| Saturday, 9th December 2023, 5:36 pm

ഗസയിലെ തുരങ്കങ്ങൾ വെള്ളപ്പൊക്കത്തിലൂടെ നശിപ്പിക്കാനുള്ള ഇസ്രഈൽ നീക്കം യുദ്ധക്കുറ്റമെന്ന് റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്കോ: ഗസയിലെ ‘ഹമാസിന്റെ തുരങ്കങ്ങൾ’ കടൽ വെള്ളമുപയോഗിച്ച് തകർക്കാൻ ഇസ്രഈൽ പദ്ധതിയിടുന്നുണ്ടെങ്കിൽ അത് വലിയ ക്രൂരതയാണെന്നും യുദ്ധക്കുറ്റമാണെന്നും യു.എന്നിലെ റഷ്യയുടെ ആദ്യ ഡെപ്യൂട്ടി സ്ഥിരാംഗം ദിമിത്രി പൊല്യാൻസ്കി.

യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിലായിരുന്നു ദിമിത്രി തന്റെ നിലപാട് അറിയിച്ചത്.

‘ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രഈൽ വെള്ളപ്പൊക്കത്തിലൂടെ ഗസ മുനമ്പിലെ തുരങ്കങ്ങൾ കടൽവെള്ളം ഉപയോഗിച്ച് തകർക്കാൻ പദ്ധതിയിടുന്നതായ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.

നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കടൽവെള്ളം പമ്പ് ചെയ്യാൻ പൈപ്പുകളും പമ്പുകളുമടങ്ങിയ സിസ്റ്റം ഐ.ഡി.എഫ് സജ്ജീകരിച്ചിട്ടുണ്ട്. ഇപ്പോൾ യു.എസുമായി അവർ വെള്ളപ്പൊക്കം സൃഷ്ടിക്കുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്നതായാണ് വിവരം,’ പൊല്യാൻസ്കി പറഞ്ഞു.
കടൽവെള്ളം ഗസയിലെ കുടിവെള്ളം മലിനമാക്കുമെന്നും പ്രദേശം വാസയോഗ്യമല്ലാതാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രഈൽ സേന ഗസയിൽ ആക്രമണങ്ങൾ പുനരാരംഭിച്ചതിന് പിന്നാലെ ഫലസ്തീനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായ സാഹചര്യത്തിൽ ചൈന, റഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ അടിയന്തര സെഷൻ നടത്താൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അക്രമകാരികൾ പ്രളയത്തിൽ നശിച്ചുവെന്ന ഖുർആൻ വാക്യങ്ങൾ അടങ്ങിയ ലഘുലേഖകൾ ഇസ്രഈലി ഹെലികോപ്റ്ററുകൾ ഗസയിൽ വിതരണം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളപ്പൊക്കത്തിലൂടെ ഗസയിലെ തുരങ്കങ്ങൾ നശിപ്പിക്കുവാൻ ഇസ്രഈൽ പദ്ധതിയിടുന്നതായി ചർച്ചകൾ വ്യാപകമായത്.

CONTENT HIGHLIGHT: Flooding Gaza would be war crime – Russia

We use cookies to give you the best possible experience. Learn more