടേണ്ട ആവശ്യമെല്ലെന്നാണ് സാന്റിസ് പറഞ്ഞത്. ഈസ്രാഈല്‍ സ്ഥാപിതമായതിന്റെ 75ാം വാര്‍കിത്തോടനുബന്ധിച്ച് ജറുസലേമില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.

‘അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയായാണ് ഞാന്‍ ഇസ്രാഈലിനെ കാണുന്നത്, എന്നാല്‍ നമ്മള്‍ അവരുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്,’ സാന്റിസ് പറഞ്ഞു.

ഇസ്രാഈലിന്റെ തീരുമാനങ്ങളെയും ഭരണത്തെയും അമേരിക്ക ബഹുമാനിക്കണമെന്നും സാന്റിസ് കൂട്ടിച്ചേര്‍ത്തു. 2019ലെ സന്ദര്‍ശനത്തിനിടെ ജറുസലേമിലെ പടിഞ്ഞാറന്‍ മതിലിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തിയതും സാന്റിസ് ഓര്‍ത്തെടുത്തു. ചുഴലിക്കാറ്റുകള്‍ ബാധിക്കാതെ ആ വര്‍ഷം കടന്നു പോകാന്‍ സംസ്ഥാനത്തിന് കഴിയണമേ എന്ന് താന്‍ പടിഞ്ഞാറന്‍ മതിലിന് മുന്നില്‍ പ്രാര്‍ത്ഥിച്ചുവെന്നും അത്തവണ ചുഴലിക്കാറ്റുകള്‍ ഫ്‌ളോറിഡയെ അധികം ബാധിച്ചില്ലെന്നും സാന്റിസ് പറഞ്ഞു. അത് തന്റെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ഇത്തവണ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളയാളാണ് സാന്റിസ്. ഫ്‌ളോറിഡ എക്കണോമിക് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ ട്രേഡ് മിഷന്റെ ഭാഗമായി ബ്രിട്ടന്‍, സൗത്ത് കൊറിയ, ജപ്പാന്‍, ഇസ്രാഈല്‍ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ് സാന്റിസ് ഇപ്പോള്‍. ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായി സാന്റിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ജുഡീഷ്യറി പരിഷ്‌കരണങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും നേരത്തെ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. ബൈഡന്റെ പ്രസ്തുത നിലപാടിനെതിരെയാണ് സാന്റിസ് രംഗത്തെത്തിയിരിക്കുന്നത്.

ജഡ്ജിമാരുടെ നിയമനവും പുറത്താക്കലുമുള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണമായ അധികാരം നല്‍കുന്നതുള്‍പ്പെടെ വിവാദപരമായ പരിഷ്‌കരണങ്ങളാണ് രാജ്യത്ത് നടപ്പാക്കാന്‍ നെതന്യാഹു സര്‍ക്കാര്‍ ശ്രമിച്ചത്. ജുഡീഷ്യറി പരിഷ്‌കരണത്തിലൂടെ അധികാരം പൂര്‍ണമായും സര്‍ക്കാരിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമമായിരുന്നു ഇത്.

ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ജുഡീഷ്യറി പരിഷ്‌കരണ നീക്കങ്ങളില്‍ നിന്ന് താത്കാലികമായി നെതന്യാഹു പിന്‍വാങ്ങിയിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തിന് പുറമേ സ്വന്തം സര്‍ക്കാരില്‍ നിന്നും, പാര്‍ട്ടിയില്‍ നിന്നും പരിഷ്‌കരണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നെതന്യാഹുവിന്റെ പിന്മാറ്റം. എന്നാല്‍ സര്‍ക്കാരിന്റെ പിന്മാറ്റം താല്‍കാലികമാണെന്നും വീണ്ടും പരിഷ്‌കരണ ശ്രമങ്ങളുമായി നെതന്യാഹു മുന്നോട്ട് വരുമെന്നുമുള്ള ആശങ്ക ജനങ്ങള്‍ക്കുണ്ട്. അതിനാല്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ തുടരുകയാണ്.

സുപ്രീംകോടതി വിധി അസാധുവാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍, ഭരണകക്ഷിക്ക് അധികാരം ലഭ്യമാക്കുന്ന തരത്തിലായിരുന്നു നിയമ പരിഷ്‌കാരങ്ങള്‍. അഴിമതിക്കേസുകളില്‍ ആരോപണ വിധേയനായ നെതന്യാഹുവിന്, ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന നിലയിലാണ് ജുഡീഷ്യറി പരിഷ്‌കരണവുമായി മുന്നോട്ട് പോകുന്നതെന്ന വിമര്‍ശനം ശക്തമാണ്.

Content Highlights: Florida Governor rejects Biden on judiciary reform

We use cookies to give you the best possible experience. Learn more