കോപ്പ ഡെല്‍ റേ ട്രോഫി ലോസ് ബ്ലാങ്കോസ് തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുകയാണ്. 2014ന് ശേഷം ആദ്യമായാണ് റയല്‍ മാഡ്രിഡ് ടൈറ്റില്‍ തങ്ങളുടെ പേരിലാക്കുന്നത്. ഈ സീസണിലെ മൂന്നാമത്തെ ട്രോഫിയാണ് റയല്‍ സ്വന്തമാക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലും മികച്ച പ്രകടനമാണ് ക്ലബ്ബ് കാഴ്ചവെക്കുന്നത്.
കോപ്പയില്‍ ഒസാസുനക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി റോഡ്രിഗോയാണ് ലോസ് ബ്ലാങ്കോസിനായി തിളങ്ങിയത്. കളിയുടെ 2, 70 മിനിട്ടുകളിലായിരുന്നു താരം വല കുലുക്കിയത്. 58ാം മിനിട്ടില്‍ ലൂക്കാസ് ടോറോ ഒസാസുനക്കായി ആശ്വാസ ഗോള്‍ നേടി.
മത്സരത്തില്‍ റയലിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ വിനീഷ്യസിന് സാധിച്ചിരുന്നു. താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരേസ്.
‘ആ പൊസിഷനില്‍കളിക്കുന്നവരെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച താരമാണ് വിനീഷ്യസ്. അവനെ പോലെയുള്ള കളിക്കാരെയാണ് നമ്മള്‍ വാര്‍ത്തെടുക്കേണ്ടത്,’ പെരേസ് പറഞ്ഞു.
വിനീഷ്യസിനെ പുകഴ്ത്തി റയല്‍ സോസിഡാഡ് കോച്ച് ഇമ്മാനുവല്‍ അല്‍ഗ്വാസില്‍ രംഗത്തുണ്ടായിരുന്നു. കാര്‍ലോ ആന്‍സലോട്ടിയുടെ കീഴില്‍ വിനി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അദ്ദേഹമൊരു പ്രത്യേക കളിക്കാരനാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണെന്നും അല്‍ഗ്വാസില്‍ പറഞ്ഞു.
‘വിനീഷ്യന്‍ ഡിഫറനസ് മേക്കറാണെന്ന് കാണിച്ചുകൊണ്ടിരിക്കുകയാണ്. ചില സമയത്ത് അവനുണ്ടെങ്കിലും മറ്റ് താരങ്ങള്‍ വിജയിക്കാറുണ്ട്. എന്നാലും വിനീഷ്യസിന് ഇത് മികച്ച സീസണ്‍ ആണെന്ന് ഇതിനോടകം വ്യക്തമാണ്,’ അദ്ദേഹം പറഞ്ഞു.
അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ കളിച്ച മത്സരങ്ങളില്‍ നാല് ജയവും 13 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. മെയ് ഒമ്പതിന് ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം.