പ്രതീക്ഷകളുടെ കൊടുമുടിയില്‍ പ്രേക്ഷകരെ എത്തിച്ചിട്ട് പരാജയത്തിലേക്ക് കൂപ്പുകുത്തിയ നിരവധി സിനിമകളായിരുന്നു 2022ല്‍ പുറത്തിറങ്ങിയത്. വലിയ താരങ്ങളുടെ വരെ സിനിമ ഈ വര്‍ഷം പരാജയത്തിന്റെ രുചിയറിഞ്ഞിട്ടുണ്ട്.
വലിയ ബാനറുകളില്‍ പുറത്തിറങ്ങിയ സിനിമകള്‍ വരെ ഇത്തരത്തില്‍ വമ്പന്‍ പരാജയമായി മാറിയിരുന്നു എന്നതും 2022ന്റെ കാഴ്ചയാണ്.
ആറാട്ട്
ഇക്കൂട്ടത്തില്‍ ആദ്യം പറയേണ്ട സിനിമയാണ് മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട്. തിയേറ്ററുകളില്‍ ആറാട്ട് ഉത്സവം നടക്കുമെന്ന പ്രതീക്ഷയില്‍ ടിക്കറ്റെടുത്ത എല്ലാവര്‍ക്കും നിരാശയാണ് സിനിമ സമ്മാനിച്ചത്.
പഴയ മോഹന്‍ലാലിനെ തിരികെ തരാം എന്ന പഴയ പല്ലവിയുമായാണ് ആറാട്ടിനെ മോഹന്‍ലാല്‍ ആരാധകരുടെ മുമ്പിലേക്ക് ബി. ഉണ്ണികൃഷ്ണന്‍ തുറന്നുവെച്ചത്. എന്നാല്‍ പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞു.
ലാലേട്ടന്‍ വരുമ്പോള്‍ ഭംഗികൂടുന്ന ചില ഫ്രെയിമുകള്‍ നമുക്ക് ആറാട്ടില്‍ കാണാന്‍ കഴിയും. രക്ഷകനായെത്തുന്ന നായകനും ആഢ്യത്വം നിറഞ്ഞു നില്‍ക്കുന്ന തറവാടും അതിന് കയ്യടിക്കുന്ന നാട്ടുകാരും ഉള്‍പ്പടെ മാസ് സിനിമകളുടെ പല ചേരുവകള്‍ കൊണ്ടും സമ്പന്നമാക്കി മോഹന്‍ലാലിനെ പൊലിപ്പിച്ചാണ് നമ്മുടെ മുമ്പിലേക്ക് അവതരിപ്പിച്ചത്.
സിനിമയില്‍ വരുന്ന ബാക്കി കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞാല്‍, നാട്ടുകാര്‍ നായകന് മുന്നില്‍ അതീവ വിനയമുള്ളവരോ, പരാജയപ്പെടുന്നവരായിട്ടോ, കലിപ്പുള്ളവരായിട്ടോ ഒക്കെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഏതോ തട്ടുപൊളിപ്പന്‍ തെലുങ്ക് സിനിമ കാണുന്നത് പോലെ മാത്രമെ ആറാട്ട് കണ്ടു തീര്‍ക്കാന്‍ പറ്റുകയുള്ളായിരുന്നു. പൊളിറ്റിക്കലി കറക്റ്റാവാന്‍ വേണ്ടി നടത്തിയ പല പ്രകടനങ്ങളും സിനിമക്ക് ചേരാതെ മുഴച്ച് നിന്നു. ബോഡി ഷേമിങ്ങും, സ്ത്രിവിരുദ്ധതയും പൊളിറ്റിക്കലി കറക്ട് എന്ന ഒറ്റ വാക്കില്‍ ഒതുക്കാന്‍ നോക്കി. പിന്നെ എഡിറ്റിങ് ഒന്നും പഠിക്കാത്തതുകൊണ്ട് കൂടുതലൊന്നും വിമര്‍ശിക്കാന്‍ പറ്റില്ലല്ലോ.
നാരദന്‍
മിന്നല്‍ മുരളി എന്ന പാന്‍ ഇന്ത്യന്‍ സിനിമക്ക് ശേഷം ടൊവിനോ തോമസ് നായകനായെത്തിയ സിനിമയാണ് നാരദന്‍. എന്നാല്‍ മിന്നല്‍ മുരളിയുടെ വിജയം നിലനിര്‍ത്താന്‍ നാരദന് കഴിഞ്ഞില്ല. മിന്നല്‍ മുരളി നേടിയ ഹൈപ്പാണ് നാരദനിലേക്ക് പ്രേക്ഷക ശ്രദ്ധയെത്തിച്ചത്. എന്നാല്‍ സിനിമ തികച്ചും പരാജയമായിരുന്നു എന്നു തന്നെ പറയാം.
മാധ്യമലോകവും അവിടെ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധിയുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലമായി വരുന്നത്. എന്നാല്‍ അവതരണവും വിഷയം കൈകാര്യം ചെയ്ത രീതിയുമാണ് ഈ ആഷിഖ് അബു സിനിമയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. ടൊവിനോ എന്ന നടന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് തന്നെ പറയാം.
മലയന്‍കുഞ്ഞ്
തിയേറ്ററില്‍ പരാജയമായ മറ്റൊരു മലയാള സിനിമയാണ് ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞ്. വലിയ ബാനറില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു മലയന്‍കഞ്ഞ്. സംവിധായകന്‍ ഫാസിലായിരുന്നു ചിത്രം നിര്‍മിച്ചിരുന്നത്. അതിനുമപ്പുറത്തേക്ക് യോദ്ധാ സിനിമക്ക് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തിലേക്ക് വീണ്ടും വരുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മ്യൂസിക്കിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ഒരു ഇടവേളക്ക് ശേഷം ഫഹദ് മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തിയ സിനിമയായിരുന്നു മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്റെ തിരക്കഥയും എ.ആര്‍.റഹ്മാന്റെ സംഗീതവുമൊക്ക പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്തുയരാന്‍ സിനിമക്ക് സാധിച്ചില്ല.
