| Saturday, 6th October 2018, 8:25 am

പ്രളയദുരിതാശ്വാസം; കേരളത്തിനുള്ള വിദേശ സഹായം തടയാന്‍ കേന്ദ്രം പറഞ്ഞ വാദങ്ങള്‍ പച്ചകള്ളമെന്ന് വിവരാവകാശ രേഖകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിനായി യു.എ.ഇ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ പുതിയ നയം ഉണ്ടാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് രേഖകള്‍.

കേന്ദ്രസര്‍ക്കാരിന്റെ അനുവാദത്തോടെ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് സഹായങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് സ്വീകരിക്കാം ഇത്തരത്തില്‍ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നുമുള്ള വിവരാവകാശ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ ഡി.ബി ബിനുവിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.

വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് അഡ്വ: ബിനു ഡൂള്‍ന്യൂസിനോട് പറഞ്ഞു. 2016ലെ ദേശീയ ദുരന്തനിവാരണ നയത്തിലാണ് ഇത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ഉള്ളത്.

നേരത്തെ യു.പി.എ കാലത്തുണ്ടായ നയം തടസമായി ഉയര്‍ത്തിക്കാട്ടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ചത്. വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് യു.പി.എ സര്‍ക്കാരിന്റെ നയം മാറ്റേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ മറുപടി. എന്നാല്‍ ദേശീയ ദുരന്തനിവാരണ നയം കൊണ്ട് വന്നത് 2016ല്‍ ആണെന്നുള്ളത് ഈ വാദം തെറ്റാണെന്നാണ് തെളിയിക്കുകയാണ്.

Also Read അമേരിക്കയ്ക്ക് ഇന്ത്യയുടെ ഇരട്ടപ്രഹരം; റഷ്യയുമായുള്ള കരാറിന് പിന്നാലെ ഇറാനില്‍ നിന്നും എണ്ണയും വാങ്ങുന്നു

നേരത്തെ ഒരു രാജ്യം നേരിട്ട് ഇത്തരത്തില്‍ പണം നല്‍കുന്നത് കീഴ്‌വഴക്കത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിദേശ സഹായം തടഞ്ഞത്. വ്യക്തികള്‍ വഴിയോ എന്‍.ജി.ഒകള്‍ വഴിയോ മാത്രമെ ഇത്തരത്തില്‍ പണം സ്വീകരിക്കാന്‍ കഴിയൂ എന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.

2004 നു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ലെന്നും. 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.

യു.എന്‍ ഉള്‍പ്പെടെ കേരളത്തിന് വാഗ്ദാനം ചെയ്ത സഹായവും കേന്ദ്രം ഇത് പ്രകാരം തടഞ്ഞിരുന്നു. കേരളത്തിന് യു.എ.ഇ, ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ നല്‍കിയ സഹായവും കേന്ദ്രം തടഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more