| Wednesday, 4th January 2023, 11:47 pm

അക്ഷയ് കുമാര്‍ മുതല്‍ മോഹന്‍ലാല്‍ വരെ, 2022ല്‍ വീണുപോയ താരങ്ങള്‍ ഇവരാണ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകള്‍ പൊട്ടിക്കുന്നത് ഒരു കലയാണെങ്കില്‍ അതിന് അവാര്‍ഡ് കിട്ടാന്‍ സാധ്യതയുള്ള ചില  താരങ്ങളുണ്ട് ഇന്ത്യയില്‍. 2022ല്‍ ഇറക്കിയ സിനിമകളെല്ലാം ബോക്‌സ് ഓഫിസില്‍ വലിയ പരാജയങ്ങളാക്കിയ താരങ്ങള്‍ അങ്ങ് ബോളിവുഡ് മുതല്‍ ഇങ്ങ് കേരളം വരെയുണ്ട്. അക്ഷയ് കുമാര്‍, ചിരഞ്ജീവി, പൂജ ഹെഗ്്‌ഡെ, മോഹന്‍ലാല്‍, രണ്‍വീര്‍ സിങ്, മഞ്ജു വാര്യര്‍ തുടങ്ങിയവരാണ് ഇക്കൂട്ടത്തില്‍ പ്രമുഖര്‍.

അക്ഷയ്കുമാര്‍

ഇറങ്ങിയ സിനിമകളെല്ലാം പരാജയത്തിന്റെ കൊടുമുടി കയറിയ താരങ്ങളില്‍ ആദ്യം പറയേണ്ട പേര് അക്ഷയ് കുമാറിന്റെയാണ്. ബോളിവുഡ് സിനിമക്ക് തന്നെ വലിയ തിരിച്ചടികള്‍ നേരിട്ട വര്‍ഷമായിരുന്നു, ഈ കഴിഞ്ഞ് പോയത്. പിന്നെ അക്ഷയ്കുമാറിന്റെ കാര്യം പറയണോ. രക്ഷാ ബന്ധന്‍, രാം സേതു, കട്ട്പുട്ടിലി, ബച്ചന്‍ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ് തുടങ്ങിയവയായിരുന്നു താരത്തിന്റെ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകള്‍.

സിനിമയുടെ എണ്ണത്തിന് തുല്യമായ പരാജയങ്ങളും നേടിയെടുക്കാന്‍ അക്ഷയ് കുമാറിന് കഴിഞ്ഞുവെന്ന് നിസംശയം പറയാം. താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രൊപ്പഗണ്ട ടൂളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ആദ്യം എടുത്ത് പറയേണ്ട സിനിമ സാമ്രാട്ട് പൃഥ്വിരാജാണ്.

വലിയ രീതിയില്‍ കൊട്ടിഘോഷിച്ച് വന്ന സിനിമയായിരുന്നു ഇത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണു. രജ്പുത് വംശത്തിലെ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനും മുഹമദ് ഗോറിയും തമ്മിലുള്ള പോരാട്ടം കണിച്ച സിനിമ ചരിത്രത്തെ വളച്ചൊടിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും നേരിട്ടിരുന്നു.

ചിരഞ്ജീവി

അടുത്ത ഉഴം ചിരഞ്ജീവിയുടേതാണ്. ആചാര്യ, ഗോഡ്ഫാദര്‍ എന്നിവയാണ് ചിരഞ്ജീവിയുടേതായി ഇ വര്‍ഷം തിയേറ്ററിലെത്തിയ സിനിമകള്‍. തിയേറ്ററിലെത്തുക മാത്രമല്ല നല്ല ഒന്നാന്തരം തോല്‍വികളും ഏറ്റുവാങ്ങി. നൂറ് കോടിയിലധികം മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ സിനിമയാണ് ആചാര്യ. പൂജ ഹെഗ്‌ഡെ നായകയായെത്തിയ സിനിമക്ക് നൂറ് കോടി പോലും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ഒരു ബോക്‌സ് ഓഫീസ് സത്യം.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറാണ് ചിരഞ്ജീവി പൊട്ടിച്ച് കയ്യില്‍ തന്ന മറ്റൊരു സിനിമ. സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തിയ സിനിമ എന്ന പ്രത്യേകതയും സിനിമക്കുണ്ടായിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം തെലുങ്ക് പ്രേക്ഷകര്‍ നിര്‍ദാക്ഷണ്യം ചിരഞ്ജീവിയെ തിയേറ്ററില്‍ കയ്യൊഴിഞ്ഞു. നൂറ് കോടി മുടക്കി നിര്‍മിച്ച സിനിമക്ക് വെറും അമ്പത്തിയാറ് കോടി മാത്രമാണ് തിരിച്ച് കിട്ടിയത്.