ജാക്ക് ആന്ഡ് ജില്‍
2022ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ പ്രേക്ഷകന് ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത സിനിമയായിരുന്നു സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്ല്. 2022ല്‍ റിലീസാകേണ്ട സിനിമയായിരുന്നില്ല. അവിടുന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയിരുന്നെങ്കിലെന്ന് തോന്നിപ്പോകുന്ന ഒരു സിനിമയാണത്.
മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, നെടുമുടി വേണു അങ്ങനെ വലിയൊരു താരനിര തന്നെ ആ സിനിമയിലുണ്ടായിരുന്നു. അച്ഛന്റെ സ്വപ്‌നം സാധ്യമാക്കാന്‍ വിദേശത്ത് നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിനെ കളറടിച്ച് നാട്ടില്‍ കൊണ്ട് വരുന്നതാണ് സിനിമയുടെ പശ്ചാത്തലം. എന്നാല്‍ പല ചോദ്യങ്ങളാണ് സിനിമ ബാക്കിവെച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റസിജെന്‍സ് എന്ന സംഭവത്തെ ഒരു തരത്തിലും പഠനത്തിന് വിധേയമാക്കാതെ ചെയ്ത സിനിമയാണിതെന്ന് ഉറപ്പാണ്. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികള്‍ക്ക് വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് എന്താണെന്ന് ഒരു ധാരണയുണ്ടാകും. അവിടേക്കാണ് ഇത്തരത്തിലൊരു സിനിമയുമായി സന്തോഷ് ശിവന്‍ എത്തുന്നത്. ഇത് തന്നെയാണ് സിനിമയുടെ പരാജയത്തിന്റെ പ്രധാന കാരണവും. മഞ്ജു വാര്യരുടെയും സൗബിന്റെയും പ്രകടനങ്ങളും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
അനന്തഭദ്രം പോലെയൊരു സിനിമ മലയാളത്തിന് സമ്മാനിച്ച ഒരു സംവിധായകനില്‍ നിന്നും വലുതെന്തോ പ്രതീക്ഷിച്ച് പോയ പ്രേക്ഷകര്‍ തികച്ചും നിരാശരായി മടങ്ങേണ്ടി വന്നു.
മകള്‍
ഈ ലിസ്റ്റിലേക്ക് എടുത്ത് പറയേണ്ട് മറ്റൊരു സിനിമയാണ് സത്യന്‍ അന്തിക്കാടിന്റെ മകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മീര ജാസ്മിന്‍ സിനിമയിലേക്ക് വീണ്ടും തിരികെ വരുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ടായിരുന്നു. എന്നാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രക്ഷകരെ കബളിപ്പിക്കാനുള്ള ശ്രമമാണ് സത്യന്‍ അന്തിക്കാട് ജയറാം കൂട്ട്‌കെട്ട് നടത്തിയത്.
യഥാര്‍ത്ഥത്തില്‍ സിനിമ കൈകാര്യം ചെയ്തത് വളരെ റെലവെന്റായ ഒരു വിഷയമായിരുന്നു. എന്നാല്‍ ആദ്യ പകുതിക്ക് ശേഷം പാളിപ്പോയ തിരക്കഥ സിനിമയെ പൂര്‍ണമായി തകര്‍ത്തു കളഞ്ഞു. ആദ്യ പകുതിക്ക് ശേഷം അതുമായി ഒരു ബന്ധവുമില്ലാത്ത രണ്ടാം പകുതി സിനിമയുടെ ഒഴുക്കിനെ തന്നെ ബാധിച്ചു.
ഗോള്‍ഡ്
പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ഈ ഡിസംബറില്‍ പുറത്തിറങ്ങിയ സിനിമയാണ് അല്‍ഫോണ്‌സ് പുത്രന്റെ ഗോള്‍ഡ്. ഏഴ് വര്‍ഷത്തിനുശേഷം അല്‍ഫോണ്‍സ് പുത്രന്‍ വീണ്ടും വരുന്നു എന്ന പ്രത്യേകതയും പ്രേക്ഷകന്റെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. അതിനോടൊപ്പം തന്നെ പൃഥ്വിരാജ, നയന്‍താര എന്നിവര്‍ ഒരുമിച്ച് സ്‌ക്രീനിലെത്തുന്നു എന്നതും ആളുകളെ തിയേറ്ററിലെത്തിച്ചതിന്റെ പ്രധാന കാരണമാണ്.
എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി സിനിമ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയില്ല. അല്‍ഫോണ്‍സ് മാജിക് പ്രതീക്ഷിച്ച് പോയവര്‍ക്ക് നിരാശ മാത്രമായിരുന്നു ബാക്കി. എന്നാല്‍ നയന്‍താരയെ പോലെ ഒരു താരത്തെ കൊണ്ടുവന്ന് ഒന്നും ചെയ്യാനില്ലാതെ ഒതുക്കി കളഞ്ഞതിനെതിരെയും, സിനിമയുടെ ക്ലൈമാക്‌സിന് എതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. സിനിമയുടെ പരാജയവും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിരുന്നു. എന്തിരുന്നാലും ബോക്‌സോഫിസില്‍ ആദ്യ ദിവസംകൊണ്ട് തന്നെ വലിയ കളക്ഷന്‍ നേടാന്‍ ഗോള്‍ഡിന് കഴിഞ്ഞു.
content highlight: flop malayam movies in 2022