ദിസ്പുര്‍: അസമിലെ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേര്‍ മരിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) റിപ്പാര്‍ട്ട്. 15 ജില്ലകളിലായി നാല് ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്തെ ഒട്ടുമിക്ക നദികളും നിറഞ്ഞൊഴുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ദിസ്പുര്‍, ജോര്‍ഹട്ടിലെ നേമാതിഘട്ട് എന്നിവിടങ്ങളില്‍ ബ്രഹ്മപുത്ര നദിയുടെ ജലനിരപ്പ് അപകട രേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
ഇതുവരെ 1,67,538 സ്ത്രീകളും 53,119 കുട്ടികളും ഉള്‍പ്പെടെ 4,07,771 പേര്‍ക്ക് വെള്ളപ്പൊക്കത്തിന്റെ ആഘാതം ബാധിച്ചിട്ടുണ്ട്.
ബജാലി, ബക്‌സ, ബാര്‍പേട്ട, ചിരാങ്, ദര്‍രംഗ്, ധുബ്രി, ദിബ്രുഗ്ര, ഗോള്‍പാര, ഗോലാഘട്ട്, ജോര്‍ഹട്ട്, കാംരൂപ്, ലഖിംപുര്‍, നാഗോണ്‍, നല്‍ബരി തമുല്‍പുര്‍ എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്.
ബജാലിയില്‍ മാത്രം 2,21,58 പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. നല്‍ബരിയില്‍ 40,068ഉം ലഖിംപുരില്‍ 22,060ഉം ആളുകളാണ് പ്രളയത്തില്‍ ബുദ്ധിമുട്ടുന്നത്.
220 ദുരിതാശ്വാസ ക്യാമ്പുകളിലായി 81,352 പേരെ അധിവസിപ്പിച്ചിട്ടുണ്ട്. ബജാരിയില്‍ 57ഉം നല്‍ബാരിയില്‍ 34ഉം ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങള്‍ അധികാരികള്‍ സ്ഥാപിച്ചിട്ടുണ്ട്.
അസമിലുടനീളം 1,118 ഗ്രാമങ്ങളാണ് വെള്ളത്തിനടിയില്‍ അകപ്പെട്ടത്. 8469.56 ഹെക്ടര്‍ വിളകള്‍ക്ക് നാശം സംഭവിച്ചു. പകല്‍ സമയത്ത് മാത്രം 964 മൃഗങ്ങള്‍ ഒഴുകിപ്പോയി.
ദരാംഗ് ജില്ലയില്‍ നാലും നല്‍ബാരി, ഗോലാഘട്ട്, കാംരൂപ്, ബിശ്വനാഥ് എന്നിവിടങ്ങളിലായി 15 കായലുകള്‍ തകര്‍ന്നിട്ടുണ്ട്. ധുബ്രിയില്‍ ഒരു പാലവും തകര്‍ന്നു.
കനത്ത മഴയെ തുടര്‍ന്ന് കരിംഗഞ്ച ജില്ലയില്‍ ഉരുള്‍പൊട്ടലുമുണ്ടായി.
content highlights: Floods in Assam; Three people died; It is reported that around 400,000 people have been affected