പൂജ ഹെഗ്‌ഡെ

2022ല്‍ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട മറ്റൊരു താരമാണ് പൂജ ഹെഗ്‌ഡെ. അഭിനയിച്ച സിനിമകളെല്ലാം അത്രമേല്‍ തോല്‍വികളാവുക എന്നത് ചെറിയ കാര്യമല്ല. പ്രഭാസ് നായകനായെത്തിയ രാധേ ശ്യമാണ് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ താരത്തിന്റെ ആദ്യ സിനിമ. ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയമായതിന് പുറമെ ഒരു തരത്തിലും പ്രേക്ഷകന് സംതൃപ്തി നല്‍കാന്‍ ആ സിനിമക്ക് കഴിഞ്ഞില്ല.

350 കോടി മുതല്‍ മുടക്കില്‍ പുറത്തിറക്കിയ സിനിമക്ക് 200 കോടിക്ക് താഴെ മാത്രമാണ് കളക്ഷന്‍ നേടാന്‍ കഴിഞ്ഞത്. തെന്നിന്ത്യന്‍ സിനിമാ പ്രേമികളെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയ ബീസ്റ്റ് എന്ന സിനിമയിലും നായിക പൂജ ഹെഗ്‌ഡെ തന്നെയായിരുന്നു. ബീസ്റ്റിലേക്ക് വരുമ്പോള്‍ കുറച്ച് ആശ്വാസം നല്‍കുന്നത് അതിന്റെ കളക്ഷന്‍ തന്നെയാണ്. ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷന്‍ നേടാന്‍ സിനിമക്ക് കഴിഞ്ഞിരുന്നു.

വലിയ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരുന്ന സിനിമയാണ് വിജയ് യുടെ ബീസ്റ്റ്. എന്നാല്‍ ആരാധകരെയും മറ്റ് സിനിമാ പ്രേമികളെയും ബീസ്റ്റ് പൂര്‍ണമായി പരാജയപ്പെടുത്തി. സര്‍ക്കസ്, ഫണ്‍ ആന്ഡ് ഫ്രസ്‌ട്രേഷന്‍ എന്നീ സിനിമകളാണ് താരത്തിന്റെ മറ്റ് പരാജയ ചിത്രങ്ങള്‍.

മോഹന്‍ലാല്‍

ഇനി മലയാളത്തിലേക്ക് വന്നാല്‍ ആദ്യം പറയേണ്ട പേര് മോഹന്‍ലാലിന്റെ തന്നെയാണ്. ആറാട്ട്, മോണ്‍സ്റ്റര്‍ എന്നിവയാണ് തിയേറ്ററില്‍ മുട്ട് മടക്കിയ മോഹന്‍ലാല്‍ സിനിമകള്‍. വമ്പന്‍ ഹൈപ്പില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ സിനിമകള്‍ ഒരു തരത്തിലും പ്രേക്ഷകനെ തൃപ്തിപ്പെടുത്തില്ലെന്ന് മാത്രമല്ല ആവര്‍ത്തന വിരസവുമായിരുന്നു.

പലതിലും സംഭവിച്ചത പഴയെ മോഹന്‍ലാലിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ്. എന്നാല്‍ ആ ശ്രമങ്ങളൊക്കെ അമ്പേ പരാജയപ്പെട്ട് പോകുന്ന കാഴ്ചയും 2022 കണ്ടു. ഈ സിനിമകളെ കുറിച്ചൊക്കെ ഇതിന് മുമ്പും സോഷ്യല്‍ മീഡിയയില്‍ മറ്റും നിരവധി ചര്‍ച്ചകള്‍ ഉണ്ടായത് കൊണ്ട്, വീണ്ടും അതിനെകുറിച്ച് സംസാരിക്കുന്നത് ആവര്‍ത്തന വിരസതയായി പോകും.

മഞ്ജു വാര്യര്‍

തിയേറ്ററില്‍ നിന്നും നിരാശയോടെ മടങ്ങേണ്ടി വന്ന മറ്റൊരു  താരമാണ് മഞ്ജു വാര്യര്‍. താരത്തിന്റേതായി ഈ വര്‍ഷം തിയേറ്ററിലെത്തിയ മേരി ആവാസുനോ, ജാക്ക് ആന്‍ഡ് ജില്‍ എന്നിവയാണ് വമ്പന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയത്. പതിഞ്ഞ താളത്തില്‍ കഥ പറഞ്ഞ് പോകുന്ന സിനിമ സാധരണ പ്രേക്ഷകന് ഒരു തരത്തിലും കണ്ക്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.ഏതെങ്കിലും ഒരു തരത്തില്‍ പ്രേക്ഷകനെ സിനിമയിലേക്ക് ആകര്‍ഷിക്കുന്നുണ്ടെങ്കില്‍ അത് ജയസൂര്യയുടെ ആഭിനയ മികവ് കൊണ്ടുമാത്രമാണ്.

സന്തോഷ് ശുവന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ജാക്ക് ആന്‍ഡ് ജില്‍. അനന്തഭദ്രം ആഗ്രഹിച്ച് പോയ പ്രേക്ഷകന് കിട്ടിയത് മോശം പ്രകടനവും ഒരു മുന്നൊരുക്കവുമില്ലാത്ത കഥാ അവതരണവുമൊക്കെയാണ്. മഞ്ജു വാര്യരുടെയും സൗബിന്റെയും പ്രകടനത്തിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

content highlight: flop movies of industrial stars in 2022

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്