ഐ.പി.എല്ലിന്റെ 16ാം എഡിഷന്‍ ആദ്യ രണ്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ പല മികച്ച മുഹൂര്‍ത്തങ്ങളും ലാസ്റ്റ് ഓവര്‍ ത്രില്ലറുകളും റെക്കോഡ് സെറ്റിങ് പ്രകടനങ്ങളും പിറന്നിട്ടുണ്ട്. ആരാധകരെ ആവേശത്തിലാഴ്ത്തിയ നെയ്ല്‍ ബൈറ്റിങ് ഫിനിഷുകളും ഈ സീസണിന്റെ തുടക്കത്തില്‍ ക്രിക്കറ്റ് ലോകം കണ്ടിരുന്നു.
പല താരങ്ങളും ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ പല താരങ്ങള്‍ക്കും കാലിടറുകയും ചെയ്തിരുന്നു. സീസണിലെ ആദ്യ ആഴ്ചയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പലര്‍ക്കും രണ്ടാം ആഴ്ചയില്‍ പ്രകടനം മികച്ചതാക്കാന്‍ സാധിച്ചിരുന്നില്ല. അത്തരത്തില്‍ ഐ.പി.എല്‍ 2023ലെ രണ്ടാം ആഴ്ചയില്‍ മോശം പ്രകടനം കാഴ്ചവെച്ച താരങ്ങളെ ഉള്‍പ്പെടുത്തിയ ഇലവന്‍ പരിശോധിക്കാം.
ഓപ്പണര്‍മാര്‍: പൃഥ്വി ഷാ, പ്രഭ്‌സിമ്രാന്‍ സിങ്
ഈ സീസണില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന താരമാണ് പൃഥ്വി ഷാ. രാജസ്ഥാനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ താരം മുംബൈക്കെതിരെ പത്ത് പന്തില്‍ നിന്നും 15 റണ്‍സാണ് നേടിയത്. അതേസമയം, പ്രഭ്‌സിമ്രാനാകട്ടെ, ഈ ആഴ്ചയില്‍ കളിച്ച രണ്ട് മത്സരത്തിലും പൂജ്യനായിട്ടായിരുന്നു മടങ്ങിയത്. രാജസ്ഥാനെതിരെ വെടിക്കെട്ട് നടത്തിയ ശേഷമായിരുന്നു താരം പരാജയമായത്.
മിഡില്‍ ഓര്‍ഡര്‍: സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റോവ്മന്‍ പവല്‍
രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണാണ് ഈ ആഴ്ചയിലെ ഫ്‌ളോപ് ഇലവന്റെ നായകന്‍. ഈ ആഴ്ചയില്‍ കളിച്ച രണ്ട് മത്സരത്തിലും സഞ്ജു പൂജ്യത്തിനായിരുന്നു പുറത്തായത്. ആദ്യ രണ്ട് മത്സരത്തിലും തകര്‍ത്തടിച്ച സഞ്ജു ശേഷമുള്ള രണ്ടിലും പരാജയമായി.
സീസണില്‍ മോശം പ്രകടനം തുടരുന്ന സ്‌കൈ കഴിഞ്ഞ ആഴ്ചയിലെ രണ്ട് മത്സരത്തില്‍ നിന്നും ഒറ്റ റണ്‍സാണ് നേടിയത്. ചെന്നൈക്കെതിരായ മത്സരത്തില്‍ ഒറ്റ റണ്‍സ് നേടിയ സ്‌കൈ, ദല്‍ഹിക്കെതിരെ ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്.
സീസണില്‍ റോവ്മന്‍ പവലിന്റെ മോശം സമയം തുടരുകയാണ്. രാജസ്ഥാനെതിരായ മത്സരത്തില്‍ രണ്ട് റണ്‍സിന് പുറത്തായ പവല്‍ മുംബൈക്കെതിരായ മത്സരത്തില്‍ നാല് പന്തില്‍ നിന്നും നാല് റണ്‍സ് നേടി നില്‍ക്കവെ പീയൂഷ് ചൗളയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടങ്ങിയാണ് മടങ്ങിയത്.
ഓള്‍ റൗണ്ടര്‍മാര്‍: ക്രുണാല്‍ പാണ്ഡ്യ, ഷര്‍ദുല്‍ താക്കൂര്‍
ആദ്യ ആഴ്ചയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിന്റെ ലോര്‍ഡായിരുന്ന താക്കൂര്‍, കഴിഞ്ഞ ആഴ്ച നടന്ന രണ്ട് മത്സരത്തിലും പരാജയപ്പെട്ടിരന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ സണ്‍റൈസേഴ്‌സിനെതിരെ ഏഴ് പന്തില്‍ നിന്നും 12 റണ്‍സാണ് നേടിയത്. രണ്ട് മത്സരത്തില്‍ നിന്നും 3.5 ഓവര്‍ പന്തെറിഞ്ഞ താരം വഴങ്ങിയത് 54 റണ്‍സാണ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ച ക്രുണാല്‍ തൊട്ടടുത്ത മത്സരത്തില്‍ പരാജയമാവുകയായിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ് 35 റണ്‍സ് വഴങ്ങിയ താരം മത്സരത്തില്‍ സില്‍വര്‍ ഡക്കായിട്ടായിരുന്നു പുറത്തായത്.
ബൗളേഴ്‌സ് : ആദം സാംപ, ലോക്കി ഫെര്‍ഗൂസന്‍, യാഷ് ദയാല്‍, ടി. നടരാജന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലാണ് ആദം സാംപ സീസണില്‍ ആദ്യമായി പന്തെറിഞ്ഞത്. മോയിന്‍ അലിയെ പുറത്താക്കിയെങ്കിലും 43റണ്‍സാണ് വഴങ്ങിയത്. കൊല്‍ക്കത്തയുടെ ലോക്കി ഫെര്‍ഗൂസനാകട്ടെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങിയിരുന്നു. ഐ.പി.എല്‍ 2023ലെ ആദ്യ സെഞ്ച്വറി പിറന്ന മത്സരത്തില്‍ ഹാരി ബ്രൂക്കിന്റെ റാംപെയ്ജില്‍ ഒടുങ്ങാനായിരുന്നു താരത്തിന്റെ വിധി. 37 റണ്‍സാണ് വെറും രണ്ട് ഓവറില്‍ ഫെര്‍ഗൂസന്‍ വഴങ്ങിയത്. രണ്ട് മത്സരത്തിലും വിക്കറ്റൊന്നും ലഭിച്ചതുമില്ല.
കഴിഞ്ഞ ആഴ്ച യാഷ് ദയാല്‍ ഒറ്റ മത്സരമാണ് കളിച്ചത്. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ റിങ്കു സിങ് അവസാന ഓവറില്‍ അടിച്ചുകൂട്ടിയ അഞ്ച് സിക്‌സറടക്കം നാല് ഓവറില്‍ വഴങ്ങിയത് 69 റണ്‍സാണ്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഗുജറാത്തിന്റെ തൊട്ടടുത്ത മത്സരത്തില്‍ താരം ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു.
സണ്‍റൈസേഴ്‌സിന്റെ ടി. നടരാജനെ സംബന്ധിച്ചും കഴിഞ്ഞ ആഴ്ച പരിതാപകരമായിരുന്നു. പഞ്ചാബിനെതിരായ മത്സരത്തില്‍ 40 റണ്‍സ് വഴങ്ങിയ താരം കെ.കെ.ആറിനെതിരെ ഒരു വിക്കറ്റ് നേടി 54 റണ്‍സാണ് വഴങ്ങിയത്.
Content highlight: Flop Eleven of IPL 2023 2nd week