| Tuesday, 23rd May 2023, 5:45 pm

'അവന്‍ ഭ്രാന്തനും വിഡ്ഢിയുമാണ്'; ക്രിസ്റ്റ്യാനോയെ അധിക്ഷേപിക്കുന്ന റയല്‍ മാഡ്രിഡ് പ്രസിഡന്റിന്റെ ഓഡിയോ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോയെ റൊണാള്‍ഡോയെ താരത്തിന്റെ മുന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റീനോ പെരേസ് അധിക്ഷേപിക്കുന്ന ഓഡിയോ ലീക്ക് ആയതായി റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്കയാണ് വിവാദമായ ഓഡിയോയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

2012ല്‍ താരം റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോഴുള്ള ഓഡിയോയാണ് ലീക്കായത്. ശബ്ദശകലത്തില്‍ റൊണാള്‍ഡോയെ ഭ്രാന്തനെന്നും വിഡ്ഢിയെന്നും അപകീര്‍ത്തിപ്പെടുത്തി കൊണ്ടാണ് പെരേസ് സംസാരിക്കുന്നത്. എന്നാല്‍ താരത്തെ അധിക്ഷേപിക്കുന്നതിന്റെ കാരണം ഓഡിയോയില്‍ വ്യക്തമല്ല. സാമ്പത്തികപരമായ കാര്യത്തിന് തര്‍ക്കമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

‘അവനൊരു ഭ്രാന്തനാണ്, ഒരു വിഡ്ഢിയും രോഗിയുമാണ്. നിങ്ങള്‍ കരുതുന്നുണ്ടാകും അവന്‍ നോര്‍മല്‍ ആണെന്ന്. എന്നാല്‍ അങ്ങനെയല്ല. അങ്ങനെയായിരുന്നെങ്കില്‍ അവന്‍ ഈ പരാക്രമങ്ങള്‍ കാട്ടിക്കൂട്ടുമായിരുന്നില്ല. അവന്‍ ചെയ്ത വിഡ്ഢിത്തം ലോകം മുഴുവന്‍ കണ്ടു. അവനെന്ത് കൊണ്ടാണ് ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യുന്നതെന്നാണ് നിങ്ങള്‍ കരുതുന്നത്?’ പെരേസ് ഓഡിയോയില്‍ പറഞ്ഞതായി മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.

ഇതാദ്യമായല്ല റൊണാള്‍ഡോ ബൂട്ടുകെട്ടിയ ക്ലബ്ബ് താരത്തെ പരസ്യമായി അവഹേളിക്കുന്ന സാഹചര്യമുണ്ടാകുന്നത്. 2022-23 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും താരത്തിന് സമാന അനുഭവം ഉണ്ടായിട്ടുണ്ട്. പരിശീലകന്‍ എറിക് ടെന്‍ ഹാഗുമായുണ്ടായ അഭിപ്രായ വ്യത്യാസത്തിന് പിന്നാലെയാണ് താരത്തിന് ക്ലബ്ബ് വിടേണ്ടി വന്നത്.

അതേസമയം, 2009 മുതല്‍ 2018 വരെ ഒമ്പത് സീസണുകളില്‍ റൊണാള്‍ഡോ റയലിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. റയലില്‍ കളിച്ചിരുന്ന കാലയളവില്‍ താരം ക്ലബ്ബ് ലെജന്റ് ആയി പേരെടുത്തിരുന്നു. ലോസ് ബ്ലാങ്കോസിനായി ഇതുവരെ കളിച്ച 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. ഇതിനുപുറമെ 15 ട്രോഫികളും നാസ് ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലുകളും താരം റയല്‍ ജേഴ്‌സിയില്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. 200 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന മൂല്യം നല്‍കി രണ്ട് വര്‍ഷത്തെ കരാറിലാണ് 38കാരനായ താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്. സൗദി ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് റൊണാള്‍ഡോ.

Content Highlights: Florentino Perez blames Cristiano Ronaldo

We use cookies to give you the best possible experience. Learn more