ദിസ്പുര്‍: അസമിലെ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേര്‍ മരിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) റിപ്പാര്‍ട്ട്. 15 ജില്ലകളിലായി നാല് ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്തെ ഒട്ടുമിക്ക നദികളും നിറഞ്ഞൊഴുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
220 ദുരിതാശ്വാസ ക്യാമ്പുകളിലായി 81,352 പേരെ അധിവസിപ്പിച്ചിട്ടുണ്ട്. ബജാരിയില്‍ 57ഉം നല്‍ബാരിയില്‍ 34ഉം ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങള്‍ അധികാരികള്‍ സ്ഥാപിച്ചിട്ടുണ്ട്.
അസമിലുടനീളം 1,118 ഗ്രാമങ്ങളാണ് വെള്ളത്തിനടിയില്‍ അകപ്പെട്ടത്. 8469.56 ഹെക്ടര്‍ വിളകള്‍ക്ക് നാശം സംഭവിച്ചു. പകല്‍ സമയത്ത് മാത്രം 964 മൃഗങ്ങള്‍ ഒഴുകിപ്പോയി.