| Saturday, 15th June 2024, 11:10 am

യൂറോയിൽ കൊടുങ്കാറ്റായി ജർമൻ പടക്കോപ്പ്! ആദ്യ കളിയിൽ തന്നെ തൂക്കിയത് ഇരട്ട റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ജര്‍മനി ജയത്തോടെ തുടങ്ങി. സ്‌കോട്ലാന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ജര്‍മനി തകര്‍ത്തുവിട്ടത്. ആലിയന്‍സ് അറീനയില്‍ നടന്ന 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയരായ ജര്‍മനി കളത്തിലിറങ്ങിയത്. മറുഭാഗത്ത് 5-4-1 എന്ന ശൈലിയുമായിരുന്നു സ്‌കോട്ലാന്‍ഡ് പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി പത്താം മിനിട്ടില്‍ തന്നെ ഫ്ളോറിന്‍ വിറ്റ്സിലൂടെ ജര്‍മനി ആദ്യ ഗോള്‍ നേടി. ഈ ഗോളിന് പിന്നാലെ ഒരുപിടി ചരിത്രനേട്ടങ്ങളാണ് വിറ്റ്‌സ് സ്വന്തമാക്കിയത്. യൂറോ കപ്പിന്റെ ചരിത്രത്തില്‍ ആദ്യ മത്സരത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ഈ 21കാരന്‍ സ്വന്തമാക്കിയത്. ഇതിന് പുറമേ ജര്‍മനിക്കായി യൂറോ കപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി മാറാനും വിറ്റ്‌സിന് സാധിച്ചു.

ഈ സീസണിലെ ബുണ്ടസ് ലീഗ കിരീടം നേടിയ ബയര്‍ ലെവര്‍കൂസനിലെ മുന്നേറ്റനിരയിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു ഫ്‌ലോറിന്‍ വിറ്റ്‌സ്. സാബി അലോണ്‍സയുടെ കീഴില്‍ 11 ഗോളുകളും 12 അസിസ്റ്റുകളുമാണ് താരം ലെവര്‍കൂസന് വേണ്ടി നേടിയത്. താരത്തിന്റെ മിന്നും ഫോം സ്വന്തം ദേശീയ ടീമിന് വേണ്ടിയും പുറത്തെടുത്തതാണ് ഏറെ ശ്രദ്ധേയമായത്.

വിറ്റ്‌സിന് പുറമെ ജമാല്‍ മുസിയാല 19, കൈ ഹവേര്‍ട്സ് 45+1, നിക്കാള്‍സ് ഫുള്‍ബര്‍ഗ് 68, എമറെ ചാന്‍ 90+3 എന്നിവരാണ് ജര്‍മനിയുടെ മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. 87ാംമിനിട്ടില്‍ അന്റോണിയോ റൂഡിഗറിന്റെ ഓണ്‍ ഗോളിലൂടെയാണ് സ്‌കോട്ലാന്‍ഡിന്റെ ഏകഗോള്‍ പിറന്നത്.

ജയത്തോടെ മൂന്ന് പോയിന്റോടെ ഒന്നാം സ്ഥാനത്തെത്താനും ജര്‍മനിക്ക് സാധിച്ചു. ജൂണ്‍ 19ന് ഹങ്കറിക്കെതിരെയാണ് ജര്‍മനിയുടെ അടുത്ത മത്സരം.

Content Highlight: Florian Witz Create a New Record in Euro Cup

We use cookies to give you the best possible experience. Learn more