| Tuesday, 15th November 2022, 8:17 am

ഇവര്‍ ടൂര്‍ണമെന്റിലെ തോല്‍വികള്‍; മോശം ടീമില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍; ഇതാ ഫ്‌ളോപ് ഇലവന്‍ ഓഫ് ദി ടൂര്‍ണമെന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

മറ്റൊരു ടി-20 ലോകകപ്പ് കൂടി അവസാനിച്ചിരിക്കുകയാണ്. ഫൈനലില്‍ പാകിസ്ഥാനെ തറപറ്റിച്ച് ജോസ് ബട്‌ലറിന്റെ നേതൃത്വത്തിലിറങ്ങിയ ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായി. 2010ന് ശേഷം ഒരിക്കല്‍ക്കൂടി ടി-20 കിരീടത്തില്‍ മുത്തമിടാനും വെസ്റ്റ് ഇന്‍ഡീസിന് ശേഷം കിരീടനേട്ടം ആവര്‍ത്തിക്കുന്ന ടീം ആകാനും ഇംഗ്ലണ്ടിനായി.

പല താരങ്ങളുടെയും ഉയര്‍ച്ചക്കും തിരിച്ചുവരവിനും കാരണമായ ടൂര്‍ണമെന്റായിരുന്നു ഇത്. മോശം ഫോമില്‍ ഉഴറിയിരുന്ന വിരാടിനെ ഫോമിന്റെ പാരമ്യത്തിലേക്കുയരാന്‍ സഹായിച്ചതും സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ മോസ്റ്റ് ഡിപ്പന്‍ഡബിള്‍ ബാറ്ററായി വീണ്ടും അടയാളപ്പെടുത്താനും ഈ ടൂര്‍ണമെന്റിന് സാധിച്ചു.

ഇതിന് സമാനമായ പല താരങ്ങളുടെ പതനത്തിനും ഓസ്‌ട്രേലിയയിലെ ഗ്രൗണ്ടുകള്‍ സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, പാക് നായകന്‍ ബാബര്‍ അസം, പ്രോട്ടീസ് നായകന്‍ തെംബ ബാവുമ അടക്കമുള്ള താരങ്ങള്‍ ഇത്തരത്തില്‍ നിരാശരാക്കിയവരില്‍ പ്രധാനികളാണ്.

ഇത്തരത്തില്‍ മോശം താരങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ടൂര്‍ണമെന്റിലെ ഫ്‌ളോപ് ഇലവനെ പരിശോധിക്കാം.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുമാണ് ഫ്‌ളോപ് ഇലവന്റെ ഓപ്പണര്‍മാര്‍. ആറ് മത്സരത്തില്‍ നിന്നും 19.3 ശരാശരിയില്‍ 116 റണ്‍സ് നേടിയ രോഹിത് ശര്‍മയും നാല് കളിയില്‍ നിന്നും 11 ശരാശരിയില്‍ 44 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും തന്നെയാണ് ടൂര്‍ണമെന്റില്‍ ഏറ്റവും മോശമാക്കിയ ഓപ്പണര്‍മാരില്‍ പ്രധാനികള്‍.

ടൂര്‍ണമെന്റില്‍ പരാജയമായ മറ്റൊരു സൂപ്പര്‍ താരമാണ് മൂന്നാം നമ്പറില്‍ ഇടം പിടിച്ചിരിക്കുന്നത്. പാക് നായകന്‍ ബാബര്‍ അസമാണ് ഫ്‌ളോപ് ഇലവനില്‍ ഇടം നേടിയ രണ്ടാമത് ക്യാപ്റ്റന്‍. ഏഴ് മത്സരത്തില്‍ നിന്നും 93.3 സ്‌ട്രൈക്ക് റേറ്റില്‍ 124 റണ്‍സാണ് താരം നേടിയത്.

ഡിഫന്‍ഡിങ് ചാമ്പ്യന്‍സായിരുന്ന ഓസ്‌ട്രേലിയ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന ഒരു സൂപ്പര്‍ താരവും ടൂര്‍ണമെന്റില്‍ പരാജയമായിരുന്നു. നാല് മത്സരത്തില്‍ നിന്നും 26.50 ശരാശരിയില്‍ 106 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ഇലവനിലെ അടുത്ത താരം.

ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടില്‍ നിന്നുമാണ് ഫ്‌ളോപ് ഇലവനിലെ അടുത്ത താരം. അഞ്ച് മത്സരത്തില്‍ നിന്നും 96.6 സ്‌ട്രൈക്ക് റേറ്റിലും 11.2 ശരാശരിയിലും വെറും 56 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് ചാമ്പ്യന്‍മാരുടെ സംഭാവനയായി ഫ്‌ളോപ് ഇലവനിലേക്കെത്തിയത്.

ഫ്‌ളോപ് ഇലവന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇന്ത്യന്‍ വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക് തന്നെയാണ്. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ഒരുപോലെ പരാജമായ കാര്‍ത്തിക് നാല് മത്സരത്തില്‍ നിന്നും വെറും 4.66 ശരാശരിയില്‍ 14 റണ്‍സ് മാത്രമാണ് നേടിയത്.

ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേലും ഫ്‌ളോപ് ഇലവന്റെ ഭാഗമാകാന്‍ സര്‍വധാ യോഗ്യനാണ്. ഓള്‍ റൗണ്ടറുടെ റോളിലെത്തി ബാറ്റിങ്ങില്‍ വെറും ഒമ്പത് റണ്‍സും ബൗളിങ്ങില്‍ 13 ഓവര്‍ എറിഞ്ഞ് മൂന്ന് വിക്കറ്റും മാത്രമാണ് താരം സ്വന്തമാക്കിയത്.

ടൂര്‍ണമെന്റില്‍ ഏറ്റവും മോശം ബൗളിങ് പുറത്തെടുത്ത താരങ്ങള്‍ തന്നെയാണ് ഫ്‌ളോപ് ഇലവന്റെ ഭാഗമായിരിക്കുന്നത്. ഓസീസ് സൂപ്പര്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, സൗത്ത് ആഫ്രിക്ക താരം കഗീസോ റബാദ, ന്യൂസിലാന്‍ഡ് താരം ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് ടൂര്‍ണമെന്റിലെ മോശം ഇലവന്റെ ബൗളര്‍മാര്‍.

ഫ്‌ളോപ് ഇലവന്‍ ഓഫ് ദി ടൂര്‍ണമെന്റ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)

ഡേവിഡ് വാര്‍ണര്‍

ബാബര്‍ അസം

മിച്ചല്‍ മാര്‍ഷ്

ഹാരി ബ്രൂക്ക്

ദിനേഷ് കാര്‍ത്തിക്

അക്‌സര്‍ പട്ടേല്‍

മിച്ചല്‍ സ്റ്റാര്‍ക്ക്

പാറ്റ് കമ്മിന്‍സ്

കഗീസോ റബാദ

ലോക്കി ഫെര്‍ഗൂസന്‍

Content Highlight: Flop Eleven of the tournament

Latest Stories

We use cookies to give you the best possible experience. Learn more